കൊച്ചി: എറണാകുളം കോലഞ്ചേരിയില്‍ മാനസിക വൈകല്യമുള്ള 75 കാരിയെ ബലാത്സംഗം ചെയ്ത പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. അതിക്രൂരപീഡനമാണ് വൃദ്ധയ്ക്ക് നേരിടേണ്ടി വന്നത്. അതിക്രമത്തില്‍ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരിക്കേറ്റതായും ദേഹമാസകലം മുറിവുകളും ചതവുകളുമെന്നും മെഡിക്കല്‍ ബുള്ളറ്റിനിലുണ്ട്. ആശുപത്രിയില്‍ കഴിയുന്ന വൃദ്ധയുടെ നില ഗുരുതരമായി തുടരുകയാണ്. 

ലൈംഗിക അതിക്രമത്തിന് ഇരയായ 75കാരിയിപ്പോള്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിലാണ്. ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് വൈകിട്ടിറങ്ങിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ശരീരം മുഴുവനും ചതവും മുറിവുകളുമാണ്. മാറിടത്തില്‍ കത്തികൊണ്ട് വരഞ്ഞിട്ടുണ്ട്. ആന്തരികാവയവങ്ങള്‍ക്ക് പോലും ഗുരുതരമായി പരിക്കേറ്റിരിക്കുന്നുവെന്നും മെഡിക്കല്‍ ബുള്ളറ്റിൻ വ്യക്തമാക്കുന്നു. 

ഞായറാഴ്ച രാവിലെയാണ് 75കാരിയെ അയല്‍വാസിയായ സ്ത്രീയും മകനും മറ്റൊരു സ്ത്രീയും ചേര്‍ന്ന് കൂട്ടിക്കൊണ്ടുപോയത്. മാനസിക വൈകല്യമുള്ള അമ്മയെ പുകയിലയും ചായയും വാങ്ങിത്തരാമെന്ന് പറഞ്ഞായിരുന്നു കൊണ്ടുപോയതെന്ന് 75കാരിയുടെ മകൻ പറയുന്നു.