പാലക്കാട്: വിവാഹം രജിസ്റ്റ‍‍ർ ചെയ്ത ശേഷം വീട്ടിലേക്ക് മടങ്ങിയ നവവരൻ ബൈക്ക് അപകടത്തിൽ മരിച്ചു. കല്ലടിക്കോട് കാഞ്ഞിരാനി മണിയംപാടം രാമകൃഷ്ണൻ–ശശികല ദമ്പതികളുടെ മകൻ വി.ആർ. രാജീവ് (26) ആണു മരിച്ചത്. ഭാര്യയ്ക്ക് മുന്നിലാണ് സൈനികൻ കൂടിയായ രാജീവിന്റെ മരണം സംഭവിച്ചത്.

ആസാമിലെ ടെസ്പൂർ സ്വദേശിനിയായ ധൻദാസിന്റെ മകൾ പ്രിയങ്കാദാസുമായി കഴിഞ്ഞ ജൂൺ ഒൻപതിനായിരുന്നു രാജീവിന്റെ വിവാഹം. കരിമ്പ പഞ്ചായത്തിൽ വിവാഹം രജിസ്റ്റ‍ര്‍ ചെയ്യുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കി വീട്ടിലേക്കു മടങ്ങുകയായിരുന്നു. അവധി കഴിഞ്ഞ് ഇന്ന് തിരികെ ജോലി സ്ഥലത്തേക്ക് പോകാനിരിക്കെയായിരുന്നു അപകടംയ ദേശീയപാത തുപ്പനാട് പാലത്തിനു സമീപത്ത് വച്ച് രാജീവ് സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചു പിക്കപ് വാനിൽ ഇടിക്കുകയായിരുന്നു.

രാജീവ് മാത്രമായിരുന്നു ബൈക്കിലുണ്ടായിരുന്നത്. ബൈക്കിന് പിന്നാലെ ഓട്ടോയിലാണ് ഭാര്യയും അച്ഛനും വന്നത്. പരുക്കേറ്റു കിടന്ന രാജീവിനെ അതേ ഓട്ടോയിൽ സമീപത്തെ ആശുപത്രിയിലെത്തിച്ചു. പിന്നീട് ആംബുലൻസിൽ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആസാമിൽ തുടങ്ങിയ പ്രണയം പ്രതിസന്ധികൾക്കൊടുവിലാണ് വിവാഹത്തിലെത്തിയത്. എന്നാൽ രാജീവും പ്രിയങ്കയും കണ്ട ദാമ്പത്യമെന്ന സ്വപ്നം പൂവണിഞ്ഞില്ല. ആസാമിൽ നിന്ന് ജമ്മു കാശ്മീരിലേക്ക് സ്ഥലംമാറ്റം ലഭിച്ച രാജീവ് ഇന്ന് മടങ്ങാനിരിക്കുകയായിരുന്നു. മൃതദേഹം വാലിക്കോട് വേദവ്യാസ സ്കൂളിൽ പൊതുദർശനത്തിനു വച്ച ശേഷം വൈകിട്ട് ഐവർ മഠം ശ്മശാനത്തിൽ സംസ്കരിക്കും.