പ്രതികൾക്കെതിരെ ഐപിസി 409 പ്രകാരം കുറ്റം ചുമത്തി വിചാരണ പൂർത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതിയിലെ ഹർജിയിലെ ആവശ്യം.
കൊച്ചി: മുന്‍ മന്ത്രിയും നിലവിലെ എംഎല്‍എമായ ആന്‍റണി രാജു പ്രതിയായ തൊണ്ടി മുതൽ തിരിമറിക്കേസിൽ പ്രതികൾക്കെതിരെ കുടുതൽ വകുപ്പുകൾ ചുമത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. ഇന്ത്യൻ പീനൽ കോഡിലെ നാനൂറ്റി ഒൻപതാം വകുപ്പ് പ്രകാരമുളള പൊതുസേവകർ ഉൾപ്പെട്ട വഞ്ചനാക്കേസുകൂടി ഉൾപ്പെടുത്താനാണ് നിർദേശം. ഗൂഡാലോചന, വഞ്ചന, തെളിവുകൾ അപ്രത്യക്ഷമാക്കൽ, തെറ്റായ തെളിവുകൾ കെട്ടിച്ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് നിലവിൽ പ്രതികൾക്കെതിരെ നെടുമങ്ങാട് കോടതിയിൽ വിചാരണ നടന്നത്. ഐപിസി 409-ാം വകുപ്പ് കൂടി ചുമത്തുന്നതോടെ സാധാരണ ക്രിമിനൽ വിശ്വാസ വഞ്ചനേയേക്കാൾ ഗൗരവം കേസിന് കൈവരും. പ്രതികൾക്ക് ജീവപരന്ത്യം ശിക്ഷവരെ കിട്ടാവുന്ന കുറ്റമായി കേസ് മാറും. നവംബർ ഇരുപതിനകം കേസിന്‍റെ വിചാരണ പൂർത്തിയാക്കണമെന്ന് നേരത്തെ സുപ്രീംകോടതി നിർദേശിച്ചിരുന്നു.
ലഹരിമരുന്ന് കേസിൽ പ്രതിയായ വിദേശിയെ രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രം കോടതിയിൽ നിന്ന് മാറ്റിയെന്നാണ് ആന്‍റണി രാജുവിനെതിരായ കേസ്. 1990 ൽ തിരുവനന്തപുരം വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച രണ്ട് പാക്കറ്റ് ചരസുമായി ഓസ്ട്രേലിയൻ പൗരൻ പിടിയിലായിരുന്നു. ഈ കേസിലെ പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടത് കോടതി കസ്റ്റഡിയിലിരുന്ന തൊണ്ടി മുതലായ അടിവസ്ത്രത്തിൽ ക്രിത്രിമം കാണിച്ചതിനെ തുടർന്നാണെന്നാണ് കണ്ടെത്തൽ. തിരുവനന്തപുരം ബാറിലെ അഭിഭാഷകനായിരിക്കെ ആന്‍റണി രാജു കോടതി ക്ലർക്കിന്‍റെ സഹായത്തോടെയാണ് അടിവസ്ത്രം മാറ്റിയതാണെന്നാണ് കേസ്. കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു.


