സിപിഐ സമ്മേളനത്തിനിടെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എ പി ജയനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതിയെത്തി

പത്തനംതിട്ട: സിപിഐ ജില്ലാ സമ്മേളനത്തിൽ വീണ്ടും എപി ജയനെ തന്നെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തും. ഇത് തുടർച്ചയായ മൂന്നാം തവണയാണ് ജയൻ പത്തനംതിട്ട ജില്ലാ സെക്രട്ടറിയാവുന്നത്. സമ്മേളനത്തിൽ 51 അംഗ ജില്ലാ കൗൺസിലിനെയും തിരഞ്ഞെടുത്തും. പുതിയ കമ്മിറ്റിയിൽ 10 വനിതകളുണ്ട്. പ്രായപരിധി കണക്കിലെടുത്ത് പഴയ ജില്ലാ കമ്മിറ്റിയിലുണ്ടായിരുന്ന ഒൻപത് പേരെ പുതിയ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയില്ല.

സിപിഐ സമ്മേളനത്തിനിടെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എ പി ജയനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതിയെത്തി. എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി അംഗവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയാണ് പരാതി നൽകിയത്. സമ്മേളനങ്ങളിൽ അവഗണിച്ചെന്നും മണ്ഡലം സമ്മേളനത്തിൽ പോലും തന്നെ പ്രതിനിധി ആക്കിയില്ലെന്നുമാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി. ജില്ലാ കൗൺസിലിലേക്ക് മത്സരിക്കാൻ അനുമതി നിഷേധിച്ചുവെന്നും ജില്ലാ സെക്രട്ടറിയുടെ സാമ്പത്തിക ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയതിലുള്ള പ്രതികാര നടപടിയാണിതെന്നും പരാതിയിൽ പറയുന്നു.

കടുത്ത വിമർശനം ഉയർന്ന പത്തനംതിട്ട ജില്ലാ സമ്മേളനം

സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനം കടുത്ത വിമർശനങ്ങളുടെ വേദിയാവുകയായിരുന്നു. ആരോഗ്യമന്ത്രി വീണ ജോർജ്ജിനും പുറമെ സിപിഐ സംസ്ഥാന സെക്രട്ടരി കാനം രാജേന്ദ്രനെതിരെ വരെ കടുത്ത വിമർശനമാണ് സമ്മേളനത്തിൽ ഉയർന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അടിമയെ പോലെ എന്നായിരുന്നു കാനം രാജേന്ദ്രൻ പ്രവർത്തനത്തെ ജില്ലാ സമ്മേളനത്തിൽ വിമർശിച്ചത്.

സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന തെറ്റുകൾ ന്യായീകരിക്കാനാണ് സിപിഐ സംസ്ഥാന സെക്രട്ടറി ശ്രമിക്കുന്നതെന്നായിരുന്നും മറ്റൊരു വിമർശനം. തെറ്റായ വിഷയങ്ങളിൽ എതിർ ശബ്ദങ്ങളോ വിമർശനങ്ങളോ ഉന്നയിക്കാൻ പാർട്ടി സംസ്ഥാന സെക്രട്ടറി തയ്യാറാകുന്നില്ല. തെറ്റുകളാണെന്ന് അറിഞ്ഞിട്ടും കാനം എന്തിനാണ് പിണറായിയെ ന്യായീകരിക്കുന്നത്? മുൻ എംഎൽഎ എൽദോ എബ്രഹാമിനെ പൊലീസ് മർദ്ദിച്ചപ്പോഴടക്കം പാർട്ടി സെക്രട്ടറിയുടെ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നുവെന്നും പ്രതിനിധികൾ വിമ‍ര്‍ശിച്ചു. 

ഒരു ഇടതുപക്ഷ മുന്നണിക്ക് ചേരുന്നതല്ല മന്ത്രി വീണാ ജോര്‍ജിന്റെ പ്രവർത്തനങ്ങളും പെരുമാറ്റവുമെന്നാണ് സിപിഐ നേതാക്കൾ സമ്മേളനത്തിൽ കുറ്റപ്പെടുത്തിയത്. ആരോഗ്യവകുപ്പിനെ നിയന്ത്രിക്കാൻ മന്ത്രിക്ക് കഴിയുന്നില്ല. മുൻ മന്ത്രി കെ കെ ശൈലജയുടെ കാലത്തെ നല്ല പേരും പ്രവ‍ര്‍ത്തനങ്ങളിലെ മികവും രണ്ടാം ഇടത് സ‍ര്‍ക്കാരിൽ വീണ ജോർജ് ഇല്ലാതാക്കിയെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.

ഡെപ്യൂട്ടി സ്പീക്ക‍ര്‍ ചിറ്റയം ഗോപകുമാറും വീണ ജോർജും തമ്മിലുള്ള പ്രശ്നം മുന്നണിക്ക് തന്നെ നാണക്കേട് ഉണ്ടാക്കി. മന്ത്രിയുടെ പിടിവാശിയാണ് പ്രശ്നങ്ങൾ രൂക്ഷമാക്കിയതെന്നായിരുന്നു ജില്ലാ സമ്മേളനത്തിലെ സംഘടനാ റിപ്പോ‍ര്‍ട്ടിലെ പരാമ‍ര്‍ശം. മന്ത്രി ഫോണുകളെടുക്കുന്നില്ലെന്ന് നേരത്തെ ഉയർന്ന പരാതി ജില്ലാ സമ്മേളനത്തിലും ആവർത്തിക്കപ്പെട്ടു. ഫോൺ അലർജിയുള്ള മന്ത്രി, ഇടത് മുന്നണിക്ക് തന്നെ അപമാനമാണെന്നും സംഘടനാ റിപ്പോര്‍ട്ടിൽ കുറ്റപ്പെടുത്തുന്നു.