അമേരിക്കൻ സ്റ്റേറ്റ് ഡിപാർട്മെന്റിന്റെ 2026ലെ ഇന്റർനാഷണൽ വിസിറ്റേർസ് ലീഡേർഷിപ്പ് പ്രോഗ്രാമിലേക്ക് മൂന്ന് മലയാളികൾ തെരഞ്ഞെടുക്കപ്പെട്ടു. സുരക്ഷിത അതിർത്തികൾ, കുടിയേറ്റം എന്നീ വിഷയങ്ങളിൽ ഊന്നിയുള്ള ഒരു മാസത്തെ യു.എസ് പര്യടനത്തിൽ ഇവർ പങ്കെടുക്കും.
തിരുവനന്തപുരം: അമേരിക്കൻ സ്റ്റേറ്റ് ഡിപാർട്മെന്‍റ് ഏർപ്പെടുത്തിയ 2026ലെ ഇന്റർനാഷണൽ വിസിറ്റേർസ് ലീഡേർഷിപ്പ് പ്രോഗ്രാമിന് മൂന്ന് മലയാളികൾ അർഹരായി. ഇന്ത്യയിൽ നിന്ന് മാധ്യമ പ്രവർത്തകയായ നിലീന അത്തോളി, സെന്റർ ഫോർ ഇന്ത്യൻ മൈഗ്രന്റ് സ്റ്റഡീസ് മൈഗ്രന്റ് ഫോറം ഇൻ ഏഷ്യയുടെ റിസർച്ച് കൺസൾട്ടന്റ് അഖിൽ സി എസ്, സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസീവ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ബിനോയ് പീറ്റർ എന്നിവർക്കാണ് ക്ഷണം ലഭിച്ചത്.
സുരക്ഷിത അതിർത്തികൾ, സുരക്ഷിത രാഷ്ട്രങ്ങൾ, കുടിയേറ്റം എന്നീ മേഖലയുമായി ബന്ധപ്പെട്ട ഒരു മാസത്തെ പര്യടനത്തിനാണ് മൂവരും പോകുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വ്യത്യസ്ത മേഖലകളിലുള്ള വിദഗ്ധർക്കായി അമേരിക്കൻ സർക്കാർ നടത്തി വരുന്ന അന്താരാഷ്ട്ര പദ്ധതിയാണ് ഐവിഎൽപി. ഒക്ടോബർ 31 മുതൽ വാഷിങ്ടൺ ഡിസി, വെർമോണ്ട്, ന്യൂയോർക്ക്, മിഷിഗൺ, ടെക്സാസ് തുടങ്ങിയ അമേരിക്കൻ സംസ്ഥാനങ്ങളിലാണ് പര്യടനം.
രാംനാഥ് ഗോയങ്ക അവാർഡ്, പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ അവാർഡ് സംസ്ഥാന മാധ്യമ അവാർഡ് അടക്കം ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട് നിലീനക്ക്. നോർക്ക വകുപ്പിൽ ലോക കേരള സഭയുടെ പ്രോഗ്രാം ആൻഡ് റിസർച്ച് ലീഡ് എന്ന നിലയിൽ പ്രവർത്തിച്ചിട്ടുള്ളയാളാണ് അഖിൽ. ഇന്ത്യയിലെ ആഭ്യന്തര തൊഴിൽ കുടിയേറ്റ വിഷയങ്ങളിലെ വിദഗ്ധനാണ് ബിനോയ് പീറ്റർ.




