കൊച്ചി: എഎസ്ഐ ബാബുവിന്റെ ആത്മഹത്യയിൽ ആരോപണവിധേയനായ എസ്ഐക്കെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സർവ്വ കക്ഷി സംഘം നിവേദനം നൽകി. അൻവർ സാദാത് എംഎൽഎയുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്. 

സംഭവത്തിൽ അന്വേഷിച്ചു നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി അൻവർ സാദാത് എംഎൽഎ പറഞ്ഞു. ബുധനാഴ്ച പുലർച്ചെയാണ് എഎസ്ഐ ബാബുവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ എസ്ഐ ആര്‍ രാജേഷിനെ അന്വേഷണ വിധേയമായി സ്ഥലം മാറ്റിയിരുന്നു. 

അതേസമയം, എസ്ഐയുടെ കുടുംബാംഗങ്ങൾ ഇന്ന് മുഖ്യമന്ത്രിയെ കാണും. എസ്ഐ രാജേഷിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. മരണത്തിന് മുൻപ് ബാബു സ്റ്റേഷന്‍ വാട്ട്‍സ് ആപ്പ് ഗ്രൂപ്പിൽ എസ് ഐ രാജേഷിനെതിരെ ആരോപണമുന്നയിച്ചിരുന്നു. എസ്ഐയുടെ മാനസിക പീഡനത്തെ തുടർന്നാണ് എഎസ്ഐ ബാബു ആത്മഹത്യ ചെയതതെന്നാണ് ബന്ധുക്കളുടെ ആരോപണം.