പിതാവിന്റെ ആഗ്രഹം പോലെ മരിക്കുമ്പോൾ കോൺഗ്രസ് പതാക പുതപ്പിച്ച് കിടക്കണം എന്നാണ് എന്റെയും ആഗ്രഹമെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.
കോഴിക്കോട്: കോണ്‍ഗ്രസില്‍ തുടരുമെന്ന് ആര്യാടന്‍ ഷൗക്കത്ത്. പിതാവിന്റെ ആഗ്രഹം പോലെ മരിക്കുമ്പോൾ കോൺഗ്രസ് പതാക പുതപ്പിച്ച് കിടക്കണം എന്നാണ് എന്റെയും ആഗ്രഹമെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി പലസ്തീൻ വിഷയത്തെ ഉപയോഗപ്പെടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐക്യദാർഢ്യ പരിപാടി സംഘടിപ്പിക്കാൻ കോൺഗ്രസ് വൈകിയോ എന്ന് പറയാൻ ഞാൻ ആളല്ലെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. കോഴിക്കോട് വിചാരവേദി സംഘടിപ്പിക്കുന്ന സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അച്ചടക്ക സമിതിക്ക് മുന്നിൽ എല്ലാം വിശദീകരിച്ചിട്ടുണ്ട്. കോൺഗ്രസ് സംഘടിപ്പിക്കുന്ന ഐക്യദാർഢ്യ പരിപാടിയിൽ ഞാൻ പങ്കെടുക്കണമോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി പലസ്തീൻ വിഷയത്തെ ഉപയോഗിക്കുന്നതിനോട് യോജിപ്പില്ലെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. ഇക്കാര്യത്തിൽ യോജിച്ച പോരാട്ടമാണ് വേണ്ടത്.
ഹമാസ് നടത്തുന്നത് പോരാട്ടമാണ്. പലസ്തീൻ പ്രശ്നം ഹമാസ് നടത്തിയ ഭീകരാക്രമണം എന്ന പേരിലേക്ക് സാമ്രാജ്യത്വശക്തികൾ ചുരുക്കുന്നു. ഹമാസിനെ ഒരിക്കലും താലിബാൻ, ബോക്ക ഹറാം എന്നിവയുമായി താരതമ്യം ചെയ്യാൻ പറ്റില്ല. പലസ്തീൻ വിഷയത്തിൽ വ്യക്തമായ കാഴ്ചപ്പാടും നിലപാടുമുള്ള ചരിത്രമാണ് കോൺഗ്രസിന് ഉള്ളതെന്നും ആര്യാടന്‍ ഷൗക്കത്ത് കൂട്ടിച്ചേര്‍ത്തു.
