തിരുവനന്തപുരം സെന്‍ട്രൽ സീറ്റ് ഘടകകക്ഷിയായ സിഎംപിക്ക് നൽകുന്നതിനെതിരെ കോണ്‍ഗ്രസിൽ അതൃപ്തി. സിപി ജോണിനെ തിരുവനന്തപുരം സെന്‍ട്രൽ മണ്ഡലത്തിൽ മത്സരിപ്പിക്കുന്നതിനെതിരെ രാജി ഭീഷണിയുമായി പത്തോളം ഡിസിസി ഭാരവാഹികള്‍ രംഗത്തെത്തി
തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രൽ സീറ്റ് ഘടകകക്ഷിയായ സിഎംപിക്ക് നൽകുന്നതിനെതിരെ കോണ്‍ഗ്രസിൽ അതൃപ്തി. സിഎംപിയുടെ സിപി ജോണിനെ തിരുവനന്തപുരം സെന്‍ട്രൽ മണ്ഡലത്തിൽ മത്സരിപ്പിക്കുന്നതിനെതിരെ രാജി ഭീഷണിയുമായി പത്തോളം ഡിസിസി ഭാരവാഹികള്‍ രംഗത്തെത്തി. ഇതുസംബന്ധിച്ച് അതൃപ്തി അറിയിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിന് കത്തയച്ചു. തിരുവനന്തപുരം സെന്‍ട്രൽ സീറ്റ് ഘടകകക്ഷിക്ക് നൽകരുതെന്നാണ് ആവശ്യം. സിപി ജോണിനെ മത്സരിപ്പിച്ചാൽ രാജി ഉറപ്പാണെന്നാണ് മുന്നറിയിപ്പ്. സീറ്റ് ഘടകകക്ഷിക്ക് നൽകിയാൽ നേമം ആവര്‍ത്തിക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നൽകുന്നു. ഘടകകക്ഷി മത്സരിച്ചാൽ അതിന്‍റെ നേട്ടം ബിജെപിക്കായിരിക്കുമെന്നും കത്തിൽ പറയുന്നു. സീറ്റ് സിഎംപിക്ക് നൽകരുതെന്ന് 12 മണ്ഡലം പ്രസിഡന്‍റുമാരും ആവശ്യപ്പെട്ടു.
വിഡി സതീശന്‍റെ പുതുയുഗയാത്രയുടെ പര്യടനം പൂര്‍ത്തിയായതോടെ സീറ്റ് വിഭജന ചര്‍ച്ച വീണ്ടും യുഡിഎഫ് തുടങ്ങാനിരിക്കെയാണ് തിരുവനന്തപുരം സെന്‍ട്രൽ സീറ്റിനെ ചൊല്ലി തര്‍ക്കം ഉടലെടുത്തിരിക്കുന്നത്. സിപി ജോണിന് തിരുവനന്തപുരം സെന്‍ട്രലാണോ തിരുവമ്പാടിയാണോയെന്ന് യുഡിഎഫിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. തിരുവനന്തപുരം സെന്‍ട്രൽ അടക്കം പരിഗണനയിലിരിക്കെയാണ് സീറ്റ് വിഭജന ചര്‍ച്ചക്കിടെ ഡിസിസി ഭാരവാഹികള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, മുസ്ലീം ലീഗിന് കഴിഞ്ഞ തവണത്തേതു പോലെ 27 സീറ്റെന്നത് നിലവിലെ ധാരണ.
എന്നാൽ, പരസ്പരം വച്ചു മാറുന്ന സീറ്റുകള്‍ ഏതൊക്കെയെന്നതിൽ തീരുമാനമാകണം. തിരുവമ്പാടി നൽകാൻ തയ്യാറുള്ള ലീഗിന് പകരം ഏതു സീറ്റെന്നതിൽ തീരുമാനമായില്ല . പട്ടാമ്പിയാണ് പരിഗണനയിലുള്ളത്. പുനലൂരും ചടയമംഗലവും ലീഗും കോണ്‍ഗ്രസും വെച്ചുമാറാമെന്ന നിര്‍ദ്ദേശത്തിലും തീരുമാനമെടുക്കണം. മട്ടന്നൂര്‍ വേണ്ടെന്ന പറഞ്ഞ ആര്‍എസ്പി അഞ്ചാം സീറ്റായി കാഞ്ഞങ്ങാട് ആവശ്യപ്പെടുന്നുണ്ട്. 3 സീറ്റെങ്കിലും ഏറ്റെടുക്കാനുള്ള നീക്കത്തിന് വഴങ്ങാത്ത കേരള കോണ്‍ഗ്രസിനോടുള്ള സീറ്റ് വിഭജന ചര്‍ച്ച അവസാനഘട്ടത്തിലേ ഉണ്ടാകു.



