2023 സെപ്തംബര്‍ മാസത്തെ കണക്ക് പ്രകാരം എം.പി, എം.എല്‍.എമാര്‍ 56 പ്രാവശ്യം നിയമലംഘനം നടത്തിയതായി കണ്ടെത്തിയെന്നും മന്ത്രി.

തിരുവനന്തപുരം: എ.ഐ ക്യാമറ സ്ഥാപിച്ചതിനെ തുടര്‍ന്ന് റോഡ് അപകടങ്ങളെക്കുറിച്ച് നിയമസഭയിലും ഹൈക്കോടതിയിലും സമര്‍പ്പിച്ച കണക്കിലും പൊലീസ് കണക്കിലും വ്യത്യാസമില്ലെന്ന് മന്ത്രി ആന്റണി രാജു. കണക്കുകളില്‍ വ്യത്യാസമുണ്ടെന്ന പ്രസ്താവന പ്രതിപക്ഷ നേതാവ് പിന്‍വലിച്ച് മാപ്പു പറയണമെന്ന് ആന്റണി രാജു ആവശ്യപ്പെട്ടു. 

'ആഗസ്റ്റ് മാസത്തെ റോഡ് അപകടം സംബന്ധിച്ച്, സെപ്റ്റംബര്‍ ആറിന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്ന കണക്ക്, സെപ്തംബര്‍ അഞ്ചിന് പൊലീസിന്റെ റാപ്പിഡ് സോഫ്റ്റ് വെയറില്‍ നിന്ന് ലഭ്യമായ കണക്ക് പ്രകാരം തന്നെ എന്ന് തെളിയിക്കുന്ന രേഖകള്‍ ലഭ്യമാണ്. 2022 ആഗസ്റ്റ് മാസത്തെയും 2023 ആഗസ്റ്റ് മാസത്തെയും റോഡ് അപകടം, മരണം, മുറിവേറ്റവര്‍ എന്നിവയുടെ എണ്ണം സംബന്ധിച്ച് നിയമസഭയില്‍ സെപ്തംബര്‍ 12ന് ഗതാഗത മന്ത്രിയെന്ന നല്‍കിയ മറുപടി ശരിവയ്ക്കുന്ന സെപ്തംബര്‍ 11ലെ പൊലീസിന്റെ റാപ്പിഡ് സോഫ്റ്റ് വെയറില്‍ നിന്ന് ലഭ്യമായ രേഖയും ലഭ്യമാണ്.' റോഡ് അപകടങ്ങളില്‍ ഗുരുതരമായി പരിക്ക് പറ്റിയവര്‍ ഐസിയുവിലും വെന്റിലേറ്ററിലും ചികിത്സയില്‍ കഴിയുന്നതിനാല്‍ മരിക്കുന്നവരുടെ എണ്ണത്തില്‍ ആദ്യം കിട്ടുന്ന കണക്ക് വളരെ കുറവാണെങ്കിലും വ്യത്യാസം വരാമെന്നും നിയമസഭയില്‍ കണക്കുകള്‍ വിശദീകരിക്കുമ്പോള്‍ തന്നെ ചൂണ്ടിക്കാണിച്ചിരുന്നെന്ന് മന്ത്രി പറഞ്ഞു.

വസ്തുത ഇതായിരിക്കെ പ്രതിപക്ഷ നേതാവിന്റെ രാഷ്ട്രീയ പ്രേരിതമായ ആരോപണം വസ്തുതാ വിരുദ്ധമായതിനാല്‍ പ്രസ്താവന പിന്‍വലിച്ച് അദ്ദേഹം മാപ്പ് പറയണമെന്ന് ആന്റണി രാജു ആവശ്യപ്പെട്ടു. ജന നന്മയ്ക്കായി ആവിഷ്‌കരിക്കുന്ന നല്ല പദ്ധതികളെ ഇകഴ്ത്തിക്കാട്ടാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് പ്രതിപക്ഷ നേതാവ് നടത്തിയതെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിന്റെ കണക്കു പ്രകാരം കേരളത്തിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെ കാഷ്വാലിറ്റിയില്‍ 2022 ജൂണില്‍ 13,219 റോഡ് അപകടവും 2023 ജൂണില്‍ 12,421 മാണ് റിപ്പോര്‍ട്ട് ചെയ്തത്. 2022 ജൂലൈ മാസം 6608-ഉം 2023 ജൂലൈ മാസം 6088-ഉം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2023 സെപ്തംബര്‍ മാസത്തെ കണക്ക് പ്രകാരം എം.പി, എം.എല്‍.എമാര്‍ 56 പ്രാവശ്യം നിയമലംഘനം നടത്തിയതായി കണ്ടെത്തിയെന്നും മന്ത്രി പറഞ്ഞു.

'യാത്ര സിനിമയെക്കുറിച്ച് എന്‍റെ ഏറ്റവും വലിയ ഖേദം അതാണ്'; വെളിപ്പെടുത്തി സംവിധായകന്‍

YouTube video player