കൊച്ചി: മേലുദ്യോഗസ്ഥനെതിരെ മാനസിക പീഡനമാരോപിച്ച് എഎസ്ഐ ആത്മഹത്യ ചെയ്ത സംഭവത്തില്‍ തടിയിട്ടപറമ്പ് എസ്ഐയെ സ്ഥലം മാറ്റി. ആര്‍ രാജേഷിനെയാണ് അന്വേഷണ വിധേയമായി സ്ഥലം മാറ്റിയത്. കോട്ടയം എസ്പി ഓഫീസിലേക്കാണ് മാറ്റിയത്. കോട്ടയം എസ്പി ഓഫീസിൽ റിപ്പോർട്ട്‌ ചെയ്യാനാണ് നിർദ്ദേശം. 

ആലുവ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എഎസ്ഐ ആയ പി സി ബാബുവാണ് ബുധനാഴ്ച പുലർച്ചെ വീട്ടിൽ തൂങ്ങിമരിച്ചത്. മരണത്തിന് മുൻപ് സ്റ്റേഷൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ എസ്ഐ ആ‍ർ രാജേഷിനെതിരെ മാനസിക പീഡന ആരോപണമുന്നയിച്ച ശേഷമായിരുന്നു ബാബുവിന്‍റെ ആത്മഹത്യ. ഈ സന്ദേശത്തിൽ എസ്ഐ ആർ രാജേഷ് കാരണമാണ് ജീവിതം വിട്ടുകളയുന്നതെന്നും സൂചിപ്പിച്ചിട്ടുണ്ട്. സ്റ്റേഷൻ ജോലികളുമായി ബന്ധപ്പെട്ട് ബാബു അടുത്തകാലത്തായി കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്നതായി സുഹൃത്തുക്കളും ആരോപിക്കുന്നു.

എന്നാൽ ആത്മഹത്യ ചെയ്ത ഉദ്യോഗസ്ഥൻ തുടർച്ചയായി മെഡിക്ക്ൽ ലീവ് എടുക്കുന്നതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. 2018ലും 2019ലും മൂന്ന് വട്ടം മെഡിക്കൽ ലീവ് എടുത്തതോടെ ഉദ്യോഗസ്ഥന്‍റെ ആരോഗ്യ നില മെഡിക്കൽ ബോഡിനെക്കൊണ്ട് പരിശോധിപ്പിക്കണമെന്ന് സ്റ്റേഷൻ ചുമതലയുണ്ടായിരുന്ന എസ്ഐ ഡിവൈസ്പിയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ മാസം 19നാണ് റിപ്പോർ‍ട്ട് നൽകിയത്. ഇതാകാം എസ്ഐയ്ക്കെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നിലെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി ആലുവ റൂറൽ എസ്പി അറിയിച്ചു.