ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ ആചാരലംഘനം ഉണ്ടായെന്ന് പള്ളിയോട സേവാ സംഘം പൊതുയോഗം. തന്ത്രി നിർദ്ദേശിച്ച പരിഹാരക്രിയകൾ വൈകാതെ പൂർത്തിയാക്കാനും തീരുമാനം

പത്തനംതിട്ട: ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ ആചാരലംഘനം ഉണ്ടായെന്ന് പള്ളിയോട സേവാ സംഘം പൊതുയോഗം. തന്ത്രി നിർദ്ദേശിച്ച പരിഹാരക്രിയകൾ വൈകാതെ പൂർത്തിയാക്കാനും തീരുമാനമുണ്ട്. ആചാരലംഘനം ഉണ്ടായിട്ടില്ലെന്ന പള്ളിയോട സേവാസംഘം നേതൃത്വത്തിന്‍റെ തീരുമാനത്തെ പാടെ തള്ളുന്നതാണ് പൊതുയോഗ തീരുമാനം. ഉരുളി വെച്ച് എണ്ണ സമർപ്പണം, പതിനൊന്നു പറയുടെ സദ്യ എന്നിവയാണ് പരിഹാരമായി തന്ത്രി നിർദ്ദേശിച്ചിട്ടുള്ളത്. എന്നാൽ, പരിഹാരക്രിയകൾ എന്ന് ചെയ്യണം എന്നതിൽ തീരുമാനമായിട്ടില്ല. അഷ്ടമിരോഹിണി നാളിൽ ദേവന് നിവേദിക്കും മുൻപ് ദേവസ്വം മന്ത്രി വിഎൻ വാസവൻ അടക്കം പ്രധാനപ്പെട്ട ആളുകൾക്ക് സദ്യ വിളമ്പിയത് നേരത്തെ വിവാദമായിരുന്നു.

ആചാരലംഘനം നടത്തിയിട്ടില്ല‌െന്നും വിവാദം ആസൂത്രിതമാണെന്നും കുബുദ്ധിയിൽ ഉണ്ടായതാണെന്നുമായിരുന്നു മന്ത്രി വിഎൻ വാസവൻ നേരത്തെ പ്രതികരിച്ചത്. പള്ളിയോട സംഘമാണ് സദ്യക്ക് കൊണ്ടുപോയത്. ചടങ്ങുകൾ പൂർത്തിയാക്കാൻ സദ്യ കഴിക്കണമെന്ന് പറഞ്ഞു. വളരെ അവാസ്തവവും അടിസ്ഥാന രഹിതവുമായ കാര്യങ്ങളാണ് വന്നിട്ടുള്ളത്. അഷ്ടമി രോഹിണി ദിവസം നടന്ന സംഭവം 31 ദിവസങ്ങള്‍ക്കുശേഷം വിവാദമായി വന്നതിന്‍റെ യുക്തി മനസിലാകുന്നില്ല. സാമാന്യബുദ്ധിക്ക് ആലോചിച്ചാൽ ആസൂത്രിതമായ രൂപത്തിലൊരു കത്ത് കൊടുത്ത് ഒരു മര്യാദരഹിതമായ വാര്‍ത്തയുണ്ടാക്കി എന്നുള്ളതാണ് വസ്തുതെന്നുമായിരുന്നു മന്ത്രി ആരോപിച്ചത്. അവിടെ മറ്റൊരു തരത്തിലുള്ള കാര്യങ്ങളും ലംഘിക്കാനോ ആചാരം ലംഘിക്കാനോ ഒന്നും പോയിട്ടില്ലെന്നും വി എൻ വാസവൻ പറഞ്ഞിരുന്നു.