വേതന വർധനവ് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള സമരം ശക്തമാക്കി ആശാ വർക്കർമാർ.സെക്രട്ടേറിയറ്റിന് മുന്നിൽ മഹാ സംഗമത്തിൽ അണിനിരന്ന് ആയിരങ്ങള്‍. വിവിധ ജില്ലകളിലെ നൂറുകണക്കിന് ആശാ വര്‍ക്കര്‍മാരാണ് പ്രതിഷേധത്തിൽ അണിനിരക്കുന്നത്.
തിരുവനന്തപുരം:വേതന വർധനവ് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള സമരം ശക്തമാക്കി ആശാ വർക്കർമാർ. സമരം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി സെക്രട്ടേറിയറ്റിന് മുന്നിൽ മഹാ സംഗമമായിട്ടാണ് പ്രതിഷേധിക്കുന്നത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആശാ വർക്കർമാരെ ഉൾപ്പെടുത്തിയാണ് മഹാസംഗമം നടത്തുന്നത്. മഹാ സംഗമം ജോസഫ് സി മാത്യു ഉദ്ഘാടനം ചെയ്തു. മഹാസംഗമത്തെ തുടര്‍ന്ന് സെക്രട്ടറിയേറ്റിന് മുന്നിലെ എംജി റോഡ് ആശാ വര്‍ക്കര്‍മാരാൽ നിറഞ്ഞു. സെക്രട്ടറിയേറ്റ് പരിസരത്തെ നിശ്ചലമാക്കിയുള്ള കടുത്ത പ്രതിഷേധമായി ആശാ വര്‍ക്കര്‍മാരുടെ മഹാസംഗമം മാറി.
രണ്ട് ദിവസം മുൻപ് ഇവരുടെ രണ്ട് മാസത്തെ വേതന കുടിശ്ശിക സർക്കാർ അനുവദിച്ചിരുന്നു.പക്ഷേ സമരം പിൻവലിക്കാൻ ഇവർ തയ്യാറായില്ല. കുടിശ്ശിക വേതനം നൽകുക എന്നുള്ളത് തങ്ങളുടെ ആവശ്യങ്ങളിൽ ഒന്നുമാത്രമാണന്നും മറ്റ് ആവശ്യങ്ങൾ കൂടി അംഗീകരിച്ചാൽ മാത്രമെ സമരം പിൻവലിക്കുകയുള്ളുവെന്നുമാണ് ആശാ വർക്കർമാരുടെ നിലപാട്. വേതനം നിലവിലുള്ള 7000 രൂപയിൽ നിന്ന് 21000 രൂപയാക്കുക, പെൻഷൻ അനുവദിക്കുക, വിരമിക്കുമ്പോൾ അഞ്ചു ലക്ഷം രൂപ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ കൂടി അംഗീകരിക്കണമെന്നാണ് സംഘടനയുടെ നിലപാട്. സമരം ഇന്ന് 12-ാം ദിവസത്തിലേക്ക് കടന്നു.
സര്‍ക്കാരിന്‍റെ മുൻഗണന മാറിയിരിക്കുകയാണെന്നും ഉന്നതരായിട്ടുള്ളവര്‍ക്ക് വേണ്ടി പണം മാറ്റിവെയ്ക്കുകയാണെന്നും ആശാവര്‍ക്കര്‍മാര്‍ ആരോപിച്ചു. സര്‍ക്കാരിന് ഇവരുടെ ഇഷ്ടക്കാര്‍ക്ക് ശമ്പള വര്‍ധനവും ആനകൂല്യവുമൊക്കെ വാരിക്കോരി നൽകുകയാണ്. സര്‍ക്കാര്‍ നിലപാട് ആശമാരോടുള്ള വെല്ലുവിളിയാണെന്നും ഞങ്ങളുടെ അവകാശങ്ങള്‍ നേടിയിട്ടേ തിരിച്ചുപോവുകയുള്ളുവെന്നും സമരം തുടരുമെന്നും ആശാവര്‍ക്കര്‍മാര്‍ അറിയിച്ചു.
അതേസമയം, ആശാ വര്‍ക്കര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് പരിഗണിക്കും. നടപടി സ്വീകരിക്കാൻ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നിര്‍ദേശം നൽകി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്‍റേതാണ് നടപടി.
അതേസമയം, ആശാ വര്‍ക്കര്‍മാരുടെ സമരം തുടരുന്നതിനിടെയും സാമ്പത്തിക പ്രതിസന്ധി നിലനിൽക്കെയും കേരളത്തിന്റെ ദില്ലിയിലെ പ്രതിനിധി കെ വി തോമസിന്റെ യാത്ര ബത്ത ഉയർത്താൻ സർക്കാർ നിർദേശം നൽകി. പ്രതിവർഷ തുക 5 ലക്ഷത്തിൽ നിന്നും 11.31 ലക്ഷം ആക്കാൻ പൊതു ഭരണ വകുപ്പ് ധനവകുപ്പിന് ശുപാർശ നൽകി. നേരത്തെ കെ വി തോമസിന് യാത്ര ബത്തയായി പ്രതിവർഷം 5 ലക്ഷം രൂപയായിരുന്നു തുക അനുവദിച്ചിരുന്നത്. എന്നാൽ യാത്രാ ആവശ്യങ്ങൾക്ക് വേണ്ടി ചെലവാക്കുന്ന തുക 6.31 ലക്ഷമാണെന്നും അത് കൊണ്ട് യാത്രാ ബത്ത കൂട്ടണമെന്നുമായിരുന്നു കെവി തോമസിന്റെ ആവശ്യം. ഇത് പരിഗണിച്ചാണ് പൊതു ഭരണ വകുപ്പ് ധനവകുപ്പിന് ശുപാർശ നൽകിയത്.
തലശ്ശേരിയിൽ സ്ത്രീയുടെ ചെവിയിൽ ഉഗ്രവിഷമുള്ള പാമ്പ് ? ഞെട്ടിക്കുന്ന വീഡിയോയുടെ യാഥാർത്ഥ്യം ഇതാണ്

