സാമ്പത്തിക തിരിമറി കേസിൽ അറസ്റ്റ് ചെയ്ത ബിഎൽഎം ചെയർമാൻ പ്രേംകുമാറിന് കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. കൃത്യമായ നിയമനടപടികൾ പാലിക്കാതെയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി നടപടി
കോഴിക്കോട്: സാമ്പത്തിക തിരിമറി കേസിൽ ക്രൈംബ്രാഞ്ച് ചെന്നൈയിൽ നിന്ന് ഇന്നലെ രാത്രി അറസ്റ്റ് ചെയ്ത ബി എൽ എം സ്ഥാപക ചെയർമാൻ പ്രേംകുമാറിന് ജാമ്യം ലഭിച്ചു. നടപടികൾ പാലിക്കാതെയുള്ള അറസ്റ്റാണെന്നടക്കം ചൂണ്ടിക്കാട്ടി കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്. നിയമപരമായി പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അറസ്റ്റിന്റെ കാരണവും സാഹചര്യവുമടക്കം എഴുതി നൽകിയില്ല. അറസ്റ്റ് വിവരം അടുത്ത ബന്ധുവിനെയോ സുഹൃത്തിനെയോ രേഖാമൂലം അറിയിച്ചില്ല എന്നീ പ്രതിഭാഗം വാദങ്ങൾ കോടതി അംഗീകരിച്ചു. ബി എൽ എം സാമ്പത്തിക തിരിമറി കേസിൽ ആയിരം കോടിയിലേറെ രൂപയുടെ ക്രമക്കേട് നടന്നതായാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ക്രൈംബ്രാഞ്ചിന്റേ കള്ളകേസെന്നും നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നും പ്രേംകുമാർ പറഞ്ഞു. അതിനിടെ പ്രേംകുമാറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് തമിഴ്നനാട്ടിൽ രാഷ്ട്രീയ വിവാദം കൊഴുക്കുകയാണ്.
ബി എൽ എം തട്ടിപ്പ് കേസും രാഷ്ട്രീയ വിവാദവും
ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്തും ആകര്‍ഷകമായ ഭവന പദ്ധതികള്‍ അവതരിപ്പിച്ചും ഏതാനും വര്‍ഷങ്ങള്‍ക്കിടെ കോടികളുടെ നിക്ഷേപവും കേരളത്തിലും തമിഴ്നാട്ടിലുമായി വന്‍ തോതില്‍ സ്വത്തുവകകളും വാങ്ങിക്കൂട്ടിയ ബി എ ല്എമ്മിന്റെ അമരക്കാരന് പ്രേംകുമാറിനെ ഇന്നലെ രാത്രിയോടെയായിരുന്നു അറസ്റ്റ് ചെയ്തത്. കമ്പനിയുടെ മുന്‍ സി ഇ ഓ നവീന്‍ നല്കിയ പരാതിയില്‍ കോഴിക്കോട് നടക്കാവ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ക്രൈംബ്രാഞ്ച് സംഘമാണ് ചെന്നൈയിലെത്തി പ്രേംകുമാറിനെ അറസ്റ്റ് ചെയ്തത്. ചെന്നൈയില്‍ നിന്ന് റോഡ് മാര്‍ഗം രാവിലെ പ്രേംകുമാറിനെ ഉച്ചയോടെ കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ചു. പിന്നാലെ ബി എൽ എം നിക്ഷേപ തട്ടിപ്പോ സാമ്പത്തിക തിരുമറിയോ നടന്നിട്ടില്ലെന്ന വാദവുമായി ബി എൽ എം പ്രതിനിധികള്‍ കോഴിക്കോട്ട് വാര്‍ത്താ സമ്മേളനം നടത്തി. ക്രൈംബ്രാഞ്ചിന്റേത് കള്ളകേസെന്നും നാലഞ്ച് പേർ ചേർന്നുള്ള ഗൂഢാലോചനയാണ് തനിക്കെതിരെ നടക്കുന്നതെന്നും പ്രേംകുമാർ പറഞ്ഞു. അതിനിടെ എറണാകുളം കോതമംഗലം പൊലീസും ബി എല്‍ എമ്മിനെതിരെ ഇന്ന് ഒരു കേസ് രജിസ്റ്റര്‍ ചെയ്തു. ബി എല്‍ എമ്മിലെ മുന്‍ ജീവനക്കാരി സോണിയ നല്കിയ പരാതിയിലാണ് കേസ്. ചെയര്‍മാനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു കോടി 60 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കാട്ടി നല്കിയ പരാതിയിലാണ് കേസ്.
അതേസമയം പ്രേംകുമാറിന്റെ അറസ്റ്റ് തമിഴ്നാട്ടില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുളള പോരിനും വഴിവച്ചു. ജൂലൈയിൽ ഒരു സ്വകാര്യ ചാനലിന്റെ ഡയറക്ടർമാർക്കൊപ്പം പ്രേകുമാർ, മുഖ്യമന്ത്രി വിജയിയെ സന്ദർശിച്ചതാണ് വിവാദമായത്. തട്ടിപ്പുകാരനും മുഖ്യമന്ത്രിയും തമ്മിൽ എന്ത് ബന്ധമെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ, സി ബി ഐ, ഇ ഡി, എസ് എഫ് ഐ ഒ അന്വേഷണം ആവശ്യപ്പെട്ടു. എന്നാൽ ചാനലിന്റെ തമിഴ് വിഭാഗവുമായി പ്രേകുമാറിന് ബന്ധം ഇല്ലെന്ന് സ്വകാര്യ ചാനൽ വിശദീകരിച്ചു.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക





