Asianet News MalayalamAsianet News Malayalam

Anupama Child Missing case|ഹേബിയസ് കോർപ്പസ് ഹർജി അനുപമ പിൻവലിച്ചു; ദത്ത് കേസിൽ അഞ്ച് പ്രതികൾക്ക് മുൻകൂർ ജാമ്യം

കുഞ്ഞിനെ കസ്റ്റഡിയിലെടുത്ത് ഹാജരാക്കണമെന്നാവശ്യപ്പെട്ടാണ് അനുപമ കോടതിയെ സമീപിച്ചത്. എന്നാൽ കുടുംബകോടതിയിൽ കേസ് നിലനിൽക്കുന്നതിനാലാണ് ഹർജി ഫയലിൽ സ്വീകരിക്കാൻ ഹൈക്കോടതി വിസമ്മതിച്ചു.

Anupama withdraws habeas corpus petition in  Child missing case
Author
Kochi, First Published Nov 2, 2021, 7:29 PM IST
  • Facebook
  • Twitter
  • Whatsapp

കൊച്ചി: തിരുവനന്തപുരത്തെ (Thiruvananthapuram) ദത്തുവിവാദത്തിൽ (Child Adoption Case) ഹൈക്കോടതിയിൽ (Kerala High Court) സമർപ്പിച്ച അനുപമയുടെ (Anupama) ഹർജി പിൻവലിച്ചു. ഹേബിയസ് കോർപ്പസ് (Haebeus Corpus) ഹർജിയാണ് പിൻവലിച്ചത്. കുഞ്ഞിനെ കസ്റ്റഡിയിലെടുത്ത് ഹാജരാക്കണമെന്നാവശ്യപ്പെട്ടാണ് അനുപമ കോടതിയെ സമീപിച്ചത്. എന്നാൽ കുടുംബകോടതിയിൽ കേസ് നിലനിൽക്കുന്നതിനാലാണ് ഹർജി ഫയലിൽ സ്വീകരിക്കാൻ ഹൈക്കോടതി വിസമ്മതിച്ചു. ഹർജി പിൻവലിച്ചില്ലെങ്കിൽ തള്ളുമെന്ന് കോടതി അറിയിച്ച സാഹചര്യത്തിലാണ് അനുപമ ഹേബിയസ് കോർപ്പസ് പിൻവലിച്ചത്. 

കുഞ്ഞ് നിയമവിരുദ്ധ കസ്റ്റഡിയിലെന്ന് നിലവിൽ പറയാനാകില്ലെന്നും കോടതി പറഞ്ഞു. കേസ് നാളത്തേക്ക് ഹൈക്കോടതി മാറ്റുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഹർജി പിൻവലിച്ചത്. കുഞ്ഞിനെ നഷ്ടപ്പെട്ടെന്ന പരാതിയിൽ 2021 ഒക്ടോബർ 18-ന് മാത്രമാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. കുഞ്ഞിനെ കണ്ടെത്തി കസ്റ്റഡിയിലെടുത്ത് ഹാജരാക്കി തനിക്ക് കൈമാറണമെന്നാണ് ഹർജിയിൽ അനുപമയുടെ ആവശ്യം. ഇത് ഹൈക്കോടതി അംഗീകരിച്ചില്ല..

കുടുംബകോടതിയുടെ പരിഗണനയിൽ ആയതുകൊണ്ട് ഈ കേസിൽ സത്വര ഇടപെടലിലേക്കോ നടപടിയിലേക്കോ ഹൈക്കോടതി കടക്കേണ്ട കാര്യമില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. ഡിഎൻഎ പരിശോധന നടത്താൻ ശിശുക്ഷേമസമിതിക്ക് അധികാരമുണ്ടല്ലോ എന്ന് നിരീക്ഷിച്ച കോടതി, കുടുംബകോടതിയുടെ പരിഗണനയിലുള്ള കേസായതിനാൽ ഹർജി പിൻവലിച്ചുകൂടേ എന്നും ചോദിച്ചു. 

കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ 2020 ഒക്ടോബർ 19-നാണ് പരാതിക്കാരി കുഞ്ഞിന് ജന്മം നൽകുന്നത്. എന്നാൽ തന്‍റെ മാതാപിതാക്കളായ ജയചന്ദ്രനും സ്മിതയും ചേ‍ർന്ന് നാലാം ദിവസം കുഞ്ഞിനെ തന്നിൽ നിന്ന് തട്ടിക്കൊണ്ട് പോയെന്നും, തന്‍റെ അനുമതിയില്ലാതെ ശിശുക്ഷേമസമിതിയുടെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചെന്നുമാണ് അനുപമ ഹർജിയിൽ ആരോപിക്കുന്നത്. ആശുപത്രി റജിസ്റ്ററിലും ജനനസർട്ടിഫിക്കറ്റിലും കുഞ്ഞിന്‍റെ വിവരങ്ങൾ തെറ്റായാണ് നൽകിയിട്ടുള്ളതെന്നും ഹർജിയിൽ പറഞ്ഞു. 

ഉപേക്ഷിക്കപ്പെട്ട നിലയിൽ കിട്ടുന്ന കുട്ടികളെ ഏറ്റെടുക്കുന്നതിനായി ബാലനീതിനിയമപ്രകാരം പാലിക്കേണ്ട നടപടിക്രമങ്ങൾ ഉണ്ടായില്ല. ശിശുക്ഷേമസമിതിയെ ഉൾപ്പടെ സമീപിച്ചെങ്കിലും ഒരു ഫലവുമുണ്ടായില്ലെന്നും അനുപമ ഹർജിയിൽ പറഞ്ഞിരുന്നു.

അഞ്ച് പ്രതികൾക്ക് മുൻകൂർ ജാമ്യം

അമ്മ അറിയാതെ കുഞ്ഞിനെ ദത്തു നൽകിയ സംഭവത്തിൽ അഞ്ചു പ്രതികൾക്ക് മുൻകൂർ ജാമ്യം. അനുപമയുടെ അമ്മയുൾപ്പെടെ അഞ്ചു പ്രതികള്‍ക്കാണ് തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. അതേ സമയം കുഞ്ഞിനുവേണ്ടി അനുപമ നൽകിയ ഹേബിയസ് കോർപ്പസ് പിൻവലിച്ചില്ലെങ്കിൽ തള്ളുമെന്ന് ഹൈക്കോടതി പറഞ്ഞു.

അനുപമയുടെ കുഞ്ഞിനെ വ്യാജ  രേഖകള്‍ ചമച്ച് ദത്തു നൽകിയെന്ന കേസിലെ പ്രതികള്‍ക്കാണ് മുൻ കൂർ ജാമ്യം. അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്മിത ജെയിംസ് എന്നിവർ ഉൾപ്പെടെ ആറുപേരാണ് പ്രതികള്‍. ഇതിൽ അഞ്ചു പ്രതികളാണ് മുൻ കൂർ ജാമ്യം തേടിയത്. സ്മിത ജയിംസ്, അനുപമയുടെ സഹോദരി അഞ്ജു, അഞ്ജുവിൻ്റെ ഭർത്താവ് അരുണ്‍, ജയചന്ദ്രൻെറ സുഹൃത്തുക്കളായ രമേശ്, അനിൽകുമാർ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. കേസിലെ ഒന്നാം പ്രതിയായ ജയചന്ദ്രൻ മുൻകൂർ ജാമ്യം തേടിയിരിരുന്നില്ല. 

അഞ്ചു പ്രതികള്‍ക്കും ക്രിമിനൽ പശ്ചാത്തലമില്ലെന്ന് നിരീക്ഷിച്ച കോടതി അറസ്റ്റ് അനിവാര്യമാണെങ്കിൽ ഒരു ലക്ഷംരൂപയുടെ ജാമ്യത്തിൽ വിട്ടയക്കണമെന്നും പൊലീസിന് നിദ്ദേശം നൽകി. കേസിൽ വിശദമായ വാദം കേട്ട കോടതി ഇന്ന് രാവിലെ ജാമ്യ ഹർജികളിൽ വിധി പറയാനിരുന്നുവെങ്കിലും മാറ്റിവച്ചു. പിന്നീട് വൈകുന്നേരത്തോടെയാണ് മുൻകൂർ ജാമ്യ ഹർജികളിൽ ഉത്തരവുണ്ടായത്.  ഒന്നാം പ്രിൻസിപ്പൽ സെഷൻസ് കോടതി ജ‍‍ഡ്ജി എസ്,മിനിയാണ് ജാമ്യഹർജികളിൽ ഉത്തരവ് പറഞ്ഞത്.

ഡിഎൻഎ പരിശോധനയ്ക്ക് നിർദ്ദേശം

അതേസമയം, ഇന്നലെ അനുപമയുടെ പരാതിയിലെ സത്യാവസ്ഥ കണ്ടെത്തുന്നതിന് ഡിഎൻഎ പരിശോധന നടത്താൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിയോട് തിരുവനന്തപുരം കുടുംബകോടതി നിർദശം നൽകിയിരുന്നു. കേസ് ഇനി പരിഗണിക്കുന്നത് നവംബർ 20-നാണ്. അന്നത്തേക്ക് ഫലമെന്തെന്ന് സമർപ്പിക്കാനാണ് നിർദേശം. 

ശിശുക്ഷേമസമിതിയിൽ കുഞ്ഞിനെ ഉപേക്ഷിച്ചതാണോ, അതോ കുടുംബം വന്ന് സ്വമേധയാ വിട്ട് നൽകിയതാണോ എന്നതിൽ വ്യക്തത വരുത്തി സത്യവാങ്മൂലം നൽകണം. ദത്ത് നടപടിക്രമങ്ങളും വ്യക്തമാക്കണം. ഡിഎൻഎ പരിശോധന എങ്ങനെ വേണമെന്നതിന്‍റെ കാര്യം സമിതിക്ക് തീരുമാനിക്കാമെന്നും ഇടക്കാല ഉത്തരവിൽ കോടതി വ്യക്തമാക്കി. സംഭവത്തിൽ ഇതുവരെ സർക്കാർ കൈക്കൊണ്ട നടപടികളെ കോടതി അഭിനന്ദിച്ചിരുന്നു. 

എന്നാൽ ശിശുക്ഷേമ സമിതിയെ രൂക്ഷമായി കോടതി വിമർശിച്ചു. ദത്തെടുക്കലിനുള്ള ശിശുക്ഷേമ സമിതിയുടെ ലൈസൻസിന്‍റെ കാലാവധി കഴി‍ഞ്ഞതാണെന്ന് കോടതി വിമർശിച്ചു. സമിതി ഹാജരാക്കിയ ലൈസൻസിന്‍റെ കാലാവധി ജൂണ്‍ 30-ന് അവസാനിച്ചതാണ്. ലൈസൻസ് പുതുക്കൽ നടപടികള്‍ നടന്നുവരികയാണെന്ന് ശിശുക്ഷേമ സമിതിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ലൈസൻസ് പുതുക്കാനുള്ള നടപടിയുൾപ്പെടെ എല്ലാ കാര്യങ്ങളും വിശദമാക്കി സത്യവാങ്മൂലം നൽകണമെന്ന് ശിശുക്ഷേമ സമിതിക്കും നിർദ്ദേശം നൽകി.

അതേസമയം, കുഞ്ഞിനെ ദത്ത് നൽകിയെന്ന ആരോപണത്തിൽ, സംസ്ഥാന അഡോപ്ഷൻ റിസോഴ്സ് ഏജൻസി പൊലീസിന് റിപ്പോർട്ട് നൽകി. ദത്ത് നടപടികൾ പൂർണമായും നിയമപരമായാണ് നടന്നത്. കുഞ്ഞിനെ ആർക്ക് നൽകിയെന്നോ, എപ്പോൾ നൽകിയെന്നോ അറിയിക്കാനാകില്ലെന്നും ഏജൻസി പ്രതികരിച്ചു. ദത്തെടുക്കൽ നിയമപ്രകാരം ഈ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് ഏജൻസി വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios