ഇത് മൂന്നാം തവണയാണ് ലീലയുടെ വീട് അരിക്കൊമ്പൻ തകർക്കുന്നത്. 2017 ൽ വീട് ആക്രമിച്ചപ്പോൾ പട്ടിക വർഗ്ഗ വകുപ്പ് ഒരു ലക്ഷം രൂപ അനുവദിച്ചു. എന്നാൽ കഴിഞ്ഞ വർഷവും ഇത്തവണയും തകർത്തപ്പോൾ ഒന്നും കിട്ടിയില്ല.
ചിന്നക്കനാൽ : ഇടുക്കിയിലെ ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ വീട് നഷ്ടപെട്ടവർക്ക് നഷ്ടപരിഹാരം യഥാസമയം കിട്ടുന്നില്ലെന്ന് പരാതി. കഴിഞ്ഞ ദിവസം അരി കൊമ്പൻ വീട് തകർത്ത സൂര്യനെല്ലി കോളനിയിലെ ലീലക്ക് മുമ്പ് രണ്ട് തവണ നഷ്ടമുണ്ടായതിനും സഹായധനം കിട്ടിയിട്ടില്ല. ചൊവ്വാഴ്ച രാത്രിയിൽ അരിക്കൊമ്പൻ വീടു തകർത്തപ്പോഴുണ്ടായ നടുക്കം ഇപ്പോഴും വിട്ടു മാറിയിട്ടില്ല ലീലയുടെ കൊച്ചുമകൾ ആരതിക്ക്
ഇത് മൂന്നാം തവണയാണ് ലീലയുടെ വീട് അരിക്കൊമ്പൻ തകർക്കുന്നത്. 2017 ൽ വീട് ആക്രമിച്ചപ്പോൾ പട്ടിക വർഗ്ഗ വകുപ്പ് ഒരു ലക്ഷം രൂപ അനുവദിച്ചു. എന്നാൽ കഴിഞ്ഞ വർഷവും ഇത്തവണയും തകർത്തപ്പോൾ ഒന്നും കിട്ടിയില്ല. കാട്ടാന ആക്രമിച്ച വീട് ഏതു നിമിഷവും തകർന്നു വീഴുമെന്ന് ഭയന്ന് ഇവിടെ കിടന്നുറങ്ങാൾ ഇവർക്ക് കഴിയുന്നില്ല. എത്രനാൾ അയൽ വീടുകളിൽ കഴിയേണ്ടി വരുമെന്നും ഇവർക്കറിയില്ല.
പഞ്ചായത്തിന് ഫണ്ടില്ലാത്തതിനാൽ നഷ്ട പരിഹാരം നൽകണമെന്ന് ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡൻറ് അടക്കമുള്ളവരെത്തി വനംവകുപ്പ് മൂന്നാർ ഡിഎഫ്ഒയോട് ആവശ്യപ്പെട്ടിട്ടുണ്ട്. രേഖകൾ പരിശോധിച്ച് ഫണ്ട് ലഭ്യമാകുന്ന മുറക്ക് അനുവദിക്കാമെന്നാണ് വനംവകുപ്പിൻറെ നിലപാട്. ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ മാത്രം ഇതു പോലെ നിരവധി പേരാണ് കിടപ്പാടം നഷ്ടപ്പെട്ടിട്ടും നഷ്ട പരിഹാരം ഒന്നും കിട്ടാതെ വിഷമിക്കുന്നത്.
