മണിക്കൂറുകളുടെ ഇടവേളകളിൽ വീട്ടിലേക്ക് എത്തിയിരുന്ന വിളികളില്ല. മറു തലയ്ക്കൽ അർജുന്റെ ശബ്ദം കേൾക്കാതെ ഉറ്റവരുടെ കാത്തിരിപ്പ് നീളുകയാണ്

കോഴിക്കോട്: ചെറുപ്പം മുതൽ വളയം പിടിച്ചാണ് അർജുൻ കുഞ്ഞു കുഞ്ഞ് സ്വപ്നങ്ങളിലേക്ക് യാത്ര തുടങ്ങിയത്. കുടുംബത്തിന്‍റെ മുഴുവൻ ഭാരവുമേറ്റിയുള്ള യാത്ര. കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ അകപ്പെട്ട അർജുനെ കാത്തിരിക്കുകയാണ് വീടും നാടും. 

അർജുന്റെ വീട്ടുപടിക്കൽ പൂനൂർ പുഴ കരകവിഞ്ഞു എത്തിയ വെള്ളം ഇറങ്ങി. മൂടാലിക്കുഴിയിൽ വീട്ടിനകത്തു തളം കെട്ടിയ ദുഃഖം ഒഴിഞ്ഞിട്ടില്ല. ഷുരൂരിൽ നിന്നുള്ള ശുഭവാർത്തയ്ക്കായുള്ള കണ്ണാടിക്കലിലെ കാത്തിരിപ്പ് നീളുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇരുണ്ടു കൂടിയ ആകാശം തെളിഞ്ഞു. ആറ് പകലുകൾ പുലർന്നു. കുടുബത്തിന്റെ മുഖത്ത് ആശ്വാസം തെളിയാൻ ഇനിയെത്ര കാത്തിരിക്കണം?

വീടുപോറ്റാൻ 20 ആം വയസ്സിൽ വളയം പിടിച്ചവനാണ് അർജുൻ. ജൂലൈ 8ന് കോട്ടക്കലിൽ നിന്ന് ബ്രിക്‌സ്സുമായി മൈസൂരുവിലെ മലവള്ളിയിലേക്ക് പോയതാണ്. ലോഡ് ഇറക്കി കുശാൽ നഗരയിൽ നിന്ന് തടിയുമായി ബെൽഗമിലേക്ക്. അവിടുന്ന് ആകേഷ്യ ലോഡുമായി എടവണ്ണയിലേക്ക്. ജൂലൈ 15ന് വൈകീട്ട് പുറപ്പെട്ടു. 250 കി മീ യാത്ര പിന്നിട്ടപ്പോൾ ലക്ഷ്മണന്റെ കടയ്ക്ക് അരികെ പതിവ് വിശ്രമം. കേരളത്തിൽ നിന്ന് പോകുന്ന വണ്ടിക്കാർ കുളിക്കാനും ടോയ്‍ലറ്റിൽ പോകാനുമൊക്കെ നിർത്തുന്ന സ്ഥലം.

മണിക്കൂറുകളുടെ ഇടവേളകളിൽ വീട്ടിലേക്ക് എത്തിയിരുന്ന വിളികളില്ല. മറു തലയ്ക്കൽ അർജുന്റെ ശബ്ദം കേൾക്കാതെ ഉറ്റവരുടെ കാത്തിരിപ്പ്. ആശ്വാസ വാക്കോതി വീട്ടിലേക്ക് പലരുമെത്തുന്നു. അർജുൻ ഉടനെ വരുമെന്ന പ്രതീക്ഷയിൽ കുടുംബവും നാടും നമ്മളും.

അർജുനായി തെരച്ചിൽ 6ാം ദിനം: സൈന്യമെത്താൻ വൈകും; ഇതുവരെ ഒന്നും കണ്ടെത്തിയില്ല

YouTube video player