Asianet News MalayalamAsianet News Malayalam

ആശ്രമം കത്തിക്കൽ കേസ്:ഇനി അന്വേഷിക്കുക പ്രത്യേക സംഘം,പ്രതിയെന്ന് സംശയിക്കുന്ന പ്രകാശിന്‍റെ മരണവും അന്വേഷിക്കും

കേസന്വേഷണം നടത്തിയിരുന്ന എസ് പി സദാനന്ദൻ ഇന്നലെ തിരുവനന്തപുരം ക്രൈം ബ്രാഞ്ച് യൂണിറ്റിൽ നിന്നും കണ്ണൂരിലേക്ക് മാറിയിരുന്നു. ഇതേത്തുടര്‍ന്നാണ് അന്വേഷണം വഴിമുട്ടാതിരിക്കാൻ സദാനന്ദനെ തലവനാക്കി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്

Ashram burning case: Special team to investigate
Author
First Published Nov 18, 2022, 7:45 AM IST


തിരുവനന്തപുരം : സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിക്കൽ കേസ് ക്രൈംബ്രാഞ്ചിൽ നിന്നും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.എസ് പി, പി.പി. സദാനന്ദൻ ആണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ തലവൻ.  കേസന്വേഷണം നടത്തിയിരുന്ന എസ് പി സദാനന്ദൻ ഇന്നലെ തിരുവനന്തപുരം ക്രൈം ബ്രാഞ്ച് യൂണിറ്റിൽ നിന്നും കണ്ണൂരിലേക്ക് മാറിയിരുന്നു. ഇതേത്തുടര്‍ന്നാണ് അന്വേഷണം വഴിമുട്ടാതിരിക്കാൻ സദാനന്ദനെ തലവനാക്കി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. സര്‍ക്കാര്‍ ഏറെ പഴി കേട്ട കേസ് അന്വേഷണത്തിൽ തുമ്പ് ഉണ്ടായത് എസ് പി, പി.പി. സദാനന്ദൻ അന്വേഷണം തുടങ്ങിയ ശേഷമാണ്. തുടര്‍ അന്വേഷണം മുടങ്ങാതിരിക്കാനാണ് സദാനന്ദന് തന്നെ ചുമതല നൽകി പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ച് ഡിജിപി ഉത്തരവിറക്കിയത്

 

ആശ്രമം കത്തിച്ചുവെന്ന് സംശയിക്കുന്ന പ്രകാശിന്റെ ആത്മഹത്യയും പ്രത്യക സംഘം അന്വേഷിക്കും.കന്റോൺമെന്റ് അസിസ്റ്റന്‍റ് കമ്മീഷണർ ദിനരാജ്, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.ആർ.ബിജു , സിഐ സുരേഷ്കുമാർ എന്നിവരും പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ട്. 

സന്ദീപാനന്ദ​ഗിരിയുടെ ആശ്രമം കത്തിച്ച സംഭവം നടന്ന് നാലര വർഷം പിന്നിടുമ്പോൾ ആണ് കേസിൽ വഴിത്തിരിവ് ഉണ്ടായത് . ആശ്രമം കത്തിച്ച സംഭവത്തിൽ തന്റെ സഹോദരന് പങ്കുണ്ടെന്ന യുവാവിന്റെ വെളിപ്പെടുത്തലാണ് തുമ്പുണ്ടാക്കിയത്. തിരുവനന്തപുരം കുണ്ടമൺകടവിലുള്ള ആശ്രമത്തിന് തീയിട്ടത് പ്രദേശവാസിയായ പ്രകാശ് എന്ന ആർഎസ്എസ് പ്രവർത്തകനും കൂട്ടുകാരും ചേർന്നാണ് എന്നാണ് വെളിപ്പെടുത്തൽ. നാലുവർഷം പിന്നിട്ടിട്ടും സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ പ്രതികളെ കണ്ടെത്താനാകാത്തത് പൊലീസിന് നാണക്കേടായിരുന്നു. ആദ്യം സിറ്റിപോലീസിന്റെ പ്രത്യേക സംഘം അന്വേഷിച്ചെങ്കിലും തുമ്പൊന്നും കിട്ടാത്തതിനെ തുടർന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. കേസ് എല്ലാവരും മറന്ന ഘട്ടത്തിലാണ് പുതിയ വെളിപ്പെടുത്തൽ പൊലീസിന് നേട്ടമാകുന്നത്.

2018 ഒക്ടോബർ 27-ന് പുലർച്ചെ കുണ്ടമൺകടവിലെ ആശ്രമത്തിലുണ്ടായ തീപ്പിടിത്തത്തിൽ രണ്ട് കാറടക്കം മൂന്ന് വാഹനങ്ങൾ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുണ്ടാവുകയും ചെയ്തിരുന്നു.  കത്തിച്ചശേഷം ആശ്രമത്തിനുമുന്നിൽ ആദരാഞ്ജലികൾ എന്നെഴുതിയ റീത്തും ആക്രമികൾ വെച്ചിരുന്നു

സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചത് ആർഎസ്എസ് പ്രവർത്തകൻ? പ്രതിയെന്ന് സംശയിക്കുന്നയാൾ ആത്മഹത്യ ചെയ്തു

Latest Videos
Follow Us:
Download App:
  • android
  • ios