പദ്ധതിയിൽ അടിമുടി പ്രശ്നങ്ങളെന്നാണ് പൊലിസ് റിപ്പോർട്ട്. എന്നാൽ പൊലീസ് റിപ്പോർട്ട് സ്മാർട്ട് സിറ്റി പൂർണമായും തള്ളുകയാണ്.

തിരുവനന്തപുരം: നഗരത്തിലെ റോഡുകളിൽ സ്ഥാപിച്ച ക്യാമറകളിൽ വ്യക്തയില്ലെന്ന പൊലീസ് റിപ്പോർട്ടിൽ സ്മാര്‍ട്ട് സിറ്റിയോട് വിശദീകരണം തേടി തിരുവനന്തപുരം നഗരസഭാ മേയർ ആര്യ രാജേന്ദ്രൻ. പദ്ധതിയിലും ക്യാമറ സ്ഥാപിച്ചതിലും അടിമുടി പ്രശ്നങ്ങളെന്നാണ് പൊലീസ് റിപ്പോർട്ട്. എന്നാൽ പൊലീസ് റിപ്പോർട്ട് സ്മാർട്ട് സിറ്റി പൂർണമായും തള്ളുകയാണ്.

ചെന്നൈ ആസ്ഥാനമായ മദ്രാസ് സെക്യൂരിറ്റി പ്രിൻറേസാണ് ഇൻറഗ്രേറ്റഡ് ട്രാഫിക് മോണിറ്ററിംഗ് സിസ്റ്റമെന്ന സ്മാർട്ട് കണ്‍ട്രോള്‍ റൂം സ്ഥാപിക്കാൻ കരാറെടുത്തത്. ജിഎസ്ടി അടക്കം 38 കോടിക്കാണ് മൂന്നു വര്‍ഷം മുമ്പ് കരാര്‍ നൽകിയത്.

കമ്പനി വെച്ച ക്യാമറകളിലെ ദൃശ്യങ്ങള്‍ക്ക് വൃക്തതയും കൃത്യതയുമില്ലെന്നാണ് പൊലീസ് റിപ്പോർട്ട്. അടിമുടി പ്രശ്നങ്ങളുണ്ടെന്നാണ് പൊലീസ് നിയോഗിച്ച സാങ്കേതിക സമിതിയുടെ കണ്ടെത്തൽ. വയറിംഗ് ശരിയായ രീതിയില്ല. ക്യാമറയുടെ അനുബന്ധ ഉപകരണങ്ങളില്ല. ബാക്ക് അപ്പ് കുറവാണ്. ഇത്തരം നിരവധി സാങ്കേതിക തകരാറുകളുണ്ടെന്നാണ് സമിതിയുടെ പറയുന്നത്. പ്രശ്നങ്ങള്‍ ചൂണ്ടികാട്ടി കത്ത് നൽകിയിട്ടും ഇതേവരെ സ്മാര്‍ട് സിറ്റി മറുപടി നൽകിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നു. ക്യാമറകളെല്ലാം സ്ഥാപിച്ച് കണ്‍ട്രോള്‍ റൂം പൊലീസിന് ഇതുവരെ കൈമാറിയിട്ടില്ല. 

അതേ സമയം ക്യാമറയുടെ പ്രവർത്തനങ്ങള്‍ മികച്ചതാണെന്ന് സിറ്റി പൊലീസ് ഇതിന് മുമ്പ് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നാണ് സ്മാര്‍ട് സിറ്റി മറുപടി. ക്യാമറകളുടെ സഹായത്തോടെ നിരവധി കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴത്തെ നിലപാട് മാറ്റത്തിന്‍റെ കാരണം അറിയില്ല . തങ്ങള്‍ നിയോഗിച്ച സാങ്കേതിക സമിതിയുടെ കണ്ടെത്തൽ ഉള്‍പ്പെടുത്തി സര്‍ക്കാരിന് വിശദ റിപ്പോര്‍ട്ട് നൽകുമെന്ന് സ്മാര്‍ട് സിറ്റി അധികൃതര്‍ വ്യക്തമാക്കുന്നു.

YouTube video player