കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കോട്ടയത്ത് വെച്ച് നടന്ന വാഹനാപകടമാണ് കോഴിക്കോട് മാലാപ്പറമ്പ് സ്വദേശി രാജന്‍റെയും കുടുംബത്തിന്‍റെയും ജീവിതം തകര്‍ത്തത്.

കോഴിക്കോട്: എസ്എസ്എല്‍സി പരീക്ഷയുടെ ഫലം വന്ന ദിവസം മുതല്‍ ആര്യ അച്ഛനെ ഉറക്കെ വിളിച്ചുകൊണ്ടിരിക്കുകയാണ്, തന്‍റെ ഉന്നത വിജയം അറിയിയ്ക്കാന്‍. ഒന്നു തലയാട്ടിയിരുന്നെങ്കില്‍, ഒരു മൂളല്‍ കേട്ടിരുന്നെങ്കില്‍ എന്ന പ്രതീക്ഷയിലാണ് ആര്യ. എന്നാല്‍, അച്ഛന്‍ രാജന്‍ വിളി കേള്‍ക്കുന്നില്ല, ഒന്നുമറിയുന്നില്ല. രോഗക്കിടക്കയില്‍ ഓര്‍മകള്‍ നശിച്ച് നിശ്ചലനായി കിടക്കുകയാണ്. എസ്എസ്എൽസി പരീക്ഷയിൽ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയിട്ടും ആര്യയുടെ മുഖത്ത് ദുഖത്തിന്‍റെ നിഴല്‍ മാത്രം. തന്‍റെ വിജയം ഏറെ സ്വപ്നം കണ്ട അച്ഛനെ ഒന്നറിയ്ക്കാന്‍ സാധിക്കില്ലെങ്കില്‍ എങ്ങനെയാണ് ആ കുട്ടിയ്ക്ക് സന്തോഷിക്കാനാകുക. 

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കോട്ടയത്ത് വെച്ച് നടന്ന വാഹനാപകടമാണ് കോഴിക്കോട് മാലാപ്പറമ്പ് സ്വദേശി രാജന്‍റെയും കുടുംബത്തിന്‍റെയും ജീവിതം തകര്‍ത്തത്. കോട്ടയത്ത് വിവാഹത്തിൽ പങ്കെടുക്കാൻ പോകവെ രാജനെ ഓട്ടോയിടിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ് ഒന്നര മാസത്തോളം കോട്ടയം മാതാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രക്തസ്രാവം കൂടുകയും നീര് വെക്കുകയും ചെയ്തതോടെ തലയോട്ടിയുടെ ഒരു ഭാഗം പുറത്തെടുത്ത് പ്രത്യേകം സൂക്ഷിക്കേണ്ട അവസ്ഥയിലായി. ഓർമകൾ തിരിച്ചുകിട്ടിയാൽ മാത്രമെ ഇനി തുടർ ചികിത്സകൾ നടത്താനാകൂ. ലക്ഷങ്ങൾ ഇതിനകം ചെലവായി. വാടക വീട്ടിൽ കഴിയുന്ന ഭാര്യക്കും മകൾക്കും ഏക ആശ്രയമായിരുന്നു ഗ്യാസ് പൈപ്പ് ലൈൻ ജീവനക്കാരനായ രാജൻ.

പിതാവിന് പരിക്കേറ്റതിന് ശേഷം ഒന്നര മാസത്തോളം ആര്യ സ്കൂളിൽ പോയില്ല. പിന്നീട് ഡോക്ടർമാരുടെ നിർദേശപ്രകാരം അച്ഛന്‍റെ അടുത്തിരുന്ന് ഉറക്കെ വായിച്ചു അവൾ പഠിച്ചു. ഉറക്കൊഴിഞ്ഞ് അച്ഛനൊപ്പമിരുന്നു. രാജന്‍റെ ഓർമയെ ഉണർത്താൻ മകളുടെ ശബ്ദത്തിന് സാധിക്കുമെന്ന് ഡോക്ടർമാരും അമ്മ സബിതയും കരുതിയിരുന്നത്. എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച വിവരം ആര്യ പലതവണ ഉറക്കെ പല തവണ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുകയാണ്. അച്ഛനെ സംരക്ഷിക്കാനുള്ള ഉണർത്താനുള്ള ശബ്ദമാകാൻ സുമനസുകളുടെ കാരുണ്യവും ഇവൾക്ക് വേണം. പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുകയാണ് ആര്യ.