ഇന്ത്യയുടെ ഊഷ്മളത എല്ലാവരെയും ഒരുപോലെ കാണുന്നതാണെന്നും ക്ലീമിസ് കതോലിക്ക ബാവ പറഞ്ഞു

തിരുവനന്തപുരം: കക്കുകളി പ്രദർശനം കേരളത്തിൽ നിരോധിക്കണമെന്ന് കർദ്ദിനാൾ മാർ ക്ലീമിസ്. സംസ്ഥാന സർക്കാരും രാഷ്ട്രീയ പാർട്ടികളും നിലപാട് വ്യക്തമാക്കണം. നാടകത്തിൽ പ്രത്യേകമായി എന്ത് കലാമൂല്യമാണുള്ളത്? ക്രൈസ്തവ സന്യാസിനികൾക്കെതിരെ അവഹേളനമാണ് നാടകത്തിന്റെ ഉള്ളടക്കം. വിമർശിക്കുന്നത് അല്ല വിഷയം. അതിനെ സന്യസ്ത ജീവിതത്തെ ലൈംഗികവത്കരിച്ച് അവഹേളിക്കുന്ന നീചമായ പ്രവർത്തിയാണ് നാടകത്തിലേതെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം കേരളാ സ്റ്റോറി വിഷയത്തിൽ നിലപാട് പറയാൻ അദ്ദേഹം തയ്യാറായില്ല. ആദ്യം കാക്കുകളി വിഷയത്തിൽ സർക്കാരിനെ ബോധ്യപ്പെടുത്തട്ടെയെന്ന് അദ്ദേഹം പറഞ്ഞു. കക്കുകളിയടക്കം കേരളത്തിൽ മതമൈത്രി ദുർബലമാക്കുന്ന ഒന്നും പ്രോത്സാഹിപ്പിക്കാൻ പാടില്ല. വിഭാഗീയത, വിഭിന്നത ഇവയ്ക്ക് മുൻതൂക്കം കിട്ടുന്നത് ശ്രദ്ധയോടെ കാണണം. ഇവയെ അതിജീവിക്കാൻ കഴിയണം. അരാഷ്ട്രീയ വാദം വർഗീയത വർദ്ധിപ്പിക്കും. തികഞ്ഞ രാഷ്ട്രീയ ബോധം വളർച്ചയ്ക്ക് അവശ്യമാണ്. എല്ലാവരെയും മാനിക്കുന്ന, പരിഗണിക്കുന്ന, ദുർബലരായ സഹായിക്കുന്ന അവബോധം എല്ലാവർക്കും ലഭിക്കട്ടെ. ഇന്ത്യയുടെ ഊഷ്മളത എല്ലാവരെയും ഒരുപോലെ കാണുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

YouTube video player