ഐടി ഫെല്ലോ സ്ഥാനത്ത് നിന്ന് മാറ്റിയതിനാല്‍ ഡ്രീം കേരള പദ്ധതിയുടെ എക്സിക്യൂഷന്‍ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കുന്നെന്നാണ് സര്‍ക്കാര്‍ വിശദീകരണം.  

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെല്ലോ അരുണ്‍ ബാലചന്ദ്രനെതിരെ കൂടുതല്‍ നടപടി. ഡ്രീം കേരള പദ്ധതിയുടെ എക്സിക്യൂഷന്‍ കമ്മിറ്റിയില്‍ നിന്ന് അരുണ്‍ ബാലചന്ദ്രനെ ഒഴിവാക്കി. മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ എന്ന പദവിയുടെ അടിസ്ഥാനത്തിലായിരുന്നു അരുണ്‍ ബാലചന്ദ്രനെ സമിതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഐടി ഫെല്ലോ സ്ഥാനത്ത് നിന്ന് മാറ്റിയതിനാല്‍ ഡ്രീം കേരള പദ്ധതിയുടെ എക്സിക്യൂഷന്‍ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കുന്നെന്നാണ് സര്‍ക്കാര്‍ വിശദീകരണം. 

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി ഉപദേഷ്ടാവുമായ എം ശിവശങ്കരനുമായുളള പരിചയമാണ് അരുൺ ബാലചന്ദ്രനെ സംസ്ഥാന ഐ ടി വകുപ്പിൽ എത്തിക്കുന്നത്. ഐടി മേഖലയിൽ വിദേശ നിക്ഷേപം എത്തിക്കുക എന്നായിരുന്നു അരുണിന്‍റെ ചുമതല. 2017 സെപ്റ്റംബർ മുതൽ 2019 ജൂലൈ വരെ കരാർശ അടിസ്ഥാനത്തിലായിരുന്നു നിയമനം. കൊച്ചിയിലടക്കം കോടികൾ മുടക്കി വമ്പന്‍ പരിപാടികളാണ് ഇയാൾ സംഘടിപ്പിച്ചത്. വിദേശനിക്ഷേപം തേടി ഐടി സെക്രട്ടറി ശിവശങ്കരനൊപ്പം അമേരിക്കയിലും ദുബായിലും യാത്രകൾ നടത്തിയിട്ടുണ്ട്.

സംസ്ഥാന ഐടി വകുപ്പിന്‍റെ മുഖമായി ചുരുങ്ങിയ കാലം കൊണ്ട് അരുൺ വളരുമ്പോഴാണ് ഇയാളുടെ ചില ബിസിനസ് ഇടപാടുകളിൽ സർക്കാരിന് സംശയം തോന്നിത്തുടങ്ങിയത്. ഒടുവിൽ ഐടി ഫെലോ സ്ഥാനത്തുനിന്ന് മാറ്റേണ്ടിവന്നു. എങ്കിലും ശിവശങ്കരനുമായുളള അരുണിന്‍റെ അടുപ്പം തുടർന്നു. സർക്കാരിന്‍റെ ഹൈപവർ ഡിജിറ്റൽ അഡ്വൈസറി കമ്മിറ്റിയുടെ ഭാഗമാക്കി. എന്നാൽ സ്വർണ്ണക്കടത്തിലെ പ്രതികൾക്ക് ഗൂഡാലോചന നടത്തിയ ഫ്ലാറ്റ് എടുക്കാൻ സഹായം ചെയ്തത് അരുൺ ബാലചന്ദ്രനാണെന്ന കാര്യം പുറത്തുവന്നതോടെയാണ് ഐടി പാർക്ക്സ് മാർക്കറ്റിംഗ് ആന്‍റ് ഓപ്പറേഷൻസ് ഡയറക്ടർ സ്ഥാനത്ത് നിന്നും അരുണ്‍ പുറത്തായത്.