ആത്മഹത്യയുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് നേരത്തെ പൊലീസ് കേസെടുത്തിരുന്നു.
പാലക്കാട്: ശ്രീകൃഷ്ണപുരത്ത് ഒൻപതാം ക്ലാസുകാരി ആശിർ നന്ദ ആത്മഹത്യ ചെയ്ത സംഭവത്തിൽ രക്ഷിതാക്കളുടെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. കുട്ടി പഠിച്ച ശ്രീകൃഷ്ണപുരം സെൻ്റ് ഡോമിനിക്ക് ഇംഗ്ലീഷ് സ്കൂളിനെതിരെ നാട്ടുകൽ പൊലീസിൽ രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. ആത്മഹത്യയുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് നേരത്തെ പൊലീസ് കേസെടുത്തിരുന്നു. രക്ഷിതാക്കളെ കേട്ട ശേഷമായിരിക്കും സ്കൂളിനും ആരോപണ വിധേയരായ അധ്യാപക൪ക്കെതിരെയും ഗുരുതര വകുപ്പുകൾ ഉൾപ്പെടെ എടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുകയെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനു പിന്നാലെ ഒരു അറിയിപ്പുണ്ടാകുന്നതുവരെ മാനേജ്മെൻറ് സ്കൂൾ താൽക്കാലികമായി അടച്ചു.
ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പൊലീസ് സാന്നിധ്യത്തിൽ രക്ഷിതാക്കൾ, വിദ്യാ൪ത്ഥികൾ, വിദ്യാ൪ത്ഥി സംഘടനാ പ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗവും ചേരും. മാർക്ക് കുറഞ്ഞപ്പോൾ കുട്ടിയെ ക്ലാസ് മാറ്റിയിരുത്തിയെന്നും ഇതിൻറെ മനോവിഷമത്തിലാണ് വിദ്യാ൪ത്ഥി ആത്മഹത്യ ചെയ്തതെന്നുമാണ് രക്ഷിതാക്കളുടെ പരാതി. പരാതിയെ തുടർന്ന് നടന്ന വ്യാപക പ്രതിഷേധത്തിന് പിന്നാലെ പ്രിൻസിപ്പാൾ ഉൾപ്പെടെ മൂന്നു ജീവനക്കാരെ പുറത്താക്കിയിരുന്നു. പ്രിൻസിപ്പാൾ ഒപി ജോയിസി, ജീവനക്കാരായ സ്റ്റെല്ല ബാബു, എടി തങ്കം എന്നിവരെയാണ് പുറത്താക്കിയത്. തിങ്കളാഴ്ച വൈകീട്ട് സ്കൂൾ വിട്ടെത്തിയ ആശി൪നന്ദയെ രാത്രിയോടെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെയാണ് കുടുംബം സ്കൂളിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. അതേസമയം സംഭവത്തിൽ ഇതുവരെ പരസ്യ പ്രതികരണത്തിന് സ്കൂൾ അധികൃത൪ തയാറായിട്ടില്ല.


