ഏഷ്യാനെറ്റ് ന്യൂസ് 'അഗോറ 2026'-ന്റെ ഗംഭീരമായ ആദ്യദിനത്തിന് ശേഷം ഇന്ന് രണ്ടാം ദിനത്തിലേക്ക് കടക്കുകയാണ്. എഡ്രിയൻ വൂൾഫ്സൺ, ബാനു മുഷ്താഖ് തുടങ്ങിയ പ്രമുഖരുടെ സംവാദങ്ങളും ആഗം ബാൻഡിന്റെ ലൈവ് പെർഫോമൻസും ഇന്നത്തെ പ്രധാന ആകർഷണങ്ങളാണ്.

തിരുവനന്തപുരം: കനകക്കുന്നിനെ ആശയങ്ങളുടെയും ആഘോഷങ്ങളുടെയും വേദിയാക്കിയ ഏഷ്യാനെറ്റ് ന്യൂസ് 'അഗോറ 2026'-ൻ്റെ ആദ്യ ദിനം ഏറ്റെടുത്ത് മലയാളികൾ. ചർച്ചകൾക്കൊപ്പം മമ്മൂട്ടി ഉദ്ഘാടനം ചെയ്ത ചടങ്ങും, വർക്ക്ഷോപ്പുകളും ഒന്നാം ദിനത്തെ അവിസ്മരണീയമാക്കി. ആവേശം ഒട്ടും ചോരാതെ രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോൾ, എഡ്രിയൻ വൂൾഫ്സൺ, ബാനു മുഷ്താഖ്, ആരോഗ്യമന്ത്രി കെ മുരളീധരൻ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കുന്ന സംവാദങ്ങളും, വർക്ക്‌ഷോപ്പുകളും ഇന്ന് നടക്കും. വൈകുന്നേരം 'ആഗം' ബാൻഡിന്റെ ലൈവ് പെർഫോമൻസും അരങ്ങേറും.

ജനപങ്കാളിത്തം കൊണ്ടും ഗൗരവമുള്ള ചർച്ചകളുടെ ആഴംകൊണ്ടും ശ്രദ്ധേയമായ ഏഷ്യാനെറ്റ് ന്യൂസ് അഗോറ രണ്ടാം ദിവസത്തിലേക്ക്. സാഹിത്യവും പാചകവും രാഷ്ട്രീയവും ആരോഗ്യവും എല്ലാം നിറയുന്ന ചർച്ചകൾ ഇന്നും അറോറ വേദികളിലുണ്ട്. പുസ്തകത്തിനപ്പുറം സാഹിത്യം ചർച്ചയിൽ ആർ രാജശ്രീയും ആരുടെ രുചിക്കൂട്ട് സംവാദത്തിൽ ആബിദാ റഷീദും ഇന്ന് കനകക്കുന്നിൽ സംസാരിക്കും. കാലങ്ങൾക്കപ്പുറം മലയാള സിനിമ, അതിരുകൾ താണ്ടുന്ന മലയാള സാഹിത്യം തുടങ്ങി സംവാദ വേദികൾ അനവധിയാണ്. ജനിതക ശാസ്ത്രത്തിലെ മാറ്റങ്ങളെക്കുറിച്ച് സംസാരിക്കാൻ ജനിതക ശാസ്ത്രജ്ഞനായ ഏഡ്രിയാൻ വൂൾഫ്സൺ ആണ് അ​ഗോറ വേദിയിൽ എത്തുന്നത്. ബുക്കർ പ്രൈസ് ജേതാവ് ബാനു മുഷ്താഖിന്റെ സെഷനും ഇന്ന് അ​ഗോറയിലുണ്ട്. നിശാഗന്ധിയെ ആവേശത്തിലാക്കാൻ വൈകിട്ട് അകം ബാൻഡിന്റെ ലൈവ് പെർഫോമൻസുമുണ്ട്.