വ്യാജ പ്രചാരണം നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകുക. വ്യാജ ഒപ്പും സീലില്ലാത്ത ലെറ്റര്‍പാഡുമുണ്ടാക്കി കത്ത് പ്രചരിപ്പിച്ചെന്നാണ് പരാതി. 

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ നിയമന കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രൻ ഇന്ന് പൊലീസിൽ പരാതി നൽകും. 
വ്യാജ പ്രചാരണം നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകുക. വ്യാജ ഒപ്പും സീലില്ലാത്ത ലെറ്റര്‍പാഡുമുണ്ടാക്കി കത്ത് പ്രചരിപ്പിച്ചെന്നാണ് പരാതി. 

കോഴിക്കോട് നിന്ന് ഇന്ന് തിരുവനന്തപുരത്ത് എത്തിയ ശേഷം സിറ്റി പൊലീസ് കമ്മീഷണർക്കോ മ്യൂസിയം പൊലീസിനോ പരാതി നൽകാനാണ് ആലോചന. അതിന് ശേഷം മാധ്യമങ്ങളെ കണ്ട് വിശദീകരണം നൽകും. അതിനിടെ മേയര്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. 

കരാര്‍ നിയമനങ്ങൾക്ക് സിപിഎം പട്ടിക ആവശ്യപ്പെട്ട് കത്ത് വിവാദത്തിൽ കുടുങ്ങിയിരിക്കുകയാണ് തിരുവനന്തപുരം നഗരസഭ. ആരോഗ്യമേഖലയിലെ ഒഴിവുകളിലേക്ക് മുൻഗണനാ ലിസ്റ്റ് ആവശ്യപ്പെട്ടാണ് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ ആര്യാ രാജേന്ദ്രന്റെ ഔദ്യോഗിക ലെറ്റര്‍പാഡിൽ കത്ത്. തൊട്ട് പിന്നാലെ എസ്എടി ആശുപത്രി പരിസരത്തെ വിശ്രമ കേന്ദ്രത്തിലേക്ക് ആളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡിആര്‍ അനിൽ ജില്ലാ സെക്രട്ടറിക്ക് അയച്ച കത്തും പുറത്തു വന്നു. നിയമനവുമായി ബന്ധപ്പെട്ട ഒരു കത്തും നൽകിയിട്ടില്ലെന്നാണ് മേയറുടെ വാദം. 

കോര്‍പറേഷന് കീഴിലെ അര്‍ബൻ പ്രൈമറി ഹെൽത്ത് സെൻ്ററുകളിലേക്ക് 295 ഒഴിവുണ്ട്. ഡോക്ടര്‍മാര്‍ അടക്കം ഒമ്പത് തസ്തികകളിൽ ഒഴിവുകളിലേക്ക് ഓൺലൈൻ അപേക്ഷ നൽകണം. ഉദ്യോഗാര്‍ത്ഥികളുടെ മുൻഗണന പട്ടിക ലഭ്യമാക്കാൻ നടപടി ആവശ്യപ്പെട്ടാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് കത്ത്. മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡിൽ സഖാവേ എന്ന അഭിസംബോധന ചെയ്ത് അയച്ച കത്ത് മെഡിക്കൽ കോളേജ് വാര്‍ഡിലെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നാണ് സമൂഹമാധ്യമത്തിൽ വൈറലായത്. കത്തയച്ച ഒന്നാംതിയതി "എവിടെ എന്റെ തൊഴിൽ" എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ പാര്‍ലമെന്റ് മാര്‍ച്ചിൽ പങ്കെടുക്കാൻ ദില്ലിയിൽ ആയിരുന്നു എന്നും കത്തിനെ കുറിച്ച് അറിയില്ലെന്നുമാണ് മേയര്‍ ആര്യാ രാജേന്ദ്രന്റെ വിശദീകരണം. കത്തിന്റെ സീരിയൽ നമ്പറിലും ഒപ്പിലും വ്യക്തതയില്ല. സ്വന്തം നിലക്കും പാര്‍ട്ടി തലത്തിലും അന്വേഷിക്കും. വ്യാജപ്രചാരണങ്ങൾക്കെതിരെ നിയമനടപടി്കൾ സ്വീകരിക്കുമെന്നും മേയര്‍ വ്യക്തമാക്കി. കത്ത് കിട്ടിയില്ലെന്ന് പറഞ്ഞ ആനാവൂര്‍ നാഗപ്പന് പക്ഷെ അതിന്റെ ആധികാരികതയിൽ അവ്യക്തതയാണ്

മേയറുടെ കത്ത് വിവാദമായതിന് തൊട്ട് പിന്നാലെയാണ് കോര്‍പറേഷനിലെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് കൂടിയായ ഡിആര്‍ അനിലിന്റെ ലെറ്റര്‍ പാഡിലെഴുതിയ മറ്റൊരു കത്ത് പുറത്ത് വരുന്നത്. എസ്എടി ആശുപത്രി പരിസരത്തെ വിശ്രമ കേന്ദ്രത്തിലേക്ക് വേണ്ടത് മൂന്ന് തസ്തികകളിലായി ഒമ്പത് പേര്‍. യോഗ്യരായ കുടുംബശ്രീ അംഗങ്ങളുടെ ലിസ്റ്റ് ആവശ്യപ്പെട്ട് കത്ത് അയച്ചത് ഒക്ടോര്‍ 24 ന് . മേയര്‍ ആര്യാ രാജേന്ദ്രൻ ആനാവൂര്‍ നാഗപ്പന് അയച്ച കത്ത് ഡിആര്‍ അനിലാണ് വാര്‍ഡിലെ വാട്സാപ്പ് ഗ്രൂപ്പിലിട്ടതെന്നും അതാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതെന്നുമുള്ള വിവരം പുറത്തായതിന് പിന്നാലെയാണ് ഡിആര്‍ അനിലിന്റെ കത്തും വൈറലായത്. സ്വജന പക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും ആരോപിച്ച് പ്രതിപക്ഷമാകെ പ്രതിഷേധത്തിലാണ്.

Read Also: 'അന്ന് ഇ പി ജയരാജന്‍ രാജിവെച്ചത് ഇതേ കാര്യത്തിന്, മേയറിന് തുടരാൻ അർഹതയില്ല'; നിലപാട് കടുപ്പിച്ച് ചെന്നിത്തല