Asianet News MalayalamAsianet News Malayalam

അങ്ങ്ട് തട്ടി പിന്നെ ഇങ്ങ്ട്, നവകേരള സദസിൽ കിട്ടിയ ദുരിതാശ്വാസ നിധി അപേക്ഷയടക്കം അയച്ചത് കണ്ണൂര്‍ നഗരസഭയ്ക്ക്

ആക്ഷേപം. കണ്ണൂരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം തേടിയുളള അപേക്ഷ പോലും നടപടിക്കായി അയച്ചത് കോർപ്പറേഷൻ ഓഫീസിലേക്കാണ്. 

application for chief minister s Distress Relief Fund in Navakerala Sadas Sent to Kannur Municipal Corporation for resolution ppp
Author
First Published Dec 5, 2023, 8:49 AM IST


തിരുവനന്തപുരം: നവകേരള സദസിൽ കിട്ടിയ പരാതികൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നുവെന്ന് ആക്ഷേപം. കണ്ണൂരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം തേടിയുളള അപേക്ഷ പോലും നടപടിക്കായി അയച്ചത് കോർപ്പറേഷൻ ഓഫീസിലേക്കാണ്. ഒന്നും ചെയ്യാനില്ലാത്തതിനാൽ പരാതികൾ തിരിച്ചയക്കുകയാണ് നഗരസഭ. തരംതിരിച്ച് നൽകിയതിൽ വരുന്ന പിഴവെന്ന് ജില്ലാ ഭരണകൂടം വിശദീകരിക്കുന്നു.

നവകേരള സദസ്സിൽ കണ്ണൂർ, അഴീക്കോട് മണ്ഡലങ്ങളിലായി കിട്ടിയത് 4857 പരാതികൾ. അത് തരംതിരിച്ച് ഓരോ വകുപ്പിലേക്കും അയച്ചു. വകുപ്പുകൾ അതത് ഓഫീസുകളിലേക്കും. അങ്ങനെ കണ്ണൂർ കോർപ്പറേഷനിലെത്തിയത് 514 പരാതികൾ. അതിലാണ് ആക്ഷേപം. കോർപ്പറേഷന് പരിഹാരം കാണാനാവാത്ത, നഗരസഭയുമായി ഒരു ബന്ധവുമില്ലാത്ത പരാതികളും കൂട്ടത്തിലെത്തി. നഗരസഭാ പരിധിക്ക് പുറത്തുളളയാളുടെ പരാതിയും കോർപ്പറേഷൻ ഓഫീസിലേക്ക് അയച്ചിട്ടുണ്ട്. എല്ലാ പരാതിയിലും പരിഹാരം കണ്ട്, പരാതിക്കാരനെ അറിയിച്ച്, റിപ്പോർട്ട് നൽകാനാണ് നിർദേശം. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം കൊടുക്കാനടക്കമുള്ള നടപടി നിര്‍ദേശത്തിൽ കോർപ്പറേഷൻ കൈമലർത്തുന്നു. അതേസമയം പരാതികൾ തരംതിരിച്ച് നൽകിയതിൽ വന്ന മാനുഷിക പിഴവെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിശദീകരണം. വേഗത്തിൽ തീർപ്പാക്കേണ്ടതിനാൽ അതിവേഗത്തിലാണ് പരാതികൾ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് അയച്ചത്. വിലാസം തെറ്റി വന്നത് തിരിച്ചയച്ചാൽ മതിയെന്നും ജില്ലാ ഭരണകൂടം അറിയിക്കുന്നു. അപ്പോഴും സർക്കാർ സംവിധാനങ്ങളൊന്നാകെ ചലിച്ച്, കൗണ്ടറിട്ട്, മന്ത്രിസഭ ഒന്നാകെയെത്തിയ വേദിയിൽ വാങ്ങിയ പരാതികൾ, ഇങ്ങനെ അങ്ങോട്ടുമിങ്ങോട്ടും തട്ടാനാണോ എന്ന സംശയമാണ് ബാക്കിയാകുന്നത്.

 140 അസംബ്ലി മണ്ഡലങ്ങളിലും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ ഔദ്യോഗിക പര്യടനം നടത്തി സമസ്ത മേഖലയിലെയും പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്ചയും, മണ്ഡലം കേന്ദ്രീകരിച്ച്‌ ബഹുജന സദസും നടത്തുന്ന പരിപാടിയാണ് നവകേരള സദസ്. ഇതിൽ പരാതികൾ നേരിട്ട് വാങ്ങി പരിഹാരം അതിവേഗം കാണുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം. എന്നാൽ തുടക്കം മുതലുള്ള വിവാദങ്ങൾക്കും, രൂക്ഷമായ പ്രതിപക്ഷ വിമര്‍ശനങ്ങൾക്കിടയിലൂടെയാണ് യാത്ര കടന്നുപോകുന്നത്. നവംബർ 18ന് ആരംഭിച്ച നവകേരള സദസ് ഡിസംബർ 23 വരെയാണ് നടക്കുക. 

ഇന്ന് ഹാജരാകണം, സിപിഎം ജില്ലാ സെക്രട്ടറിയോട് ഇഡി; മുഖ്യമന്ത്രിയുടെ നവകേരള സദസുണ്ടെന്ന് മറുപടി

Latest Videos
Follow Us:
Download App:
  • android
  • ios