പാര്‍ട്ടിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതില്‍ വീഴ്ച വന്നതായി കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് ഐഎന്‍എല്‍ നടപടിയെടുത്തത്.
കോഴിക്കോട്: ഐഎന്‍എല്‍ (Indian National League) സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റിയും സംസ്ഥാന കൗണ്‍സിലും പിരിച്ചുവിട്ട നടപടി അംഗീകരിക്കില്ലെന്ന് ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്‍റ് അബ്ദുല്‍വഹാബ്. ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിന്‍റെ നേതൃത്വത്തിലുളള വിഭാഗം നേരത്തെ തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണ് ഇത്തരമൊരു തീരുമാനം വന്നതെന്നും ഈ തീരുമാനം അംഗീകരിക്കുന്നില്ലെന്നും അബ്ദുല്‍വഹാബ് പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സമിതിയെ പിരിച്ചുവിടാന്‍ ദേശീയ നിര്‍വാഹക സമിതിക്ക് അധികാരമില്ല. അതിനാല്‍ തന്നെ ഉടന്‍ തന്നെ സംസ്ഥാന കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കും. ഇക്കാര്യത്തില്‍ മുന്നണി നേതൃത്വത്തെയും നേരത്തെ മധ്യസ്ഥ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയവരെയും അറിയിക്കുമെന്നും അബ്ദുല്‍വഹാബ് പറഞ്ഞു.
തെരുവില്‍ ഏറ്റുമുട്ടി നാണക്കേട് സൃഷ്ടിക്കുകയും പിന്നീട് മധ്യസ്ഥരുടെ സാന്നിധ്യത്തില്‍ രമ്യതയിലെത്തുകയും ചെയ്തിട്ടും പാര്‍ട്ടിയിലെ ചേരിപ്പോര് അതേപടി തുടരുന്ന പശ്ചാത്തലത്തിലാണ് ഐഎന്‍എല്ലിന്‍റെ സംസ്ഥാന തല സമിതികള്‍ പിരിച്ചുവിടാനുളള ദേശീയ നിര്‍വാഹക സമിതി തീരുമാനം. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്‍റെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന ഐഎന്‍എല്‍ ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് നടപടിയുണ്ടായത്. ഈ യോഗത്തില്‍ അബ്ദുല്‍വഹാബ് പങ്കെടുത്തിരുന്നില്ല.
2022 മാര്‍ച്ച് 31ന് മുമ്പായി പുതിയ സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി ചുമതലയേല്‍ക്കുന്ന വിധം അംഗത്വവും കാമ്പയിനും സംഘടനാ തെരഞ്ഞെടുപ്പും പൂര്‍ത്തിയാക്കുന്നതിന് ഏഴംഗ അഡ്ഹോക് കമ്മിറ്റിയെ അധികാരപ്പെടുത്തി. അഹമ്മദ് ദേവര്‍കോവിലായിരിക്കും കമ്മിറ്റി ചെയര്‍മാന്‍. പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍, അഖിലേന്ത്യാ ഉപാധ്യക്ഷന്‍ കെ എസ് ഫക്രൂദ്ദീന്‍, ദേശീയ ട്രഷറര്‍ ഡോ. എ എ അമീന്‍, പിരിച്ചുവിടപ്പെട്ട സംസ്ഥാന കമ്മിറ്റി പ്രസിഡന്‍റ് പ്രൊഫ. എ പി അബ്ദുല്‍വഹാബ്, ജന. സെക്രട്ടറി കാസിം ഇരിക്കൂര്‍, ട്രഷറര്‍ ബി ഹംസ ഹാജി, വൈസ് പ്രസിഡന്‍റ് എം എം മാഹീന്‍ എന്നിവരാണ് അഡ്ഹോക് കമ്മിറ്റി അംഗങ്ങള്‍.
ഐഎന്‍എല്‍ ദേശീയ നിര്‍വഹക സമിതി യോഗ തീരുമാനങ്ങള്‍
ഓണ്‍ലൈന്‍ വഴി ചേര്‍ന്ന ഇന്ത്യന്‍ നാഷണല്‍ ലീഗ് ദേശീയ നിര്‍വാഹക സമിതിയുടെ അടിയന്തര യോഗം പാര്‍ട്ടി കേരള ഘടകവുമായി ബന്ധപ്പെട്ട് ഏതാനും തീരുമാനങ്ങളെടുത്തു. പാര്‍ട്ടിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതില്‍ വീഴ്ച വന്നതായി കണ്ടതിന്‍റെ അടിസ്ഥാനത്തില്‍ നിലവിലെ സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി, സംസ്ഥാന കൗണ്‍സില്‍ എന്നിവ പിരിച്ചുവിടാന്‍ തീരുമാനിച്ചു. 2021 മാര്‍ച്ച് 20 ന് തന്നെ കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞിരുന്നു.
2022 മാര്‍ച്ച് 31ന് മുമ്പായി പുതിയ സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി ചുമതലയേല്‍ക്കുന്ന വിധം അംഗത്വവും ക്യാമ്പയിനും സംഘടനാ തെരഞ്ഞെടുപ്പും പൂര്‍ത്തിയാക്കുന്നതിന് ഏഴംഗ അഡ്ഹോക് കമ്മിറ്റിയെ അധികാരപ്പെടുത്തി. പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവര്‍ കോവില്‍, അഖിലേന്ത്യാ ഉപാധ്യക്ഷന്‍ കെ എസ് ഫക്രൂദ്ദീന്‍, ദേശീയ ട്രഷറര്‍ ഡോ. എ എ അമീന്‍, പിരിച്ചുവിടപ്പെട്ട സംസ്ഥാന കമ്മിറ്റി പ്രസിഡന്‍റ് പ്രൊഫ.എ പി അബ്ദുല്‍ വഹാബ്, ജന. സെക്രട്ടറി കാസിം ഇരിക്കൂര്‍, ട്രഷറര്‍ ബി ഹംസ ഹാജി, വൈസ് പ്രസിഡന്‍റ് എം എം മാഹീന്‍ എന്നിവരാണ് അഡ്ഹോക് കമ്മിറ്റി അംഗങ്ങള്‍. അഹമ്മദ് ദേവര്‍കോവിലായിരിക്കും കമ്മിറ്റി ചെയര്‍മാന്‍.
