വാഹനം ഓടിക്കുന്നതിനിടെ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് പറഞ്ഞ യദു, മേയര്‍ ഭരണ സംവിധാനത്തിന്റെ സ്വാധീനം ഉപയോഗിക്കുകയാണെന്നും കുറ്റപ്പെടുത്തി.

തിരുവനന്തപുരം: തലസ്ഥാനത്ത് നടുറോഡിലുണ്ടായ വാക്കേറ്റത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍റെ വാദങ്ങള്‍ക്ക് എതിര്‍ത്ത് കെഎസ്ആർടിസി ഡ്രൈവര്‍ യദു. ലൈംഗിക ചേഷ്ഠ കാണിച്ചിട്ടില്ലെന്നും മോശം ആയി പെരുമാറിയത് മേയറാണെന്നും കെഎസ്ആർടിസി ഡ്രൈവര്‍ യദു മാധ്യമങ്ങളോട് പ്രതികരിച്ചു. വാഹനം ഓടിക്കുന്നതിനിടെ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് പറഞ്ഞ യദു, മേയര്‍ ഭരണ സംവിധാനത്തിന്റെ സ്വാധീനം ഉപയോഗിക്കുകയാണെന്നും കുറ്റപ്പെടുത്തി. അന്ന് തന്നെ മേയര്‍ക്കെതിരെ പരാതി നല്‍കിയിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും യദു ആക്ഷോപം ഉന്നയിക്കുന്നു. 

അതേസമയം, സൈഡ് തരാത്തതിനെ ചൊല്ലിയല്ല തര്‍ക്കമുണ്ടായതെന്നും ലൈംഗിക ചുവയുള്ള ആംഗ്യം കാണിച്ചത് ചോദ്യം ചെയ്തതെന്നുമാണ് ആര്യ രാജേന്ദ്രന്‍റെ വിശദീകരണം. കെഎസ്ആര്‍ടിസി ബസ് തങ്ങള്‍ സഞ്ചരിച്ച കാറില്‍ തട്ടുമെന്ന നിലയില്‍ കടന്നുപോയി, ഇതിന് പിന്നാലെ താനും സഹോദരന്‍റെ ഭാര്യയും പിറകിലെ ഗ്ലാസിലൂടെ തിരിഞ്ഞുനോക്കിയപ്പോള്‍ ഡ്രൈവര്‍ ലൈംഗിക ചുവയുള്ള ആംഗ്യം കാണിക്കുകയായിരുന്നുവെന്നാണ് മേയര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

ആ സംഭവം നിയമപരമായി നേരിടണമെന്ന് അപ്പോള്‍ തന്നെ തീരുമാനിച്ചിരുന്നു. ശേഷം ബസ് ഓവര്‍ടേക്ക് ചെയ്ത് മറ്റ് വാഹനങ്ങളെയും തട്ടുന്ന രീതിയില്‍ മുന്നോട്ട് പോയി. പിന്നീട് പാളയത്ത് സിഗ്നലില്‍ വാഹനങ്ങള്‍ നിന്നപ്പോള്‍ തങ്ങള്‍ കാറ് സൈഡാക്കി ബസ് ഡ്രൈവറുമായി സംസാരിക്കുകയായിരുന്നുവെന്നാണ് ആര്യ രാജേന്ദ്രൻ പറയുന്നത്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ നേരത്തെയും അലക്ഷ്യമായ വാഹനം ഓടിച്ചതിന് കേസുണ്ടെന്നും സംസാരിച്ചുകൊണ്ടിരിക്കെ ഇയാളഅ‍ ലഹരിപദാര്‍ത്ഥം ഉപയോഗിച്ച് അതിന്‍റെ കവര്‍ വലിച്ചെറിഞ്ഞുവെന്നും ആര്യ പറയുന്നു.