അടൂരിലെ വീട്ടിൽ നിന്നാണ് രാഹുൽ സ്കൂട്ടറിൽ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്. ഇതോടെ പൊലീസ് സംഘം പിന്നാലെ പാഞ്ഞെത്തുകയായിരുന്നു. പത്തനംതിട്ട ജില്ല വിട്ടുപോവരുതെന്ന് രാഹുലിന് അന്വേഷണസംഘം നിർദേശം നൽകിയിരുന്നു

പത്തനംതിട്ട: അടൂർ മുണ്ടപ്പള്ളിയിൽ സ്കൂട്ടറിൽ ക്ഷേത്രദർശനത്തിന് ഇറങ്ങി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. വീടിന് പുറത്തിറങ്ങിയ രാഹുലിന് പിന്നാലെ പൊലീസ് സംഘം പാഞ്ഞെത്തുകയായിരുന്നു. ഇന്നലെയാണ് അടൂരിലെ വീട്ടിൽ രാഹുലെത്തിയത്. കേസുമായി ബന്ധപ്പെട്ട് എറണാകുളത്ത് അഭിഭാഷകരെ കണ്ടാണ് രാഹുൽ വീട്ടിലെത്തിയത്. തുടർന്ന് ഇന്ന് രാവിലെ രാഹുൽ സ്കൂട്ടറിൽ വീട്ടിൽ നിന്ന് ക്ഷേത്രത്തിലേക്ക് പുറപ്പെടുകയായിരുന്നു. ഇതോടെ കാവലിലുള്ള പൊലീസ് സംഘം രാഹുലിൻ്റെ പിറകെ പാഞ്ഞെത്തി. ഷാഡോ പൊലീസ് സംഘമാണ് രാഹുലിൻ്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ വീടിന് മുന്നിലുള്ളത്. രാഹുൽ എവിടേക്ക് യാത്ര ചെയ്യുന്നു എന്ന് നിരീക്ഷിക്കാനുള്ള നിർ‌ദേശം ലഭിച്ചതിനാൽ പൊലീസ് സംഘം രാഹുലിൻ്റെ പിറകെ പോവുകയായിരുന്നു. കുറച്ച് സമയത്തിന് ശേഷം രാഹുൽ തിരിച്ചെത്തുകയും ചെയ്തു.

അതേസമയം, ഇന്ന് തന്നെ പാലക്കാട്ടേക്ക് പോകുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. അന്വേഷണസംഘം ഇതുവരെ ഹാജരാകാൻ നിർദ്ദേശിച്ചിട്ടില്ലെന്നും കോടതി തീരുമാനം വരട്ടെയെന്നും രാഹുൽ പ്രതികരിച്ചു. മറ്റു കാര്യങ്ങൾ പറയാനില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു. നേരത്തെ, രാഹുലിനോട് പത്തനംതിട്ട ജില്ല വിട്ടുപോവരുതെന്ന് അന്വേഷണ സംഘം നിർദേശിച്ചിരുന്നു. ബലാത്സം​ഗക്കേസിൽ ഒളിവിലായിരുന്ന രാഹുൽ കഴിഞ്ഞ 11നാണ് പാലക്കാട് തിരിച്ചെത്തിയത്. ഇന്ന് രാഹുലിൻ്റെ രണ്ട് ബലാത്സം​ഗക്കേസുകളും ഹൈക്കോടതി പരി​ഗണിക്കും. ഇതിൻ്റെ വിശദാംശങ്ങൾ അറിഞ്ഞായിരിക്കും ചോദ്യം ചെയ്യലിൽ തീരുമാനമെടുക്കുക.