'കൺവീനർ എന്ന നിലയിൽ എല്ലാ കക്ഷികളുടെയും അഭിപ്രായം കേൾക്കും'; പരാതിയുണ്ടെങ്കിൽ പരിഹരിക്കുമെന്ന് ടിപി രാമകൃഷ്ണൻ
പരിഗണന കുറവെന്ന പരാതി ആർക്കെങ്കിലുമുണ്ടെങ്കിൽ പരിഹരിക്കുമെന്നും ഇടതുമുന്നണി കൺവീനർ ടിപി രാമകൃഷ്ണൻ പറഞ്ഞു.
തിരുവനന്തപുരം: കൺവീനർ എന്ന നിലയിൽ എല്ലാ കക്ഷികളുടെയും അഭിപ്രായം കേൾക്കുമെന്നും പരിഗണന കുറവെന്ന പരാതി ആർക്കെങ്കിലുമുണ്ടെങ്കിൽ പരിഹരിക്കുമെന്നും ഇടതുമുന്നണി കൺവീനർ ടിപി രാമകൃഷ്ണൻ. ആർജെഡിയെ അവഗണിച്ചിട്ടില്ലെന്നും രാമകൃഷ്ണൻ പറഞ്ഞു. ഇപി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയതിന് പിന്നാലെയാണ് ടിപി രാമകൃഷ്ണന് ചുമതല നല്‍കിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇക്കാര്യം ഇന്ന് വൈകിട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ ഔദ്യോഗികമായി അറിയിച്ചു.
''പാര്‍ട്ടി തീരുമാനം ഏതായാലും എന്‍റെ തീരുമാനം നോക്കാതെ തന്നെ അത് പാലിക്കുകയാണ് ഇതുവരെ ചെയ്തിരുന്നത്. അതിനുസരിച്ച് പാര്‍ട്ടി എന്ത് ചുമതല നല്‍കിയാലും അത് ഏറ്റെടുക്കും. കണ്‍വീനര്‍ സ്ഥാനം ഏറ്റെടുക്കണമെന്ന് പാര്‍ട്ടി തീരുമാനിച്ചാല്‍ അതിന് സന്നദ്ധമാകും. ഇത് മുൻകൂട്ടി തീരുമാനിച്ച് ചര്‍ച്ച ചെയ്യുന്ന രീതി പാര്‍ട്ടിക്കില്ല. നിലവിൽ ഒരു കണ്‍വീനര്‍ പാര്‍ട്ടിക്കുണ്ട്. ഇപി ജയരാജൻ നല്ലരീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതാണ്. ചില പ്രത്യേക കാരണങ്ങളാല്‍ അദ്ദേഹത്തിന് ഒഴിയേണ്ടിവന്നു. അത് എന്താണെന്ന കാര്യം പാര്‍ട്ടി സെക്രട്ടറി ഇന്ന് വിശദീകരിക്കും.'' പകരം ചുമതല നൽകിയതിനെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിന് ടിപി രാമകൃഷ്ണൻ നൽകിയ ആദ്യ പ്രതികരണം ഇപ്രകാരമായിരുന്നു.