Asianet News MalayalamAsianet News Malayalam

അമ്മയറിയാതെ ദത്ത്: അനുപമയുടെ പരാതികളിൽ പൊലീസിനെ ന്യായീകരിച്ച് സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോർട്ട്

രണ്ടാമത്തെ പരാതിയിൽ കുട്ടിയെ കൊണ്ടുപോയെന്നും രേഖയിൽ ഒപ്പിട്ടെന്നും പറയുന്നുണ്ട്. ആ പരാതിയിലും അനുപമയുടെയും അച്ഛന്റെയും മൊഴിയെടുത്തു

Anupama complaint commissioner justifies Police actions
Author
Thiruvananthapuram, First Published Oct 23, 2021, 6:17 PM IST

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ പൊലീസിനെ ന്യായീകരിച്ച് സിറ്റി പൊലീസ് കമ്മീഷണറുടെ (City Police Commissioner) റിപ്പോർട്ട്. അനുപമയുടെ (Anupama) പരാതികളെല്ലാം പൊലീസ് രജിസ്റ്ററിലുണ്ടെന്ന് ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ വ്യക്തമാക്കുന്നു. കുഞ്ഞിനെ കൈമാറിയതുമായി ബന്ധപ്പെട്ട രേഖകൾ വ്യാജമാണെന്ന് ആദ്യ അന്വേഷണത്തിൽ സംശയമുണ്ടായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

കുട്ടിയെ പ്രസവിച്ച് ആറ് മാസത്തിന് ശേഷമാണ് അനുപമ പരാതി നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. അനുപമ നൽകിയ എല്ലാ പരാതികളും രജിസ്റ്ററിലുണ്ട്. എല്ലാ പരാതികളിലും വാദിയുടെയും പ്രതിയുടെയും മൊഴിയെടുത്തിരുന്നു. ആദ്യ പരാതിയിൽ അച്ഛൻ ചില രേഖകൾ ഒപ്പിട്ടു വാങ്ങിയെന്നും ഇത് വേണമെന്നുമായിരുന്നു പരാതി. ഇതിൽ കുട്ടിയെ കുറിച്ച് പറയുന്നില്ല. ഏപ്രിൽ മാസത്തിൽ നൽകിയ പരാതിയിൽ അച്ഛന്റെ മൊഴിയെടുത്ത ശേഷം തുടർ നടപടി അവസാനിച്ചതിന് പിന്നാലെയാണ് അനുപമ രണ്ടാമത്തെ പരാതി നൽകിയത്. അതിലാണ് കുട്ടിയെ കുറിച്ച് പറയുന്നതെന്നും കമ്മീഷണറുടെ റിപ്പോർട്ടിലുണ്ട്.

രണ്ടാമത്തെ പരാതിയിൽ കുട്ടിയെ കൊണ്ടുപോയെന്നും രേഖയിൽ ഒപ്പിട്ടെന്നും പറയുന്നുണ്ട്. ആ പരാതിയിലും അനുപമയുടെയും അച്ഛന്റെയും മൊഴിയെടുത്തു. കുഞ്ഞിനെ കൈമാറിയ രേഖയിൽ ഒപ്പിട്ട നോട്ടറി, സാക്ഷികൾ എന്നിവരുടെ മൊഴിയും എടുത്തുവെന്ന് കമ്മീഷണർ പറയുന്നു. കുട്ടിക്ക് വേണ്ടി കോടതിയെ സമീപിക്കണമെന്ന് അനുപമയോട് നിർദേശിക്കുകയും ചെയ്തുവെന്നും രേഖകൾ വ്യാജമാണെന്ന് അന്വേഷണത്തിൽ സംശയമുണ്ടായില്ലെന്നും ബൽറാം കുമാർ ഉപാധ്യായ പറയുന്നു.

Follow Us:
Download App:
  • android
  • ios