മലയാളം വാർത്താ മാധ്യമങ്ങളിൽ ഇൻസ്റ്റഗ്രാമിൽ 20 ലക്ഷം ഫോളോവേഴ്സ് എന്ന നാഴികക്കല്ല് പിന്നിട്ട് ഏഷ്യാനെറ്റ് ന്യൂസ്
തിരുവനന്തപുരം: ദൃശ്യമാധ്യമങ്ങളുടെ റേറ്റിംഗില്‍ വര്‍ഷങ്ങളായി മറ്റ് വാര്‍ത്താ ചാനലുകളേക്കാള്‍ ബഹുദൂരം മുന്നില്‍ സഞ്ചരിക്കുന്ന ഏഷ്യാനെറ്റ് ന്യൂസ്, ഡിജിറ്റല്‍ ഇടങ്ങളിലും ജൈത്രയാത്ര തുടരുന്നു. യൂ ട്യൂബില്‍ ഒരു കോടിയിലധികം സബ്സ്ക്രൈബേഴ്സെന്ന അതുല്യ നേട്ടം കൈവരിച്ചതിനു പിന്നാലെ മറ്റൊരു നാഴികകല്ലും ഏഷ്യാനെറ്റ് ന്യൂസ് പിന്നിട്ടു. പുതു തലമുറയുടെ പ്രിയപ്പെട്ട സോഷ്യല്‍ മാധ്യമ ഇടമായ ഇന്‍സ്റ്റഗ്രാമില്‍ അതിവേഗം രണ്ട് മില്യണ്‍ (20 ലക്ഷം) ഫോളോവേഴ്സ് എന്നതാണ് പുതിയ നേട്ടം. 2015 ഫെബ്രുവരിയിലാണ് ഇന്‍സ്റ്റഗ്രാമില്‍ ഏഷ്യാനെറ്റ് ന്യൂസ് പേജ് ആരംഭിക്കുന്നത്.

മലയാള വാര്‍ത്താ മാധ്യമങ്ങളില്‍ ആദ്യ ഒരു മില്യണ്‍ എന്ന നാഴികക്കല്ല് 2023 അവസാനത്തോടെ ഏഷ്യാനെറ്റ് ന്യൂസ് പിന്നിട്ടിരുന്നു. പിന്നീടുള്ള വളര്‍ച്ച ദ്രുതഗതിയിലായി. ചുരുങ്ങിയ കാലം കൊണ്ടു തന്നെ രണ്ട് മില്യണ്‍ ഫോളോവേഴ്‌സ് എന്ന ചരിത്രനേട്ടത്തിലെത്തി. ഡിജിറ്റല്‍ ലോകത്ത് വിരൽത്തുമ്പിൽ വാര്‍ത്തകളെത്തുന്ന ഫേസ്ബുക്കിലും മലയാളി തിരയുന്നത് എഷ്യാനെറ്റ് ന്യൂസിനെയാണ്. യൂ ട്യൂബില്‍ 1 കോടി 4 ലക്ഷം സബ്‌സ്‌ക്രൈബേഴ്സാണ് ഏഷ്യാനെറ്റ് ന്യൂസിനുള്ളത്. ഫേസ്ബുക്കില്‍ 64 ലക്ഷം ഫോളോവേഴ്സ്. ത്രെഡ്‌സില്‍ രണ്ടര ലക്ഷത്തിന് മുകളിലും. ഏഴര ലക്ഷത്തിനടുത്താണ് എക്സ് പ്ലാറ്റ്‌ഫോമിലെ ഫോളോവേഴ്‌സ്. മലയാള വാര്‍ത്താ മാധ്യമങ്ങളുടെ എല്ലാ സോഷ്യല്‍ മീഡിയാ ഇടങ്ങളിലും വര്‍ഷങ്ങളായി ഒന്നാമതാണ് ഏഷ്യാനെറ്റ് ന്യൂസ്.

