കണ്ണൂർ: 'ദേശീയ മുസ്ലീം' എന്ന പരാമർശത്തിന്‍റെ പേരിൽ തന്നെ കളിയാക്കിയ ട്രോളൻമാർക്കൊന്നും ചരിത്രബോധമില്ലെന്ന് എ പി അബ്ദുള്ളക്കുട്ടി. 'ദേശീയ മുസ്ലീം' എന്ന് കേട്ടതിന് പിന്നാലെ 'ദേശീയ പക്ഷി', 'ദേശീയ മൃഗം' എന്നൊക്കെ തന്നെ കളിയാക്കിയ ട്രോളൻമാരായ 'പഹയൻമാർ ദേശീയ പുഷ്പം' ഏതെന്ന് കേട്ടിട്ടില്ലേ എന്നും അബ്ദുള്ളക്കുട്ടി ചോദിച്ചു. ദേശീയ പുഷ്പത്തിന്‍റെ സ്വന്തം പാർട്ടിയിലെത്തിയ ദേശീയ മുസ്ലീം ആണ് താൻ എന്നാണ് അബ്ദുള്ളക്കുട്ടി പറയുന്നത്. കണ്ണൂരിലെ ബിജെപിയുടെ ജില്ലാ നേതാക്കളുടെ നേതൃത്വത്തിൽ അബ്ദുള്ളക്കുട്ടിക്ക് ഏർപ്പെടുത്തിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

''ചില മാധ്യമങ്ങളിൽ അവതാരകരും സോഷ്യൽ മീഡിയയിൽ ട്രോളൻമാരും എന്നെ കളിയാക്കി. സംസ്ഥാന മുസ്ലീം, പഞ്ചായത്ത് മുസ്ലീം അങ്ങനെ വല്ല വേർതിരിവുമുണ്ടോ എന്ന്.. ദേശീയ മുസ്ലീം എന്ന് ഞാൻ ബോധപൂർവം വിളിച്ചതാണ്. പണ്ട് സ്വാതന്ത്ര്യ സമരകാലത്ത് ജിന്ന വിഭജനത്തിന്‍റെ രാഷ്ട്രീയം ഉയർത്തിയപ്പോൾ എതിർത്ത ഖാൻ അബ്ദുൾ ഗഫൂർ ഖാനെപ്പോലെ, അബ്ദുൾ കലാം ആസാദിനെപ്പോലെ ഞാനിപ്പോൾ, ദേശീയത ഉയർത്തിപ്പിടിക്കുന്ന മുസ്ലീമായാണ് നിലനിൽക്കുന്നത്'', എന്ന് അബ്ദുള്ളക്കുട്ടി.

''എന്തോ മുജ്ജന്മസുകൃതമാണ് ബിജെപി എന്നെ സ്വീകരിക്കാൻ കാരണം. സത്യം പറഞ്ഞതിന്‍റെ പേരിലാണ് കോൺഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും എന്നെ പടിയടച്ച് പിണ്ഡം വച്ചത്. എനിക്ക് വൈകാരികബന്ധമുള്ള പ്രധാനമന്ത്രിയെ നേരിട്ട് കാണാനായത് പുണ്യമായി കരുതുന്നു'', അബ്ദുള്ളക്കുട്ടി പറഞ്ഞു.