ഓണറേറിയം 3000 രൂപ വർധിപ്പിച്ച സർക്കാരിന് നന്ദി അറിയിക്കാൻ ആശാ പ്രവർത്തകർ ഒത്തുകൂടി. പായസം വിതരണം ചെയ്ത് വിജയം ആഘോഷിച്ച അവർ, 21,000 രൂപ ഓണറേറിയവും വിരമിക്കൽ ആനുകൂല്യവും ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് പുതിയ സർക്കാരിനെ ഓർമ്മിപ്പിച്ചു.
തിരുവനന്തപുരം: ഓണറേറിയം വർധനവിൽ സർക്കാരിന് നന്ദി അറിയിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ ഒത്തുകൂടി ആശമാർ. നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞാ ദിവസം പായസം പങ്കിട്ടും പ്രകടനം നടത്തിയും ആശമാർ സമരവിജയം ആഘോഷിച്ചു. ആശമാരുടെ കണ്ണീരാണ് എൽഡിഎഫ് സർക്കാരിനെ അധികാരത്തിൽ നിന്ന് ഒഴുക്കി കളഞ്ഞതെന്ന് ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ വിമർശിച്ചു.

266 ദിവസം നീണ്ട് നിന്ന രാപ്പകൽ സമരം. പെരുമഴയത്ത് പൊലീസ് അഴിച്ച് മാറ്റിയ ടാർപോളിൻ ഷീറ്റുകൾ, പിടിച്ചെടുത്ത മൈക്ക് സെറ്റ്, സമരം കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച സർക്കാരിനെ ഉണർത്താൻ മുടിമുറിച്ചും നിരാഹാരം കിടന്നുമുള്ള സമര ദിവസങ്ങൾ. ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ 2025 ഫെബ്രുവരി 10നാണ് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം തുടങ്ങിയത്. ഒന്നേകാൽ വർഷമിപ്പുറം ആശമാർ ഒരിക്കൽ കൂടി സെക്രട്ടറിയേറ്റിന് മുന്നിൽ എത്തി. 3000 രൂപ ഓണറേറിയം കൂട്ടിയതിന് നന്ദി അറിയിക്കാൻ. പരിഹാസത്തിലും അവഗണയിലും തകർക്കാൻ ശ്രമിച്ച സമര ദിവസങ്ങൾ ഓർത്ത് അവർ.
സമരത്തിന് തുടക്കം മുതൽ പിന്തുണ നൽകിയ സാമൂഹിക, സാംസ്കാരിക പ്രവർത്തകരും ആഘോഷവേദിയിലെത്തി. സമരത്തെ അനുകൂലിച്ചതിനാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് തുറന്ന പറഞ്ഞ നടൻ പ്രേംകുമാറും നന്ദി പ്രകടനവേദിയിലെത്തി. സമരകാലത്ത് ഓണവും വിഷുവും ഈസ്റ്ററും എല്ലാം ആശമാർ ആഘോഷിച്ചത് സെക്രട്ടറിയേറ്റിന് മുന്നിലെ സമരവേദിയിലാണ്. ഇന്നവിടെ വിജയത്തിന്റെ മധുരം പകർന്നു പായസ വിതരണം. ഒപ്പം 21,000 രൂപ ഓണറേറിയവും വിരമിക്കൽ ആനുകൂല്യവും ലഭിക്കുന്നത് വരെ സരമവഴിയിൽ നിന്ന് പിന്മാറില്ലെന്ന് പുതിയ സർക്കാരിനെ ഓർമപ്പെടുത്തലും.

