Asianet News MalayalamAsianet News Malayalam

അറബിക്കടലിൽ 24 മണിക്കൂറിൽ ചുഴലിക്കാറ്റ്; തീവ്ര ന്യൂനമർദ്ദമായെന്ന് മുന്നറിയിപ്പ്, ശക്തമായ മഴയ്ക്ക് സാധ്യത

നിലവിലെ അവലോകനം പ്രകാരം ഈ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തെ ബാധിക്കാനിടയില്ല

Arabian sea new cyclone to be formed in 24 hours Rain alert kgn
Author
First Published Oct 20, 2023, 12:02 PM IST

തിരുവനന്തപുരം: അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് മുന്നറിയിപ്പ്. അറബിക്കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി രൂപാന്തരം പ്രാപിച്ചതോടെയാണ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യൂനമർദ്ദം 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റാകുമെന്നാണ് അറിയിപ്പിൽ പറയുന്നത്. പിന്നീട് ഇത് തീവ്ര ചുഴലിക്കാറ്റായി മാറും. ഇതിന് ശേഷം ഒമാൻ-യെമൻ തീരത്തേക്കാകും ചുഴലികാറ്റ് നീങ്ങുകയെന്നാണ് അറിയിപ്പിൽ വ്യക്തമാക്കുന്നത്.

നിലവിലെ അവലോകനം പ്രകാരം ഈ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തെ ബാധിക്കാനിടയില്ലെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കേരളമടക്കമുള്ള പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ബംഗാൾ ഉത്കടലിൽ രൂപപ്പെട്ട ന്യുന മർദ്ദം തിങ്കളാഴ്ചയോടെ തീവ്ര ന്യുന മർദ്ദമായി മാറാനും സാധ്യതയുണ്ട്. കേരളത്തിൽ വരും ദിവസങ്ങളിൽ അങ്ങിങ്ങായി മഴക്ക് സാധ്യതയുണ്ടെന്നും തെക്കൻ കേരളത്തിൽ കൂടുതൽ മഴ ലഭിക്കുമെന്നും കാലാവസ്ഥാ മുന്നറിയിപ്പിൽ പറയുന്നു.

ഇന്നലെ രാത്രി 11.30 യോടെയാണ് അറബിക്കടലിൽ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായത്. സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഇന്നലെ പുറപ്പെടുവിച്ച മഴ മുന്നറിയിപ്പിൽ വ്യക്തമാക്കിയത്. മലയോര മേഖലകളിൽ കൂടുതൽ മഴയുണ്ടാകുമെന്ന് അറിയിപ്പിൽ പറഞ്ഞിരുന്നു. കേരള, കർണാടക തീരത്തും, ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് വിലക്കുണ്ട്. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ തുലാവർഷം തെക്കേ ഇന്ത്യക്ക് മുകളിൽ എത്തിച്ചേരും. ബംഗാൾ ഉൾക്കടലിൽ നാളെയോടെ ന്യൂനമർദ്ദം രൂപപ്പെടും. ഇതിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യത.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios