കഴിഞ്ഞ 25 വർഷക്കാലമായി മാധ്യമപ്രവർത്തനത്തിലും വാർത്താപ്രക്ഷേപണത്തിലും ഉന്നതമായ നിലവാരം പുലർത്തിവരുന്ന ഒരു സ്ഥാപനമാണ് ഏഷ്യാനെറ്റ് ന്യൂസ്. ഞങ്ങളുടെ പ്രക്ഷേപണം തടഞ്ഞുകൊണ്ട് ഇന്നലെ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിൽ നിന്നുണ്ടായ ദൗർഭാഗ്യകരമായ നടപടി ഞങ്ങളുടെ 25 വർഷത്തെ സേവനകാലത്തിനിടയിൽ ഇതാദ്യമായിട്ടാണ്.

ഈ രാജ്യത്തെ ഏതൊരു പൗരന്മാരെയും, സ്ഥാപനങ്ങളെയും പോലെ നിയമങ്ങൾക്ക് അനുസൃതമായി മാത്രം പ്രവർത്തിച്ചു പോരുന്ന ഒരു സ്ഥാപനമാണ് ഞങ്ങളുടേത്. ബോധപൂർവം, ഒരിക്കൽ പോലും നിയമവിരുദ്ധമായി യാതൊന്നും തന്നെ ഞങ്ങൾ ഇന്നോളം ചെയ്തിട്ടില്ല. ഇനി അഥവാ എന്നെങ്കിലും എന്തെങ്കിലുമൊരു കൃത്യവിലോപം ഞങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന സാഹചര്യമുണ്ടായാൽ തന്നെ, ജനാധിപത്യത്തിന്റെ ഉത്തരവാദിത്തബോധമുള്ള നാലാം നെടുംതൂൺ എന്ന നിലയ്ക്ക്, അത് തുറന്നു സമ്മതിക്കാനും അതിന്റെ പ്രത്യാഘാതങ്ങൾ നേരിടാനുമുള്ള ആർജ്ജവവും ഞങ്ങൾക്കുണ്ട്. തികഞ്ഞ ബോധ്യത്തോടെ തന്നെ സ്വധർമ്മം അനുഷ്ഠിക്കുന്നവരാണ് ഞങ്ങൾ.

ഇന്ത്യയിൽ ആരെയും കുറ്റവാളിയെന്നോ നിരപരാധിയെന്നോ പ്രഖ്യാപിക്കുന്നതിന് മുമ്പ്, നിയമം അനുശാസിക്കുന്ന ഒരു പ്രക്രിയയിലൂടെ കടന്നു പോകാനുള്ള അവകാശം, അവർക്ക് നമ്മുടെ ജനാധിപത്യവ്യവസ്ഥയിൽ ഉണ്ട്. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം, ഞങ്ങളുടെ ചാനലിനുമേൽ 48 മണിക്കൂർ നേരത്തെ നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള നടപടി സ്വീകരിക്കും മുമ്പ് അങ്ങനെയൊരു പ്രക്രിയക്കുള്ള അവകാശം ഞങ്ങൾക്ക് നിഷേധിക്കപ്പെട്ടു എന്നത് തികച്ചും നിർഭാഗ്യകരമാണ്. ആ പ്രക്രിയ കൂടാതെ അടിച്ചേൽപ്പിക്കുന്ന ഏതൊരു നിരോധനവും സ്വാഭാവിക നീതിയുടെ ലംഘനമാണ്. അത് സമ്മർദ്ദതന്ത്രങ്ങളുടെയും പക്ഷപാതിത്വപരമായ സമീപനത്തിന്റെയും മുഖമുദ്രയാണ്.

