എന്‍ഐഎ കോടതിയിൽ നടന്ന വാദത്തിനിടെ പ്രോസിക്യൂഷൻ സ്വീകരിച്ചത് അനുകൂല നിലപാടാണെന്ന് റായ്പുര്‍ അതിരൂപത വക്താവ് പറഞ്ഞു
റായ്പുര്‍: ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യഹര്‍ജിയിൽ എന്‍ഐഎ കോടതിയിൽ നടന്ന വാദത്തിനിടെ പ്രോസിക്യൂഷൻ സ്വീകരിച്ചത് അനുകൂല നിലപാടാണെന്ന് റായ്പുര്‍ അതിരൂപത. പ്രോസിക്യൂഷൻ നിലപാട് കന്യാസ്ത്രീകള്‍ക്ക് എതിരല്ലെന്നും റായ്പുര്‍ അതിരൂപത വക്താവ് ഫാ. സെബാസ്റ്റ്യൻ പൂമറ്റം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കോടതിയിലെ നടപടികളിൽ പ്രോസിക്യൂഷൻ അനുകൂല നിലപാട് എടുത്തു എന്നാണ് സഭയുടെ വിലയിരുത്തൽ. പുറത്ത് വന്നു അഭിഭാഷകർ പറയുന്നത് കണക്കിൽ എടുക്കുന്നില്ല. നാളത്തെ നടപടികളിൽ പ്രതീക്ഷയുണ്ടെന്നും വക്താവ് പറഞ്ഞു. പ്രോസിക്യൂഷൻ അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് ബിജെപി വാദിക്കുമ്പോഴാണ് സഭയും അതിനോട് യോജിക്കുന്നത്.
ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ബിലാസ്പൂർ എൻഐഎ കോടതി നാളെ ഉത്തരവ് പറയും. ജാമ്യത്തിനായി ഉന്നയിച്ച വാദങ്ങളെ പ്രോസിക്യൂഷൻ പൂർണമായി ഖണ്ഡിച്ചില്ല. സാങ്കേതികമായി മാത്രമാണ് സർക്കാർ ജാമ്യാഹർജിയെ എതിർത്തത്. കേസ് അന്വേഷണം
പ്രാരംഭഘട്ടത്തിലാണെന്ന് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. മനുഷ്യക്കടത്ത്, മതപരിവർത്തന കുറ്റങ്ങൾ നിലനിൽക്കില്ലെന്നായിരുന്നു കന്യാസ്ത്രീകൾക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അമൃതോ ദാസ് വാദിച്ചത്.
മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾ ആരോപിച്ച എട്ടു ദിവസമായി കന്യാസ്ത്രീകൾ ജയിലിൽ തുടരുമ്പോഴാണ് ബിലാസ്പൂര്‍ എന്‍ ഐ എ കോടതി കന്യാസ്ത്രീകളുടെ ജാമ്യ അപേക്ഷ പരിഗണിച്ചത് . ഉച്ചതിരിഞ്ഞ് മൂന്നരയോടെ പ്രിൻസിപ്പൽ ഡിസ്ട്രിക് ആന്‍ഡ് സെഷൻസ് കോടതി ജഡ്ജി സിറാജുദ്ദീൻ ഖുറേഷിക്കുമുമ്പാകെ ജാമ്യാഅപേക്ഷ എത്തുമ്പോൾ എൻഐഎ അഭിഭാഷകൻ ദൗചന്ദ്ര വൻശി സാങ്കേതികമായി മാത്രം എതിർത്തു എന്നത് ശ്രദ്ധേയമായി. കേസ് പ്രാരംഭഘട്ടത്തിലാണ്. ജാമ്യം നൽകുന്നത് ബാധിക്കുമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു .
കന്യാസ്ത്രീകൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അമൃതോ ദാസ് , ചുമത്തപ്പെട്ടിരിക്കുന്ന രണ്ട് കുറ്റകൃത്യങ്ങളും നിലനിൽക്കില്ലെന്ന് വാദിച്ചു. അഞ്ചാമത്തെ വയസ്സിൽ മതപരിവർത്തകയാണ് യുവതി. ജോലിക്ക് കൊണ്ടുപോയത് പൂർണമായ രേഖകളുമുണ്ട്. ചുമത്തിയിരിക്കുന്നത് അടിസ്ഥാനം ഇല്ലാത്ത കുറ്റമെന്നും കന്യാസ്ത്രീകളുടെ അഭിഭാഷകൻ വാദിച്ചു. വാദം പൂർത്തിയായതോടെയാണ് കേസ് വിധി പറയാനായി മാറ്റിയത് .ജ്യാമഹർജിയെ പ്രോസിക്യൂഷൻ എതിർത്തത് ചതിയാണെന്നായിരുന്നു
പ്രതിപക്ഷ എംപിമാരുടെ പ്രതികരണം. ജാമ്യം കിട്ടിയാലും എഫ്ഐആര്‍ റദ്ദാക്കുന്നത് വരെ പോരാട്ടം തുടരുമെന്നും എംപിമാര്‍ പറഞ്ഞു. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ക്കുന്നത് സ്വാഭാവികമെന്നും പ്രോസിക്യൂഷന്‍ ഇടപെടല്‍ ജാമ്യത്തെ ബാധിക്കില്ലെന്നും ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് പറഞ്ഞു. അതിനിടെ
കന്യാസ്ത്രീകളുടെ അറസ്റ്റിനെതിരെ ഛത്തീസ്ഗഡിലും കോൺഗ്രസ് പ്രതിഷേധിച്ചു. റായ്പൂരിലെ പ്രതിഷേധ യോഗത്തിൽ കോലം കത്തിക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞത് സംഘർഷത്തിന് ഇടയാക്കി.


