കൃത്യമായ റിപ്പോർട്ടില്ലാതെ, അന്വേഷണം പൂർത്തിയാകുന്നതിന് മുൻപ് ധൃതി പിടിച്ച നടപടിയാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ.
ദില്ലി : പാതി വില തട്ടിപ്പ് കേസുകളിൽ നിന്നും റിട്ട ജസ്റ്റിസ് സി എൻ രാമചന്ദ്രനെ ഒഴിവാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ. ഹൈക്കോടതി ഉത്തരവ് റദ്ദാക്കി, പ്രത്യേക സംഘത്തിന് അന്വേഷണം കൈമാറണമെന്നാണ് ആവശ്യം. സന്നദ്ധ സംഘടനയ്ക്ക് വേണ്ടി അഭിഭാഷകൻ സുവിദത്ത് സുന്ദരമാണ് ഹർജി സമർപ്പിച്ചത്. കൃത്യമായ റിപ്പോർട്ടില്ലാതെ, അന്വേഷണം പൂർത്തിയാകുന്നതിന് മുൻപ് ധൃതി പിടിച്ച നടപടിയാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ.
നടപടി ക്രമങ്ങൾ പാലിക്കാതെയും, ശരിയായ അന്വേഷണം നടത്താതെയുമാണ് ജസ്റ്റിസ് രാമചന്ദ്രൻ നായരുടെ പേര് കേസിൽ നിന്ന് നീക്കിയത് എന്നാണ് ഹർജിക്കാരുടെ ആരോപണം. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ എഴുതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ആണ് പേര് നീക്കം ചെയ്തത്. എന്നാൽ ഇക്കാര്യത്തത്തിൽ അന്വേഷണ ഉദ്യോഗസ്ഥനിൽ നിന്ന് കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഹൈക്കോടതി തേടിയിട്ടില്ല. പാതി വില തട്ടിപ്പുമായി ബന്ധപ്പെട്ട മറ്റ് കേസുകളുടെ അന്വേഷണം പ്രാഥമിക ഘട്ടത്തിൽ മാത്രമാണെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. പ്രാഥമിക അന്വേഷണ ഘട്ടത്തിൽ ആരോപണ വിധേയനായ വ്യക്തിയെ അന്വേഷണത്തിന്റ പരിധിയിൽ നിന്ന് ഒഴിവാക്കുന്നത് ഗുരുതരമായ കീഴ് വഴക്കം സൃഷ്ടിക്കുമെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ഹർജിക്കാർ ആരോപിച്ചിട്ടുണ്ട്.


