രാജേന്ദ്ര ആർലേക്കറിനെ കെട്ടിപ്പിടിച്ച് യാത്രയാക്കിയതിൽ മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി കെ ടി ജലീൽ. ഉന്നത വിദ്യാഭ്യാസ രംഗത്ത് ആർഎസ്എസ് അനുകൂലികളെ കുത്തിനിറച്ച ഒരാളെയാണ് മുഖ്യമന്ത്രി കെട്ടിപ്പിടിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. ഇതൊരു രാഷ്ട്രീയ ഡീൽ ആണോ എന്നും ജലീൽ ചോദിക്കുന്നു.

തിരുവനന്തപുരം: രാജേന്ദ്ര ആർലേക്കറിനെ കെട്ടിപ്പിടിച്ച് യാത്രയാക്കിയതിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ കടുത്ത വിമർശനവുമായി മുൻ മന്ത്രി കെ ടി ജലീൽ. ആർഎസ്എസ് അനുകൂലികളെ ഉന്നത വിദ്യാഭ്യാസ രംഗത്തും ഭരണാധികാര സ്ഥാനങ്ങളിലും കുത്തിനിറച്ച ഒരാളെയാണ് മുഖ്യമന്ത്രി കെട്ടിപ്പിടിച്ചതെന്ന് കുറിപ്പിൽ പറയുന്നു. 'ഇതല്ലേ മുഖ്യമന്ത്രീ 'ഡീൽ'? വടശ്ശേരി ദാമോദരൻ മകൻജി അങ്ങ് കോൺഗ്രസ് മുഖ്യമന്ത്രിയാണോ, അതോ ബിജെപി മുഖ്യമന്ത്രിയാണോ?" എന്ന് ചോദിച്ചുകൊണ്ടാണ് കെ ടി ജലീലിന്‍റെ കുറിപ്പ് അവസാനിക്കുന്നത്.

കെ ടി ജലീലിന്‍റെ പോസ്റ്റ് വായിക്കാം

ഒരു ആ‍ർഎസ്എസുകാരനെ കെട്ടിപ്പിടിച്ചോട്ടെ!

ഉമ്മം വെച്ചോട്ടെ!

ബൊക്ക കൊടുത്തോട്ടെ!

ഷാൾ അണിയിച്ചോട്ടെ!

പക്ഷെ അതെല്ലാം ഒരു കോൺഗ്രസ് മുഖ്യമന്ത്രി ചെയ്യാൻ പാടുണ്ടോ?

അതും യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ "വന്ദേമാതരം" മുഴുവൻ ചൊല്ലിച്ച് പാണക്കാട് തങ്ങളെ പോലും എഴുന്നേറ്റ് നിർത്തിച്ച ഒരാളെ!

സർവകലാശാലകളിൽ ''വന്ദേമാതരം" പതിവാക്കിയ ഒരാളെ!

നമ്മുടെ സർവകലാശാലകളുടെ സെനറ്റിൽ ആർ.എസ്.എസ്സുകാരെ കുത്തിനിറച്ച ഒരാളെ!

സർവകലാശാലാ വൈസ് ചാൻസലർമാരായി സംഘികളെ നിയമിച്ച് യൂണിവേഴ്സിറ്റികൾ കാവിവൽക്കരിച്ച ഒരാളെ!

ഉന്നതകലാലയങ്ങളിലെ പഠനബോർഡുകളിൽ ആർ.എസ്.എസ് അനുകൂലികളെ വെക്കാൻ വി.സിമാർക്ക് നിർദ്ദേശം നൽകിയ ഒരാളെ!

പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിടാൻ പോകുന്ന പോക്കിൽ പ്രസിഡണ്ടിന് ശുപാർശ നൽകിയ ഒരാളെ!

ഇതല്ലേ മുഖ്യമന്ത്രീ ''ഡീൽ"? വടശ്ശേരി ദാമോദരൻ മകൻജീ അങ്ങ് കോൺഗ്രസ് മുഖ്യമന്ത്രിയാണോ, അതോ ബി.ജെ.പി മുഖ്യമന്ത്രിയാണോ?