Asianet News MalayalamAsianet News Malayalam

അർജുൻ ആയങ്കിയുടെ ഭാര്യ ചോദ്യം ചെയ്യലിന് ഹാജരാകണം; വീട്ടിൽ നിന്നും നിർണ്ണായക തെളിവുകൾ കിട്ടിയതായി കസ്റ്റംസ്

കൊച്ചിയിലെ ഓഫീസിൽ തിങ്കളാഴ്ച എത്താനാണ് നിർദേശം. അർജുൻ്റെ വീട്ടിൽ നിന്നും നിർണ്ണായക തെളിവുകൾ കിട്ടിയതായി കസ്റ്റംസ് അറിയിച്ചു. സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് തെളിയിക്കാൻ കഴിയുന്ന രേഖകളാണ് ലഭിച്ചത്. 

arjun ayankis wife to appear for questioning in smuggling  gold robbery case
Author
Kannur, First Published Jul 3, 2021, 2:00 PM IST

കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുടെ ഭാര്യയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസിന്റെ നിർദേശം. കൊച്ചിയിലെ ഓഫീസിൽ തിങ്കളാഴ്ച എത്താനാണ് നിർദേശം. അർജുൻ്റെ വീട്ടിൽ നിന്നും നിർണ്ണായക തെളിവുകൾ കിട്ടിയതായി കസ്റ്റംസ് അറിയിച്ചു. സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് തെളിയിക്കാൻ കഴിയുന്ന രേഖകളാണ് ലഭിച്ചത്. ഡിജിറ്റൽ തെളിവുകളും കിട്ടിയെന്നും കസ്റ്റംസ് പറഞ്ഞു. 

അതേസമയം, ഇന്ന് അർജൻ കസ്റ്റംസിനോട് തന്റെ മൊഴി തിരുത്തി . തെളിവെടുപ്പിനായി അഴീക്കോട് എത്തിച്ചപ്പോഴാണ് ഫോൺ നഷ്ടപ്പെട്ടുവെന്ന മൊഴി അർജുൻ ആയങ്കി തിരുത്തിയത്. ആളൊഴിഞ്ഞ പറമ്പിൽ നിന്നും കാറ് മാറ്റുന്നതിനിടെ ഫോൺ നഷ്ടപ്പെട്ടു എന്നായിരുന്നു ആദ്യമൊഴി. എന്നാല്‍, ഫോണ് നഷ്ടപ്പെട്ടതല്ല തൊട്ടടുത്ത വളപട്ടണം പുഴയിലേക്ക് ഫോൺ വലിച്ചെറിഞ്ഞു എന്നാണ് പുതിയ മൊഴി. കസ്റ്റംസ് സംഘം അർജുൻ്റെ വീട്ടിലെത്തി പരിശോധന നടത്തുകയാണ്.

കരിപ്പൂരിലെ ഏറ്റവും ഒടുവിലെ സ്വർണക്കടത്തിൽ പങ്ക് നിഷേധിച്ച അർജുൻ, ഇതിന് മുൻപ് സ്വർണക്കടത്തുകാരുടെ പക്കൽ നിന്ന് സ്വർണം കവർന്നതായി സമ്മതിച്ചു. കടത്ത് സ്വർണം കവരാൻ സഹായിച്ചതിന് ടിപി കേസ് പ്രതികൾക്ക് ലാഭവിഹിതം പകരമായി നൽകിയെന്ന് മൊഴിയിൽ പറയുന്നു. ടിപി കേസ് പ്രതികൾ നിർദ്ദേശിക്കുന്ന ആളുകൾക്കാണ് ലാഭവിഹിതം നൽകിയിരുന്നത്. കരിപ്പൂർ സംഭവത്തിന് ശേഷം ഒളിവിൽ പോകാൻ സഹായം കിട്ടിയെന്നും മൊഴിയുണ്ട്. പാനൂർ ചൊക്ലി മേഖലയിലാണ് അർജുൻ ഒളിവിൽ കഴിഞ്ഞത്.

കരിപ്പൂരിൽ വന്നത് പണം വാങ്ങാനാണെന്നും സ്വർണം കവരാനല്ലെന്നും അർജുൻ പറയുന്നു. തെളിവില്ലാത്ത കാര്യങ്ങളിൽ തന്റെ പങ്ക് സമ്മതിച്ച് കേസിൽ നിന്ന് രക്ഷപ്പെടാനാണ് അർജുൻ ശ്രമിക്കുന്നതെന്നാണ് കസ്റ്റംസിന്റെ സംശയം. കേസിൽ നേരത്തെ ചോദ്യം ചെയ്ത സജേഷിനെ കസ്റ്റഡിയിലെടുക്കാൻ തക്ക തെളിവില്ലെന്നാണ് വിവരം. അർജുൻ മൊഴികളിൽ പരാമർശിച്ച പേരുകാരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നതിലൂടെ എല്ലാ കാര്യങ്ങളിലും കൂടുതൽ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ആവശ്യമെങ്കിൽ ടിപി കേസ് പ്രതികളെ കൂടി ചോദ്യം ചെയ്തേക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios