രണ്ടാമത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം നൽകിയതിനെതിരായ സർക്കാർ അപ്പീൽ ഹൈക്കോടതി ക്രിസ്തുമസ് അവധിക്ക് ശേഷം പരിഗണിക്കും. ആദ്യ കേസിൽ ഇന്ന് വിശദമായ വാദം കേൾക്കും
കൊച്ചി: രണ്ടാമത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം നൽകിയതിനെതിരെ സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കുന്നത് മാറ്റി. ക്രിസ്തുമസ് അവധിക്ക് ശേഷം പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. മറുപടി നൽകാൻ സമയം വേണമെന്ന് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇതു പരിഗണിച്ചാണ് ക്രിസ്തുമസ് അവധിക്ക് ശേഷം പരിഗണിക്കുമെന്ന് സിംഗിൾ ബെഞ്ച് അറിയിച്ചത്.
അതേസമയം ആദ്യത്തെ പരാതിയിൽ വിശദമായ വാദം കേൾക്കുമെന്ന് കോടതി അറിയിച്ചു. ആദ്യത്തെ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സെഷൻസ് കോടതി നടപടിക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ ഹർജിയിലാണ് വാദം കേൾക്കുക. ഈ കേസിൽ രാഹുലിനെ തൽക്കാലത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് കോടതി കഴിഞ്ഞയാഴ്ച നിർദേശിച്ചിരുന്നു. ഈ കേസിൽ വിശദമായ വാദം ഇന്ന് നടക്കും. ഹർജി അൽപ്പസമയത്തിനകം പരിഗണിക്കും.
പത്തനംതിട്ട വിട്ടുപോകരുതെന്ന് രാഹുലിനോട് അന്വേഷണസംഘം
പത്തനംതിട്ടയിലുണ്ടാകണമെന്നും ജില്ല വിട്ടുപോവരുതെന്നും ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നിർദ്ദേശം. ബലാത്സംഗക്കേസുകളിൽ ഹൈക്കോടതി തീരുമാനത്തിന് ശേഷമായിരിക്കും രാഹുലിൻ്റെ ചോദ്യം ചെയ്യലിൽ തീരുമാനമെടുക്കുക. ചോദ്യം ചെയ്യാൻ ഇന്ന് ഹാജരാകണമെന്നായിരുന്നു പ്രിൻസിപ്പൽ സെഷൻസ് കോടതി നിർദ്ദേശം. എന്നാൽ മുൻകൂർ ജാമ്യം നൽകിയ സെഷൻസ് കോടതി ഉത്തരവ് പൊലീസ് ചോദ്യം ചെയ്ത സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ മാറ്റിവച്ചത്. ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തതോടെ 15 ദിവസം ഒളിവിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കഴിഞ്ഞ 11നാണ് പാലക്കാട് എത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ രാഹുൽ പിറ്റേന്ന് പത്തനംതിട്ടയിലെ വീട്ടിലെത്തി.
അതിനിടെ അടൂർ മുണ്ടപ്പള്ളിയിൽ സ്കൂട്ടറിൽ ക്ഷേത്രദർശനത്തിന് ഇറങ്ങി രാഹുൽ മാങ്കൂട്ടത്തിലിന് പിന്നാലെ പാഞ്ഞ് പൊലീസ്. വീടിന് പുറത്തിറങ്ങിയ രാഹുലിന് പിന്നാലെ പൊലീസ് സംഘം പാഞ്ഞെത്തി. ഇന്നലെയാണ് അടൂരിലെ വീട്ടിൽ രാഹുലെത്തിയത്. കേസുമായി ബന്ധപ്പെട്ട് എറണാകുളത്ത് അഭിഭാഷകരെ കണ്ടാണ് രാഹുൽ വീട്ടിലെത്തിയത്. തുടർന്ന് ഇന്ന് രാവിലെ രാഹുൽ സ്കൂട്ടറിൽ വീട്ടിൽ നിന്ന് ക്ഷേത്രത്തിലേക്ക് പുറപ്പെടുകയായിരുന്നു. ഇതോടെ കാവലിലുള്ള പൊലീസ് സംഘം രാഹുലിൻ്റെ പിറകെ പാഞ്ഞെത്തി. ഷാഡോ പൊലീസ് സംഘമാണ് രാഹുലിൻ്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ വീടിന് മുന്നിലുള്ളത്. രാഹുൽ എവിടേക്ക് യാത്ര ചെയ്യുന്നു എന്ന് നിരീക്ഷിക്കാനുള്ള നിർദേശം ലഭിച്ചതിനാൽ പൊലീസ് സംഘം രാഹുലിൻ്റെ പിറകെ പോവുകയായിരുന്നു. കുറച്ച് സമയത്തിന് ശേഷം രാഹുൽ തിരിച്ചെത്തി.



