കന്യാസ്ത്രീകൾ ആവശ്യമായ എല്ലാ രേഖകളും ഹാജരാക്കിയിട്ടുണ്ടെന്നും കെസി വേണുഗോപാൽ പറഞ്ഞു.
ദില്ലി: മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ കെസി വേണുഗോപാൽ എംപി. പ്രസ്താവന നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് കെസി വേണുഗോപാൽ പറഞ്ഞു. എഫ്ഐആറിൽ അന്വേഷണം നടക്കാനിരിക്കെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തന്നെ ബജ്രംഗദളിന്റെ ആരോപണങ്ങൾ ശരിയാണെന്ന് പറഞ്ഞാൽ എന്ത് നീതിയാണ് ലഭിക്കുക.
ബിജെപിയുടെ മുഖ്യമന്ത്രി പറയുന്നു അവർ മനുഷ്യക്കടത്തിനും മതപരിവർത്തനത്തിനും വേണ്ടിയാണ് പോയതെന്ന്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. കന്യാസ്ത്രീകൾ ആവശ്യമായ എല്ലാ രേഖകളും ഹാജരാക്കിയിട്ടുണ്ടെന്നും കെസി വേണുഗോപാൽ പറഞ്ഞു.
മുഖ്യമന്ത്രി തന്നെ ഇങ്ങനെ പറയുമ്പോൾ വലിയ ഗൂഢാലോചനയാണ് ഇതിൽ നടന്നതെന്ന് വ്യക്തമാകുന്നു. ബജ്രംഗ് ദളും മുഖ്യമന്ത്രിയും ഒരേ കാര്യങ്ങൾ ആവർത്തിക്കുമ്പോൾ മുഖ്യമന്ത്രി അടക്കം അറിഞ്ഞുകൊണ്ടുള്ള ഗൂഢാലോചനയാണോ നടന്നതെന്ന് പറയേണ്ടുന്ന അവസ്ഥ. വളരെ ഗൗരവകരമായ വിഷയമാണ്. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ഒരക്ഷരം മിണ്ടുന്നില്ല. നീതി നടപ്പിലാക്കണം. വിഷയം വെറുതെ വിടില്ല.
ബിജെപി വലിയ വില കൊടുക്കേണ്ടിവരും. ബിജെപി സംഘം ഛത്തീസ്ഗഡിൽ പോകുന്നത് പ്രഹസനവും നാടകവുമാണ്. മുഖ്യമന്ത്രി തന്നെ പ്രസ്താവന ഇറക്കിയെടുത്ത് കേരളത്തിൽ നിന്നുള്ള ചെറിയ നേതാക്കൾ പോയിട്ട് എന്ത് കാര്യം. ആടിനെ പട്ടിയാക്കി പട്ടിയെ പേപ്പട്ടി ആക്കി തല്ലിക്കൊള്ളുന്ന പ്രത്യയശാസ്ത്രമാണ് ഇവരുടേത്. വലിയ കൊടുംക്രൂരത കുറ്റം ചെയ്യുന്നവരാണ് കന്യാസ്ത്രീകൾ എന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
കേന്ദ്രമന്ത്രി ജോർജ് കുര്യൻ വിചാരിച്ചാൽ ഒരു ചുക്കും ചെയ്യാൻ കഴിയില്ല. ബിജെപിയുടേത് വോട്ട് ലക്ഷ്യം വെച്ചുള്ള പ്രവർത്തികളാണ്. കോൺഗ്രസ് പ്രതിനിധി സംഘം ഛത്തീസ്ഗഡിൽ പോകുന്നത് ആലോചിക്കുന്നുണ്ട്. ശക്തമായി വിഷയം പാർലമെന്റിനുള്ളിലും പുറത്തും ഛത്തീസ്ഗഡിലും ഉന്നയിക്കും. ഗോവ തെരഞ്ഞെടുപ്പിന് മുൻപ് മാർപാപ്പ ഇന്ത്യ സന്ദർശിക്കുമെന്ന് ബിജെപി പ്രചരിപ്പിച്ചു. കേരളത്തിൽ മുസ്‌ലിങ്ങളാണ് കുഴപ്പമെന്ന് ബിജെപി വരുത്തി തീർക്കുന്നു. കേരളത്തിന് പുറത്ത് ക്രൈസ്തവരാണ് കുഴപ്പമെന്ന് ബിജെപി പറയുന്നതെന്നും കെസി വേണുഗോപാൽ പറഞ്ഞു.



