അരിക്കൊമ്പന്‍ ദൗത്യമേഖലയിൽ തന്നെയുണ്ട്. ഒപ്പം മറ്റൊരാന കൂടിയുള്ള ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
തിരുവനന്തപുരം: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ ഉടന്‍ മയക്കുവെടി വയ്ക്കും. കുങ്കിയാനകള്‍ കൊമ്പന് അരികിലായി നിലയുറപ്പിച്ച് കഴിഞ്ഞു. അരിക്കൊമ്പന്‍ ദൗത്യമേഖലയിൽ തന്നെയുണ്ട്. ഒപ്പം വേറെയും ആനകള്‍ കൂടിയുള്ള ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ട്രാക്കിംഗ് ടീമ്മിന്‍റെ നിരീക്ഷണത്തിലാണ് അരിക്കൊമ്പന്‍ ഉള്ളത്. കൊമ്പനെ ഉടന്‍ മയക്കുവെടി വയ്ക്കും എന്നാണ് അറിയുന്നത്. അരിക്കൊമ്പൻ ദൗത്യം കണക്കിലെടുത്ത് ചിന്നക്കനാൽ പഞ്ചായത്തിലും ശാന്തൻപാറ പഞ്ചായത്തിലെ ആദ്യ രണ്ട് വാർഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സിമന്‍റ് പാലം ഭാഗത്തേക്കുള്ള റോഡ് 301 കോളനിക്ക് തിരിയുന്ന സ്ഥലത്ത് വെച്ച് അടച്ചു.
ആരാണീ അരിക്കൊമ്പന്‍?
ചിന്നക്കനാല്‍, ആനയിറങ്കല്‍, ശാന്തന്‍പാറ മേഖലകളില്‍ വിലസുന്ന കാട്ടാനയാണ് അരിക്കൊമ്പന്‍. അരിക്കൊതിയനായ കൊമ്പനായതിനാലാണ് നാട്ടുകാര്‍ കൊമ്പനം അരിക്കൊമ്പൻ എന്ന് വിളിക്കുന്നത്. ഇടയ്ക്കിടയ്ക്ക് നാട്ടിൽ വന്ന് പോകുന്നതാണ് അരിക്കൊമ്പന്റെ രീതി. അരി തേടിയുള്ള യാത്രക്കിടയില്‍ വീടുകളും കെട്ടിടങ്ങളും കൃഷിയും തകർക്കും.
അരിക്കൊമ്പൻ ചെയ്തത് എന്ത്?
അരിക്കൊമ്പൻ നിരവധിപ്പേരെ കൊന്നിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. വീടും കടകളുമൊക്കെയായി 180 കെട്ടിടങ്ങൾ അരിക്കൊമ്പൻ തകർത്തതെന്നാണ് സര്‍ക്കാര്‍ രേഖകൾ പറയുന്നത്. ആളെ കൊന്നതിന് തെളിവില്ലെങ്കിലും സ്ഥിരം ശല്യക്കാരനെന്നും വനംവകുപ്പ് പറയുന്നു. വീടുകളും മറ്റും തകർത്തപ്പോൾ 30 ഓളം പേര്‍ക്ക് പരിക്കേറ്റതായും വനംവകുപ്പ് വ്യക്തമാക്കുന്നുണ്ട്.

സർക്കാർ ചെയ്തത്
- 2017 മുതൽ അരിക്കൊമ്പനെതിരെ നാട്ടുകാരുടെ നിരന്തര പരാതി
- 2018 ൽ മയക്കുവെടിവെച്ച് പിടിക്കാന്‍ തീരുമാനമുണ്ടായെങ്കിലും നടപ്പായില്ല
- ഈ വര്‍ഷം അരിക്കൊമ്പനെ തളയ്ക്കാനുള്ള തീരുമാനം സർക്കാർ എടുത്തു
- എന്നാൽ ഇതിനെതിരെ മൃഗസ്നേഹികളുടെ സംഘടന ഹൈക്കോടതിയെ സമീപിച്ചു
മൃഗസ്നേഹികൾ കോടതിയിൽ പറഞ്ഞത്
വാസസ്ഥലവും ഭക്ഷണവും ഇല്ലാത്തതിനാലാണ് കാട്ടാന കാടിറങ്ങുന്നത്. അരിക്കൊമ്പന് സ്വാഭാവിക സാഹചര്യത്തിൽ ജീവിക്കാൻ അവകാശമുണ്ടെന്നും മൃഗസ്നേഹികൾ കോടതിയിൽ പറഞ്ഞു. ഭക്ഷണത്തിന് വേണ്ടിയുള്ള അന്വേഷണം മാത്രമാണ് അരിക്കൊമ്പന്റെ പരാക്രമമെന്നും മൃഗസ്നേഹികൾ കോടതിയിൽ പറഞ്ഞു.
കോടതി പറഞ്ഞത്
- അരിക്കൊമ്പനെ പിടികൂടി കൂട്ടിലടയ്ക്കുന്നത് തടഞ്ഞു
- ഉചിതമായ സ്വാഭാവിക പരിസ്ഥിതിയിലേക്ക് മാറ്റാൻ നിർദേശം
- കാട്ടിലുളള മുഴുവന്‍ മൃഗങ്ങളേയും കൂട്ടിലടയ്ക്കാനാവുമോയെന്ന് കോടതി
ഇപ്പോൾ ചെയ്യാൻ പോകുന്നത്
- അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടും
- റേഡിയോ കോളർ ഘടിപ്പിച്ചു മറ്റൊരിടത്തേക്ക് മാറ്റും
- രഹസ്യമായി നാടുകടത്തിയ ശേഷം ആനയെ നിരീക്ഷിക്കും
ആശങ്ക
അരിക്കൊമ്പനെ എവിടെ വിട്ടാലും നാട്ടുകാരുടെ പ്രതിഷേധത്തിന് സാധ്യത. അരി തിന്ന് ശീലിച്ച ആന വീണ്ടും കാടിറങ്ങുമെന്ന് സംശയം