മാധ്യമപ്രവർത്തനത്തിൽ കാൽനൂറ്റാണ്ട് പിന്നിടുന്ന ഏഷ്യാനെറ്റ് ന്യൂസിന്റെയും, ഏഷ്യാനെറ്റ് ന്യൂസ്.കോമിന്റെയും ഏഷ്യാനെറ്റ് സുവർണ ന്യൂസിന്റെയും ഒക്കെ ശക്തിയെന്നത്  പ്രേക്ഷകർ ഞങ്ങളിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസമാണ്. 'നേരോടെ, നിർഭയം, നിരന്തരം' എന്നത് ഞങ്ങളുടെ ആദർശസൂക്തം മാത്രമല്ല, ഞങ്ങളുടെ പ്രൊഫഷണൽ എത്തിക്സിന്റെയും, നിത്യം പരിപാലിച്ച് പോരുന്ന മാധ്യമധർമ്മത്തിന്റെയുമൊക്കെ അടിസ്ഥാനതത്വം കൂടിയാണ്. ഇനിയങ്ങോട്ടും അത് ഒരു വിട്ടുവീഴ്ചയും കൂടാതെ ഉയർത്തിപ്പിടിക്കുക തന്നെ ചെയ്യുമെന്ന് ഞങ്ങൾ പ്രേക്ഷകർക്ക് ഒരിക്കൽ കൂടി വാക്കുതരുന്നു.

നമ്മുടെ ഭരണഘടനയുടെ 'ആർട്ടിക്കിൾ 19' നമുക്കെല്ലാവർക്കും തന്നെ അഭിപ്രായസ്വാതന്ത്ര്യം അനുവദിച്ചുതരുന്നുണ്ട്. സ്വതന്ത്രവും, സ്വച്ഛന്ദവുമായി പ്രവർത്തിക്കുന്ന മാധ്യമങ്ങളാണ് ജനാധിപത്യത്തിന്റെ അസ്തിവാരമുറപ്പിക്കുന്നത്. ഈ സ്വാതന്ത്ര്യത്തെ അട്ടിമറിക്കാനുള്ള അന്യായമായ ഏതൊരു നീക്കവും നമ്മുടെ ജനാധിപത്യവും ഭരണഘടനയും വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങളുടെയും അടിസ്ഥാനമൂല്യങ്ങളുടെയും  അടിത്തറ ഇളക്കുന്നതാകും.

ഈ നടപടി ഒരു തെറ്റിദ്ധാരണാപ്പുറത്തുണ്ടായതാണെന്നും, ഇത് സംബന്ധിച്ച് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് വന്നിരിക്കാൻ സാധ്യതയുള്ള ഏതൊരു പിഴവും പരിഹരിക്കാൻ വേണ്ടത് ഉടനടി ചെയ്യും എന്നുമുള്ള മന്ത്രി പ്രകാശ് ജാവദേക്കറുടെ പ്രസ്താവന ആശാവഹമാണ്. കേന്ദ്ര സർക്കാർ മാധ്യമസ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്ന ഒന്നാണ് എന്നുറപ്പിച്ചുപറഞ്ഞ അദ്ദേഹം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇക്കാര്യത്തിൽ തന്റെ ആശങ്കകൾ പങ്കുവെച്ചിരുന്നു എന്നറിയിക്കയുണ്ടായി.

ഞങ്ങൾ ഈ പ്രതിസന്ധിയെ അതിജീവിക്കുന്ന ഈ ക്ലേശകരമായ അവസ്ഥയിലും ഞങ്ങളോടൊപ്പം അടിയുറച്ച വിശ്വാസത്തോടെ തുടരുന്ന ഞങ്ങളുടെ പ്രേക്ഷരുടെ പിന്തുണയ്ക്ക്  ഈ അവസരത്തിൽ ഞങ്ങൾ അകൈതവമായ നന്ദി അറിയിച്ചു കൊള്ളുന്നു.
ഭാവിയിലും ഞങ്ങളുടെ ഉത്തരവാദിത്തങ്ങൾ ഏറ്റവും നീതിയുക്തമായി, കൃത്യമായി, സത്യസന്ധമായി, ഇന്നാട്ടിലെ നിയമങ്ങൾക്ക് അനുസൃതമായിത്തന്നെ നിറവേറ്റുമെന്ന വാഗ്ദാനം ഇത്തരുണത്തിൽ പ്രേക്ഷകരോടും, ഗവണ്മെന്റിനോടും ഒരിക്കൽ കൂടി അടിവരയിട്ടുറപ്പിച്ചുകൊണ്ട്,

എംജി രാധാകൃഷ്ണൻ,
എഡിറ്റർ,
ഏഷ്യാനെറ്റ് ന്യൂസ്.