മലപ്പുറം: കനത്തമഴയിൽ വലിയ ഉരുൾപ്പൊട്ടലുണ്ടായ കവളപ്പാറയിൽ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം എത്തി. മദ്രാസ് റെജിമെന്‍റിലെ മുപ്പതംഗ സംഘമാണ് കവളപ്പാറയിൽ എത്തിയത്. ഉരുൾപ്പൊട്ടലും മണ്ണിടിച്ചിലും പോലുള്ള പ്രകൃതി ദുരന്തമേഖലകളിൽ രക്ഷാപ്രവര്‍ത്തനം നടത്തി പരിചയമുള്ളവരാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയതെന്നതും നാട്ടുകാര്‍ക്ക് വലിയ പ്രതീക്ഷ നൽകുന്നത്. 

63 പേര്‍ മണ്ണിനടിയിൽ അകപ്പെട്ടുപോയിട്ടുണ്ടെന്നാണ് അധികൃതരുടെ കണക്ക് . ആറുപേരുടെ മൃതദേഹം ആണ് ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്. ഉറ്റവരെ നഷ്ടപ്പെട്ട പലരും സ്വന്തം നിലക്ക് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ ദാരുണമായ കാഴ്ചകളും കവളപ്പാറയിൽ ഉണ്ടായിരുന്നു. 

ഇക്കാണുന്നിടത്തെല്ലാം വീടുകൾ ഉണ്ടായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. നാൽപ്പത് വീടുകളെങ്കിലും മണ്ണിനടിയിലുണ്ടെന്നാണ് കണക്ക്. രക്ഷാ പ്രവര്‍ത്തനം എവിടെ നിന്ന് എങ്ങനെ തുടങ്ങണം എന്ന് പോലും അറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ദുരന്തം ഉണ്ടായി രണ്ട് ദിവസത്തിന് ശേഷവും കവളപ്പാറയിലെ അവസ്ഥ. 

കവളപ്പാറയിൽ നിന്ന് എൻകെ ഷിജുവിന്‍റെ റിപ്പോര്‍ട്ട്: 

"

ദുരന്തനിവാരണ സേനയും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥ എല്ലാറ്റിനും തടസമായി നിന്നു. കനത്ത മഴക്ക് പുറമെ പലതവണ പിന്നെയും പ്രദേശത്ത് ഉരുൾപ്പൊട്ടലുമുണ്ടായി. മാത്രമല്ല ഒന്നര കിലോമീറ്ററോളം മണ്ണിടിഞ്ഞ് പരന്ന് പോയ അവസ്ഥയിലാണ്. പലപ്രദേശങ്ങളിലും വീടു നിന്നിരുന്ന ഭാഗത്ത് രണ്ടും മൂന്നും മീറ്റര്‍ ഉയരത്തിൽ മണ്ണ് അടിഞ്ഞ അവസ്ഥയാണ്. അതുകൊണ്ടു തന്നെ വീടുകൾക്കകത്ത് അകപ്പെട്ടുപോയവരെ കണ്ടെത്താൻ സൂക്ഷമതയോടെയുള്ള രക്ഷാ പ്രവര്‍ത്തനം ആണ് ഉണ്ടാകേണ്ടത് എന്നാണ് വിലയിരുത്തൽ . 

വയനാട് എംപി രാഹുൽ ഗാന്ധി ഇന്ന് ദുരന്തമേഖലയിൽ സന്ദര്‍ശനത്തിന് എത്തുന്നുണ്ട്. നിലമ്പൂര്‍ കവളപ്പാറ മേഖലയിലാണ് രാഹുൽ ഗാന്ധിയുടെ ആദ്യ സന്ദര്‍ശനം. ഉരുൾപ്പൊട്ടൽ മേഖലയിലേക്ക് എത്തുന്ന കാര്യത്തിൽ വ്യക്തത ഇല്ലെങ്കിലും ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.