Asianet News MalayalamAsianet News Malayalam

കൂട്ടിക്കലിൽ നിന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തു; ആകെ മരണം ആറ് ആയി; സൈന്യം രക്ഷാപ്രവർത്തനം തുടരുന്നു

കാവാലിയിലും പ്ലാപ്പള്ളിയിലുമായി ഇതുവരെ ആറ് മൃതദേഹമാണ് കണ്ടെടുത്തത്.  മരിച്ചവരിൽ അഞ്ച് പേർ ഒരു കുടുംബത്തിലെ അം​ഗങ്ങളാണ്. ഈ കുടുംബത്തിലെ ഒരാളെ കൂടി കണ്ടെത്താനുണ്ട്.

army continues rescue operations in koottickal
Author
Koottickal, First Published Oct 17, 2021, 10:42 AM IST

മുണ്ടക്കയം: ഇന്നലെ ഉരുൾപൊട്ടലുണ്ടായ കോട്ടയം മുണ്ടക്കയം കൂട്ടിക്കലിൽ നിന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തു. കാവാലിയിലും പ്ലാപ്പള്ളിയിലുമായി ഇതുവരെ ആറ് മൃതദേഹമാണ് കണ്ടെടുത്തത്.  മരിച്ചവരിൽ അഞ്ച് പേർ ഒരു കുടുംബത്തിലെ അം​ഗങ്ങളാണ്. ഈ കുടുംബത്തിലെ ഒരാളെ കൂടി കണ്ടെത്താനുണ്ട്.

ചോലത്തടം കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി കാവാലി ഒറ്റലാങ്കലിലെ മാർട്ടിന്റെ ഭാര്യയും മക്കളും ഉൾപ്പെടെ ആറ് പേരിൽ അഞ്ച് പേരുടെ മൃതദേഹവും ലഭിച്ചു. മാർട്ടിൻ, അമ്മ അന്നക്കുട്ടി, മാർട്ടിന്റെ ഭാര്യ സിനി, മക്കളായ സ്‌നേഹ, സോന, സാന്ദ്ര എന്നിവരാണ് ദുരന്തത്തിൽ പെട്ടത്. അപകടം ഉണ്ടാകുന്ന സമയത്ത് എല്ലാവരും വീട്ടിൽ ഉണ്ടായിരുന്നു. മൂന്ന് കുട്ടികളും വിദ്യാർത്ഥികളാണ്. ഇവരിൽ മൂന്നുപേരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. രണ്ട് പേരുടേത് ഇന്ന് കണ്ടെടുത്തു. മാർട്ടിൻ,സിനി, ,സ്നേഹ, സോന,അന്നക്കുട്ടി എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയ്ത. ഇനി കണ്ടെത്താനുള്ളത് മാർട്ടിന്റെ ഇളയമകൾ സാന്ദ്രയെ ആണ്. ഇവരുടെ വീട് സമീപത്തെ തോട്ടിലേക്ക് പതിക്കുകയായിരുന്നു. ഈ തോട്ടിൽ നിന്നാണ് ഇന്ന് മൃതദേഹം കിട്ടിയിരിക്കുന്നത്. 

ഓട്ടോ ഡ്രൈവറായ ഷാലറ്റിന്റെ മൃതദേഹവും ഇന്ന് രാവിലെ കണ്ടെത്തിയിരുന്നുത്. കൂട്ടിക്കൽ വെട്ടിക്കാനത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. ഷാർലറ്റ് ഇവിടെ ഒരു പുതിയ വീട് പണിയുന്നുണ്ടായിരുന്നു, അവിടേക്ക് എത്തിയപ്പോഴാണ് ദുരന്തത്തിൽ പെട്ടത്. 

കൂട്ടിക്കലിലും കൊക്കയാറിലും തെരച്ചിൽ തുടരുകയാണ്. രണ്ടിടങ്ങളിലായി 12 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.  നാവിക സേന ഹെലികോപ്റ്ററുകൾ കൂട്ടിക്കലിലേക്ക് എത്തിയിട്ടുണ്ട്. ദുരന്ത മേഖലയിൽ കുടുങ്ങി കിടക്കുന്നവർക്ക് ഭക്ഷണ പൊതികൾ വിതരണം ചെയ്യുന്നു. രക്ഷാ പ്രവർത്തനത്തിലും പങ്കാളികളാകും. 

കരസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഫയർഫോഴ്സ് സംഘവും സ്ഥലത്തുണ്ട്. സൈന്യത്തിന്റെ നാല്പത് അം​ഗ സംഘമാണ് രക്ഷാപ്രവർത്തനത്തിനുള്ളത്. പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്നുള്ള മദ്രാസ് റെജിമെന്റ് അം​ഗങ്ങളാണ് ഇത്. കൂട്ടിക്കൽ കാവാലി ഭാ​ഗത്താണ് ഇപ്പോൾ സൈന്യമുള്ളത്. നിലവിൽ ഇവിടെ മഴയില്ല. എന്നാൽ, കനത്ത മഴ പെയ്തേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറഞ്ഞിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios