Asianet News MalayalamAsianet News Malayalam

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്; ഒരുക്കങ്ങൾ പൂർത്തിയായി

ഉത്രട്ടാതി വള്ളംകളിക്കൊരുങ്ങി ആറൻമുള. 52 പള്ളിയോടങ്ങളാണ് ജലോത്സവത്തിൽ അണിനിരക്കുന്നത്. പമ്പയിലെ ജലനിരപ്പുയർത്താൻ മണിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു.

aranmula uthrattathi boat race today
Author
Pathanamthitta, First Published Sep 15, 2019, 7:24 AM IST

പത്തനംതിട്ട: ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി വള്ളംകളി ഇന്ന്. ജലോത്സവത്തോടനുബന്ധിച്ച് പമ്പാ നദിയിൽ ജലനിരപ്പ് ഉയർത്താൻ മണിയാർ ഡാമിന്‍റെ ഷട്ടറുകൾ തുറന്നു. വള്ളംകളിക്കുള്ള ഒരുക്കങ്ങൾ ആറന്മുളയിൽ പൂർത്തിയായി.

പമ്പയിലെ ജലരാജക്കാന്മാരുടെ പൂരത്തിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി നില്‍ക്കുന്നത്. 52 പള്ളിയോടങ്ങളാണ് ജലോത്സവത്തിൽ പങ്കെടുക്കുന്നത്. രണ്ട് ബാച്ചുകളായി ആണ് വള്ളംകളി. ഒന്നാം സ്ഥാനം ലഭിക്കുന്ന പള്ളിയോടത്തിന് രണ്ട് ബാച്ചിലും മന്നം ട്രോഫി ലഭിക്കും. വേഗത്തിന് പ്രാധാന്യം നൽകാതെ വഞ്ചിപ്പാട്ടുകൾ, തുഴച്ചിൽ ശൈലി, ചമയം വേഷം , അച്ചടക്കം എന്നിവയുടെ അടിസ്ഥാനത്തിലാണ് വിജയികളെ കണ്ടെത്തുക. ഉച്ചക്ക് ഒരു മണിക്ക് ടൂറിസം മന്ത്രി കടകം പള്ളി സുരേന്ദ്രൻ ജലോത്സവം ഉദ്ഘാടനം ചെയ്യും. മത്സര വള്ളംകളിയുടെ ഉദ്ഘാടനം ജലവകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിർവ്വഹിക്കും. നാടൻ കലകളുടെ അവതരണവും ഉണ്ടാകും. 

ജലോത്സവത്തോടനുബന്ധിച്ച് പമ്പയിൽ ജലനിരപ്പ് ഉയർത്താൻ മണിയാർ ഡാമിന്‍റെ ഷട്ടറുകൾ തുറന്നു. കൂടാതെ മൂഴിയാർ, കക്കാട് വൈദ്യുത നിലയങ്ങളിൽ ഉത്പാദനം പൂർണതോതിൽ നടത്തുന്നുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്തി. ജില്ലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിട്ടുണ്ട്. പ്രളയത്തെ തുടർന്ന് കഴിഞ്ഞ വർഷം വള്ളംകളി നടന്നിരുന്നില്ല. അതുകൊണ്ട് തന്നെ ഇക്കുറി കൂടുതൽ ജനപങ്കാളിത്തം ഉത്രട്ടാതി വള്ളകളിക്ക് ഉണ്ടാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

Follow Us:
Download App:
  • android
  • ios