ആര്യങ്കാവ് വില്ലേജ് ഓഫീസറെ സ്ഥലം മാറ്റി. തിരുവനന്തപുരത്തേക്കാണ് സ്ഥലംമാറ്റിയത്. സര്‍ക്കാര്‍ അറിയാതെ കരം പിരിച്ചത് വിവാദമായതിന് പിന്നാലെയാണ് ജില്ലാ കലക്ടറുടെ നടപടി.  

കൊല്ലം: കൊല്ലം ആര്യങ്കാവിൽ പ്രിയ എസ്റ്റേറ്റിൽ നിന്നും സര്‍ക്കാര്‍ അറിയാതെ കരം പിരിച്ച ആര്യങ്കാവ് വില്ലേജ് ഓഫീസറെ സ്ഥലം മാറ്റി. തിരുവനന്തപുരത്തേക്കാണ് സ്ഥലംമാറ്റിയത്. കരം പിരിച്ചത് വിവാദമായതിന് പിന്നാലെയാണ് ജില്ലാ കലക്ടറുടെ നടപടി. കരം സ്വീകരിച്ച നടപടിയും റദ്ദാക്കിയിട്ടുണ്ട്.

സംഭവം എഡിഎമ്മിന്‍റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. കരം സ്വീകരിച്ചതിൽ ആര്യങ്കാവ് വില്ലേജ് ഓഫീസർ, പുനലൂർ തഹസിൽദാർ തുടങ്ങിയവരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായി. തുടർന്നാണ് വില്ലേജ് ഓഫിസറെ സ്ഥലം മാറ്റിയത്. തെരഞ്ഞെടുപ്പ് ക്രമീകരണങ്ങളുടെ ഭാഗമായി തഹസിൽദാരെയും ആർഡിഒയെയും നേരത്തെ മാറ്റിയിരുന്നു. എംഡിഎം സി മോബിയുടെ നേതൃത്വത്തിലുള്ള സംഘം വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

തർക്കമുള്ള തോട്ട ഭൂമികളിൽ നിന്നും ഉപാധികളോടെ മാത്രമേ കരം സ്വീകരിക്കാവൂ എന്നും തിടുക്കപ്പെട്ട് കരം സ്വീകരിക്കേണ്ടെന്നുമായിരുന്നു നേരത്തെ മന്ത്രി സഭ എടുത്ത തീരുമാനം. ഇതിന് വിരുദ്ധമായാണ് ആര്യങ്കാവ് വില്ലേജ് ഓഫീസർ പ്രിയ എസ്റ്റേറ്റിന്‍റെ 500 ഏക്കറിലെ കരം ഫെബ്രുവരി 19 ന് ഒടുക്കിക്കൊടുത്തത്. 11 ലക്ഷം രൂപ കരമായി സ്വീകരിക്കുകയും ചെയ്തു. കരം അടച്ചതിനാൽ എസ്റ്റേറ്റ് അധികൃതർ ഈ ഭൂമിയിൽ നിന്ന് ആദായം എടുത്ത് തുടങ്ങി. ഏഷ്യാനെറ്റ് ന്യൂസാണ് തെളിവുകളോടെ ഈ വാർത്ത പുറത്ത് കൊണ്ട് വന്നത്. പിന്നീട് റവന്യൂ മന്ത്രി പ്രിയയ്ക്ക് കരമടച്ച് നൽകിയ സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടു.

ആര്യങ്കാവ് തഹസിൽദാർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വില്ലേജ് ഓഫീസർക്ക് വീഴ്ച പറ്റിയതായി സ്ഥിരീകരിച്ചു. ഇയാളെ തിരുവനന്തപുരത്തേക്ക് മാറ്റി. മാത്രമല്ല 500 ഏക്കറിന് സ്വീകരിച്ച കരം റദ്ദാക്കാനും തഹസിൽദ‌ാർ ഉത്തരവിട്ടു. സംഭത്തെക്കുറിച്ച് അന്വേഷിക്കാൻ എഡിഎം തഹസിൽദാർ എന്നവരടങ്ങിയ സമിതിയ നിയോഗിച്ചു. രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകും. പ്രിയയുടെ കരം അടച്ച് നൽകാൻ തിടുക്കത്തിൽ തീരുമാനമെടുത്ത കളക്ടറുടെ നടപടി വിവാദമായിരുന്നു. ഇതിനെക്കുറിച്ച് നാളെ കളക്ടർ റവന്യൂ മന്ത്രിക്ക് വിശദീകരണം നൽകും. വില്ലേജ് ഓഫീസറെ ബലിയാട‌ക്കി ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമമെന്നും ആക്ഷേപമുണ്ട്.