Asianet News MalayalamAsianet News Malayalam

വിജിലൻസ് സംഘം വന്നത് റെയ്ഡിനല്ല, താൻ നിരപരാധി, അഴിമതിയെ കുറിച്ച് അറിഞ്ഞത് ഇപ്പോൾ; അബ്ദുള്ളക്കുട്ടി

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് കണ്ണൂർ കോട്ടയെ ടൂറിസം രംഗത്തേക്ക് ഉയർത്തിക്കൊണ്ടുവരാനാണ് താൻ ഈ പദ്ധതി ശുപാർശ ചെയ്തതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു

AP Adbullakkutty on Vigilance visit to home Kannur fort light and sound corruption
Author
Kannur, First Published Jun 4, 2021, 1:31 PM IST

കണ്ണൂർ: ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടിയുടെ വീട്ടിൽ വിജിലൻസ് ഉദ്യോഗസ്ഥർ എത്തിയത് അഴിമതി കേസിലെ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി. കണ്ണൂർ കോട്ടയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ സംവിധാനം ഒരു കോടി രൂപ ചെലവാക്കി മൈസൂർ ആസ്ഥാനമായ കമ്പനിയെ കൊണ്ടുവന്നതുമായി ബന്ധപ്പെട്ടാണ് ക്രമക്കേട്. ഒരാഴ്ച കോട്ടയിൽ മാതൃകാ ഷോ നടത്തിയ കമ്പനി തിരികെ പോയി. പത്ത് ലക്ഷം രൂപ പോലും ചെലവാക്കിയിരുന്നില്ലെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ടാണ് അന്വേഷണം.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് കണ്ണൂർ കോട്ടയെ ടൂറിസം രംഗത്തേക്ക് ഉയർത്തിക്കൊണ്ടുവരാനാണ് താൻ ഈ പദ്ധതി ശുപാർശ ചെയ്തതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. 'ആ പദ്ധതി ബജറ്റിൽ ഉൾപ്പെടുത്തി. പിന്നീട് ടൂറിസം മന്ത്രി എപി അനിൽകുമാറിന്റെ നേതൃത്വത്തിൽ അതിന്റെ മറ്റ് നടപടികൾ നടന്നു. എന്നാൽ ഇതൊരു വലിയ തട്ടിപ്പായിരുന്നുവെന്ന് താൻ ഇപ്പോഴാണ് അറിയുന്നത്. ഇതിൽ പ്രാഥമിക അന്വേഷണത്തിനായാണ് വിജിലൻസ് സംഘം എത്തിയത്. അവരുടെ ചോദ്യങ്ങൾക്കെല്ലാം വ്യക്തമായി മറുപടി നൽകിയിട്ടുണ്ട്.'

'കേസിൽ വിശദമായ അന്വേഷണം നടക്കണമെന്നാണ് എന്റെ നിലപാട്. എന്റെ ഭാഗത്ത് തെറ്റുണ്ടായിട്ടുണ്ടെങ്കിൽ താനും ശിക്ഷിക്കപ്പെടണം. എന്നാൽ പദ്ധതിക്ക് വേണ്ട ശുപാർശ നൽകിയതല്ലാതെ മറ്റൊരു കാര്യത്തിലും താൻ ഇടപെട്ടിരുന്നില്ല. കഴിഞ്ഞ അഞ്ച് വർഷം സ്ഥലം എംഎൽഎ എന്തുകൊണ്ടാണ് ഈ വിഷയം പരിശോധിക്കാതിരുന്നത്?' എന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

നടന്നത് പരാതിയുടെ അടിസ്ഥാനത്തിലുള്ള പ്രാഥമിക പരിശോധന മാത്രമാണെന്നും റെയ്ഡല്ലെന്നും വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങത്ത് വ്യക്തമാക്കി. കേസിന്റെ മറ്റ് വിവരങ്ങൾ പറയാനാവില്ല. അബ്ദുള്ളക്കുട്ടി അന്നത്തെ എംഎൽഎ ആയിരുന്നതിനാൽ വിവരങ്ങൾ ചോദിച്ചറിയുകയായിരുന്നുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. പദ്ധതിയെ കുറിച്ചുള്ള വിവരങ്ങൾ കണ്ണൂ‍ർ ഡിടിപിസിയിൽ നിന്നും വിജിലൻസ് ശേഖരിച്ചിരുന്നു. 

2016-ലെ യുഡിഎഫ് സ‍ർക്കാരിന്റെ അവസാനകാലത്താണ് ലൈറ്റ് ആൻഡ് സൗണ്ട് സംവിധാനം കണ്ണൂ‍ർ കോട്ടയിൽ ഒരുക്കിയത്. ലൈറ്റ് ആൻഡ് സൗണ്ട് സ്ഥിരം സംവിധാനമാണെന്നായിരുന്നു പറഞ്ഞെങ്കിലും ഒരാഴ്ച മാത്രമാണ് ഇവിടെ ഷോ നടത്തിയത്. അതിന് ശേഷം ചുമതലയുണ്ടായിരുന്ന കമ്പനി സ്ഥലം കാലിയാക്കി. ലൈറ്റ് ആൻഡ് സൗണ്ട് സംവിധാനം ഒരുക്കിയതിൽ വൻക്രമക്കേട് നടന്നുവെന്നാണ് വിജിലൻസിന് കിട്ടിയ പരാതി. 2011-16 കാലത്ത് കണ്ണൂ‍ർ എംഎൽഎയായിരുന്ന അബ്ദുള്ളക്കുട്ടി പിന്നീട് കോൺ​ഗ്രസ് വിട്ട് ബിജെപിയിൽ ചേരുകയും പിന്നീട് ലക്ഷദ്വീപിന്റെ ചുമതലയുള്ള ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനാവുകയും ചെയ്തിരുന്നു. 

Follow Us:
Download App:
  • android
  • ios