Asianet News MalayalamAsianet News Malayalam

പ്രതിഷേധങ്ങൾ ഫലം കാണുന്നോ? കരാർ നിയമനങ്ങൾ സ്ഥിരപ്പെടുത്തുന്നത് നിർത്തിവച്ച് സർക്കാർ

ഇതുവരെ നടത്തിയ കരാർ നിയമനങ്ങളുടെ സ്ഥിരപ്പെടുത്തൽ റദ്ദാക്കില്ല. എന്നാൽ ഇന്നത്തെ മന്ത്രിസഭായോഗത്തിലടക്കം പരിഗണിച്ചിരുന്ന സ്ഥിരപ്പെടുത്തൽ തീരുമാനങ്ങൾ താൽക്കാലികമായി പരിഗണിക്കുന്നില്ലെന്ന് സർക്കാർ തീരുമാനിക്കുന്നു. 

appointing temporary staff to psc posts government holds decicion
Author
Thiruvananthapuram, First Published Feb 17, 2021, 1:35 PM IST

തിരുവനന്തപുരം: കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരെയും പിൻവാതിൽ നിയമനങ്ങൾക്കെതിരെയും പ്രതിഷേധങ്ങൾ ശക്തമായ പശ്ചാത്തലത്തിൽ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നീക്കങ്ങൾ താൽക്കാലികമായി നിർത്തി വച്ച് സംസ്ഥാനസർക്കാർ. ഇന്നത്തെ മന്ത്രിസഭായോഗത്തിലാണ് സർക്കാരിന്റെ തീരുമാനം. സ്ഥിരപ്പെടുത്തൽ നടപടി സുതാര്യമാണെന്നും, എന്നാൽ പ്രതിപക്ഷം തെറ്റിദ്ധാരണ പടർത്തുകയാണെന്നും വിലയിരുത്തിയാണ് സ്ഥിരപ്പെടുത്തൽ തീരുമാനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ മന്ത്രിസഭായോഗം തീരുമാനിക്കുന്നത്.

വിവിധ വകുപ്പുകളിൽ പരമാവധി തസ്തികകൾ സൃഷ്ടിക്കാനും സംസ്ഥാനസർക്കാർ തീരുമാനിച്ചിട്ടുണ്ട്. 35 ഹയർ സെക്കൻഡറി സ്കൂളുകളിലായി 151 തസ്തിക സൃഷ്ടിക്കും. ആരോഗ്യവകുപ്പിൽ 3000 തസ്തിക സൃഷ്ടിക്കും. പരിയാരം മെഡിക്കൽ കോളേജിൽ - 772, ആരോഗ്യ വകുപ്പ് ഡയറക്ട്രേറ്റിൽ - 1200, ആയുഷ്  വകുപ്പിൽ- 300, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ - 728 എന്നിങ്ങനെയാണ് ആരോഗ്യവകുപ്പിലെ തസ്തിക സൃഷ്ടിക്കൽ. മണ്ണ് സംരക്ഷണ വകുപ്പിൽ 111 തസ്തിക സൃഷ്ടിക്കാനും തീരുമാനമായിട്ടുണ്ട്. 

ഇതുവരെ നടത്തിയ കരാർ നിയമനങ്ങളുടെ സ്ഥിരപ്പെടുത്തൽ റദ്ദാക്കില്ല. എന്നാൽ ഇന്നത്തെ മന്ത്രിസഭായോഗത്തിലടക്കം പരിഗണിച്ചിരുന്ന സ്ഥിരപ്പെടുത്തൽ തീരുമാനങ്ങൾ താൽക്കാലികമായി പരിഗണിക്കുന്നില്ലെന്ന് സർക്കാർ തീരുമാനിക്കുകയാണ്. ആരോഗ്യ, റവന്യൂ വകുപ്പുകളിലേക്ക് അടക്കം കൂടുതൽ തസ്തികകൾ സൃഷ്ടിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇന്ന് നൂറ്റിയമ്പതോളം പേരെ സ്ഥിരപ്പെടുത്താനുള്ള അജണ്ട ഇന്ന് മന്ത്രിസഭായോഗത്തിന് മുന്നിലുണ്ടായിരുന്നു. 

പത്ത് വർഷം തികച്ചവരെ മാത്രമാണ് സ്ഥിരപ്പെടുത്താൻ തീരുമാനിച്ചിരുന്നതെന്നും, ഇത് തീർത്തും സുതാര്യമായ നടപടിയാണെന്നും സർക്കാർ മന്ത്രിസഭായോഗത്തിൽ വിലയിരുത്തി. ഇതിൽ മനുഷ്യത്വപരമായ പരിഗണനയാണ് സർക്കാർ പ്രധാനമായും നൽകിയിരുന്നത്. എന്നാൽ പ്രതിപക്ഷം ഇതേക്കുറിച്ച് വലിയ തെറ്റിദ്ധാരണ പരത്തുകയാണ്. ഈ സാഹചര്യത്തിൽ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് നിർത്തി വയ്ക്കാമെന്നാണ് സർക്കാർ തീരുമാനം. 

അതേസമയം, മിക്ക വകുപ്പുകളിലേക്കുമുള്ള സ്ഥിരപ്പെടുത്തൽ നിയമനങ്ങൾ നടന്നുകഴിഞ്ഞുവെന്നതും ശ്രദ്ധേയമായ കാര്യമാണ്. അടുത്തയാഴ്ച തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നുകഴിഞ്ഞാൽപ്പിന്നെ, മന്ത്രിസഭായോഗം ചേരാനാകില്ല. ഇത് കണക്കിലെടുത്ത് ദീർഘമായ മന്ത്രിസഭായോഗമാണ് ഇന്ന് ചേർന്നത്. വിശദമായ ചർച്ചയ്ക്ക് ശേഷമാണ് സ്ഥിരപ്പെടുത്തൽ തൽക്കാലം നിർത്തിവയ്ക്കാൻ സർക്കാർ തീരുമാനിച്ചതെന്നാണ് വിവരം.

തത്സമയസംപ്രേഷണം:

Follow Us:
Download App:
  • android
  • ios