മൂവാറ്റുപുഴ: പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട് ബന്ധു വീടുകളിലും ദുരിതാശ്വാസക്യാമ്പുകളിലും കഴിഞ്ഞിരുന്ന പതിനൊന്നു കുടുംബങ്ങൾക്ക് ഏഷ്യാനെറ്റ് ന്യൂസ് നിർമ്മിച്ച വീടുകൾ കൈമാറി. മാസങ്ങൾക്കു ശേഷം സ്വന്തമായി വീടു ലഭിച്ചതിൻറെ സന്തോഷത്തിലാണ് ഇവരെല്ലാം.

''ഒന്നിനും പറ്റാതായിരുന്നു, ചേട്ടൻ രണ്ട് കാലിനും മേലാതെ കിടക്കുവാ, അപ്പഴാ ഈ വീട് തരണേ, എനിക്കൊന്നും പറയാൻ പറ്റണില്ല'', സംസാരിക്കുമ്പോൾ മൂവാറ്റുപുഴ സ്വദേശി പദ്മിനി വിതുമ്പി. പദ്മിനിയെ പോലെത്തന്നെയാണ് മിസ്‍രിയയും ഏലമ്മ ജോയിയുമെല്ലാം. പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർ.

കാളിയാർ പുഴയുടെ തീരത്ത് പുറമ്പോക്കിൽ താമസിച്ചിരുന്നവർക്കാണ്  മൂവാറ്റുപുഴ താലൂക്കിലെ കടവൂർ വില്ലേജിൽ പണിത ആറു വീടുകൾ ലഭിച്ചത്. ഇങ്ങനെ 11 കുടുംബങ്ങൾക്ക് ഏഷ്യാനെറ്റ് ന്യൂസ് നിർമിച്ച് നൽകിയ വീടുകളുടെ താക്കോൽദാനം ഇന്നലെ മുഖ്യമന്ത്രി നിർവഹിച്ചിരുന്നു. 

ആരക്കുഴ വില്ലേജിൽ അഞ്ചു വീടുകളാണ് പണിതീർത്തത്. വെള്ളൂർക്കുന്നം, നേര്യമംഗലം, ഏനാനെല്ലൂർ എന്നീ വില്ലേജുകളിൽ താമസിച്ചിരുന്നവർക്കാണ് ഇവിടുത്തെ വീടുകൾ അനുവദിച്ചത്. എല്ലാവരും പുറമ്പോക്കിൽ താമസിച്ചിരുന്ന പാവപ്പെട്ടവർ. ഇവർക്കാർക്കും വാസയോഗ്യമായ വീടില്ലെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയതാണ്.

ആവശ്യമുള്ള സാധനങ്ങൾ വാങ്ങി അടുത്ത ദിവസം തന്നെ പുതിയ വീട്ടിൽ താമസം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണിവരെല്ലാം.