പ്രിയ എസ്റ്റേറ്റിന് കരം അടച്ച് നൽകിയ ആര്യങ്കാവ് വില്ലേജ് ഓഫീസറെ സസ്പെന്‍റ് ചെയ്തു. നിയമവിരുദ്ധമായാണ് കരം അടച്ച് നൽകിയതെന്ന് കൊല്ലം കളക്ടറുടെ അന്വേഷണ റിപ്പോർട്ട്.

കൊല്ലം: ആര്യങ്കാവിൽ പ്രിയ എസ്റ്റേറ്റിൽ നിന്നും സര്‍ക്കാര്‍ അറിയാതെ കരം സ്വീകരിച്ച ആര്യങ്കാവ് വില്ലേജ് ഓഫീസറെ സസ്പെന്‍റ് ചെയ്തു. നിയമവിരുദ്ധമായാണ് കരം അടച്ച് നൽകിയതെന്ന കൊല്ലം കളക്ടറുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. പ്രാഥമിക പരിശോധനയിൽ വീഴ്ച കണ്ടെത്തിയതിനെത്തുടർന്ന് വില്ലേജ് ഓഫീസറെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. 

തർക്കമുള്ള തോട്ട ഭൂമികളിൽ നിന്നും ഉപാധികളോടെ മാത്രമേ കരം സ്വീകരിക്കാവൂ എന്നും തിടുക്കപ്പെട്ട് കരം സ്വീകരിക്കേണ്ടെന്നുമായിരുന്നു മന്ത്രി സഭ എടുത്ത തീരുമാനം. ഇതിന് വിരുദ്ധമായാണ് ആര്യങ്കാവ് വില്ലേജ് ഓഫീസർ പ്രിയ എസ്റ്റേറ്റിന്‍റെ 500 ഏക്കറിലെ കരം ഫെബ്രുവരി 19 ന് ഒടുക്കിക്കൊടുത്തത്. 11 ലക്ഷം രൂപ കരമായി സ്വീകരിക്കുകയും ചെയ്തു. കരം അടച്ചതിനാൽ എസ്റ്റേറ്റ് അധികൃതർ ഈ ഭൂമിയിൽ നിന്ന് ആദായം എടുത്ത് തുടങ്ങി. അനധികൃതമായി പ്രിയ എസ്റ്റേറ്റിന് കരം അടച്ച് നൽകിയ വാർത്ത ഏഷ്യാനെറ്റ് ന്യൂസാണ് തെളിവുകളോടെ പുറത്ത് കൊണ്ട് വന്നത്. 

ആര്യങ്കാവ് തഹസിൽദാർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തന്നെ വില്ലേജ് ഓഫീസർക്ക് വീഴ്ച പറ്റിയതായി എന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ 500 ഏക്കറിന് സ്വീകരിച്ച കരം റദ്ദാക്കാനും തഹസിൽദ‌ാർ ഉത്തരവിട്ടിരുന്നു. പ്രിയയുടെ കരം അടച്ച് നൽകാൻ തിടുക്കത്തിൽ തീരുമാനമെടുത്ത കളക്ടറുടെ നടപടി വിവാദമായിരുന്നു.